നിത്യസാധനങ്ങൾക്ക് പുതുദൃശ്യഭാഷ ഒരുക്കി ചിത്ര പ്രദർശനം
Mail This Article
കൊല്ലം ∙ പ്രമുഖ ശിൽപിയും ഇൻസ്റ്റലേഷൻ കലാകാരനുമായ ടെൻസിങ് ജോസഫിന്റെ നൂറോളം ചിത്രങ്ങളുടെ പ്രദർശനത്തിനു കൊല്ലം 8 പോയിന്റ് ആർട് കഫേയിൽ തുടക്കമായി. 'ബിറ്റ്‌വീൻ ഒബ്ജക്ട്സ് ആൻഡ് മൈ സെൽഫ്' എന്ന പ്രദർശനം കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. കലാ നിരൂപകൻ എം. രാമചന്ദ്രൻ ചിത്രകാരനെ പരിചയപ്പെടുത്തി. കൊച്ചിയിൽ പുതുതായി ആരംഭിക്കുന്ന കുൻസ്റ്റ് ഗാലറിയാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. ഒരുമാസം നീണ്ടുനിൽക്കുന്ന പ്രദർശനത്തിൽ കലാസാംസ്കാരിക സംവാദങ്ങൾ, പ്രസന്റേഷനുകൾ,സംഗീത പരിപാടികൾ എന്നിവ ഉണ്ടാകുമെന്ന് കുൻസ്റ്റ് ഗാലറി സെക്രട്ടറി താഹ മുഹമ്മദ് അറിയിച്ചു.
സമകാലീന സമൂഹത്തിന്റെ ഭൗതിക സംസ്കാരത്തെക്കുറിച്ചുള്ള ആശയം ദൃശ്യ കലയിലൂടെ സൃഷ്ടിച്ചതാണ് ഓരോ ചിത്രവും. നിരന്തരം കാണുന്ന വസ്തുക്കളെ പുതിയ ദൃശ്യഭാഷയിലൂടെ പുനർസൃഷ്ടിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നു. പലചരക്ക് സാധനങ്ങൾ, ക്ലീനിങ് ബ്രഷുകൾ, സസ്യങ്ങൾ, മത്സ്യം, പൂച്ചകൾ തുടങ്ങിയവയെ വ്യത്യസ്തമായി ആവിഷ്കരിക്കുന്ന ചിത്രങ്ങൾ. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെൻസിങ് ജോസഫ് ഇപ്പോൾ കേരള യൂണിവേഴ്സിറ്റിയുടെ മാവേലിക്കരയിലുള്ള രാജാരവിവർമ സെന്റർ ഓഫ് എക്സലൻസ് ഫോർ വിഷ്വൽ ആർട്സിന്റെ ഓണററി ഡയറക്ടറാണ്. കേരളത്തിലെ വിവിധ ഫൈനാർട്സ് കോളജുകളിൽ പ്രിൻസിപ്പലായി പ്രവർത്തിച്ചിട്ടുണ്ട്.