ADVERTISEMENT

കൊല്ലം ∙ നാലുവർഷം മുൻപ് കോർപറേഷൻ ആഘോഷമായി തുടങ്ങിയ തിരുമുല്ലവാരത്തെ കുട്ടികളുടെ പാർക്കിൽ ഇപ്പോൾ കളി സാധനങ്ങളൊന്നുമില്ല. അവധി ദിവസങ്ങളിൽ കുട്ടികളുൾപ്പെടെ ഒട്ടേറെ സഞ്ചാരികളെത്തുന്ന പാർക്ക് കോർപറേഷൻ കയ്യൊഴിഞ്ഞ മട്ടാണ്.ദിവസങ്ങൾക്കു മുൻപ് വരെ ഉപകരണങ്ങളിൽ തുരുമ്പുള്ളതിനാൽ ആരും കയറരുത് എന്ന ബോർഡും ഉണ്ടായിരുന്നു. എന്നാൽ ഫ്ലെക്സ് ബോർഡുകൾ നീക്കം ചെയ്യുന്നതിന്റെ ഭാഗമായി അതും കോർപറേഷൻ എടുത്തുമാറ്റി. പാർക്കിൽ ഇപ്പോഴുള്ളത് തെരുവുനായ്ക്കളും ഉദ്ഘാടനത്തോടനുബന്ധിച്ച് സ്ഥാപിച്ച ഫലകവും മാത്രമാണ്. പ്രദേശത്തെ തെരുവുവിളക്കുകളും തെളിയാതായിട്ട് മാസങ്ങളായി. പാർക്കിനുള്ളിലെ ഒരു ലൈറ്റ് മാത്രമാണ് പ്രദേശത്തെ ഏക വെളിച്ചം.

തിരുമുല്ലവാരം ബീച്ചിലെ പ്രവർത്തനം നിലച്ച ഹൈമാസ്റ്റ് ലൈറ്റ്.
തിരുമുല്ലവാരം ബീച്ചിലെ പ്രവർത്തനം നിലച്ച ഹൈമാസ്റ്റ് ലൈറ്റ്.

കഴിഞ്ഞ കർക്കടകവാവ് ബലിയോടനുബന്ധിച്ച് പ്രദേശത്തെ ഗാന്ധിപ്രതിമയോടു ചേർന്നുള്ള ഹൈമാസ്റ്റ് ലൈറ്റ് പോസ്റ്റിന്റെ മുകളിൽ നിന്ന് പകുതി വരെ താഴെയിറക്കി പ്രകാശിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ ബൾബുകൾ മാത്രം അവശേഷിക്കുന്നതോടെ ഗാന്ധിപ്രതിമയും ഇരുട്ടിലാണ്. ‘ഇവിടെ സ്ഥിതി ചെയ്തിരുന്ന പാർക്ക് അപ്രത്യക്ഷമായിട്ട് ഏതാണ്ട് ആറു മാസത്തോളമായി. 2023 ൽ പാർക്കിന്റെ പുനർനിർമാണത്തിനായി അനുവദിച്ച 8 ലക്ഷം രൂപയും കാണാനില്ല, കണ്ടവരുണ്ടോ?’ എന്നു കാണിച്ചു കോൺഗ്രസ് പ്രവർത്തകർ ഇവിടെ സ്ഥാപിച്ചിരുന്ന ബോർഡും ഇപ്പോൾ കാണാതായി. 

 നൂറുകണക്കിനാളുകളാണ് ബീച്ചിൽ ദിവസവുമെത്തുന്നത്. ബീച്ചിൽ ഇറങ്ങിയ ശേഷം അവർക്കൊന്നു വിശ്രമിക്കാനുള്ള സൗകര്യമോ, പ്രായമായവർക്കും അംഗപരിമിതർക്കും ഇരിക്കാൻ ഒരു ബെഞ്ചോ ഇവിടെയില്ല.

 സന്ധ്യയാകുമ്പോഴേ ഇവിടം ഇരുട്ടിലാകും. അതിന്റെ മറവിൽ ഇവിടെ ലഹരിക്കച്ചവടങ്ങളാണ് നടത്തുന്നത്. പാർക്ക് സജീവമായി പ്രവർത്തിക്കുകയാണെങ്കിൽ ഇവിടെ വികസനം വരും. ഇപ്പോൾ ഇവിടെ വരാൻ തന്നെ ഭയമാണ്.

ഉപ്പുകാറ്റുള്ള ഇവിടെ ഇരുമ്പിന്റെ കളിക്കോപ്പുകൾ കൊണ്ടുവച്ച് തുരുമ്പായതോടെ അവ മാറ്റി. എന്നാൽ അവ മാറ്റിസ്ഥാപിച്ചില്ല. ലക്ഷങ്ങൾ ചെലവിട്ട് ബീച്ചും പാർക്കും വിനോദസഞ്ചാര കേന്ദ്രമാക്കുമെന്നൊക്കെ പറയുന്നുണ്ടെങ്കിലും ഓരോ വർഷം പിന്നിടുമ്പോഴും എല്ലാം നശിക്കുകയാണ്. 

English Summary:

Abandoned Thirumullavaram Children's Park highlights the negligence of local authorities. The once vibrant park now lacks basic play equipment, posing a safety risk to children and visitors.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com