ദാഹിച്ചു മരിക്കാതിരിക്കാൻ കുടിനീരിനായി അക്കരെപ്പോയി; സന്ധ്യയുടെ മരണത്തിൽ ഞെട്ടി പുത്തൻതുരുത്ത് നിവാസികൾ
Mail This Article
കൊല്ലം ∙ ദാഹിച്ചു മരിക്കാതിരിക്കാൻ കുടിനീരിനായി അക്കരെപ്പോയ സന്ധ്യയുടെ മരണവാർത്തയുടെ നടുക്കം വിട്ടുമാറാതെ മീനത്തുചേരി പുത്തൻതുരുത്ത് നിവാസികൾ. ശാസ്താംകോട്ടയിൽ നിന്ന് കൊല്ലത്തേക്ക് വെള്ളം എത്തിക്കുന്ന ശുദ്ധജല പൈപ്‌ലൈൻ കഴിഞ്ഞ ആഴ്ച ചവറ പാലത്തിന് സമീപം തകർന്നതിന്റെ ഭാഗമായി ഉണ്ടായ കുടിവെള്ള ദൗർബല്യം ഒരു ജീവൻ എടുത്തതിന്റെ ഞെട്ടലിലാണ് ഇവർ.
പൈപ്‌ലൈൻ പൊട്ടിയതിനാൽ കഴിഞ്ഞ ഒരാഴ്ചയായി മേഖലയിലെ ജലവിതരണം നിലച്ചിരുന്നു. കോർപറേഷന്റെ പല മേഖലകളിലേക്കും ടാങ്കറിൽ വെള്ളം എത്തിക്കുന്നുണ്ടെങ്കിലും തുരുത്തിലേക്കു വെള്ളം എത്തിക്കാൻ സാധിക്കാതായതോടെയാണ് കടവുകളിൽ ചെന്ന് ചെറുവള്ളങ്ങളിൽ നിന്ന് വെള്ളം ശേഖരിക്കേണ്ടി വരുന്നത്. ചുരുങ്ങിയ അളവിൽ പാലമൂട്ട് കടവിന്റെ സമീപത്തായി പ്രവർത്തിക്കുന്ന ഐസ് പ്ലാന്റ് കമ്പനികൾ നൽകുന്ന വെള്ളവും ഇവിടേക്ക് എത്തുന്ന കോർപറേഷന്റെ കുടിവെള്ളവുമാണ് തുരുത്തിലുള്ളവരുടെ ഇപ്പോഴത്തെ ആശ്രയം. മകനോടൊപ്പം മത്സ്യബന്ധനത്തിനായി വല വിരിച്ച ശേഷം കടവിൽ നിന്ന് വെള്ളം എടുത്തു മടങ്ങുമ്പോഴാണ് ഇന്നലെ അപകടം ഉണ്ടായത്.
വെള്ളമില്ലാതെ ഒരാഴ്ച
ചുറ്റും വെള്ളം നിറഞ്ഞുകിടക്കുന്ന തുരുത്തുകാർ ഒരാഴ്ചയിലധികമായി ദാഹമകറ്റാൻ വെമ്പൽ കൊള്ളുകയാണ്. പ്രാഥമിക ആവശ്യങ്ങൾക്കു പോലും വെള്ളം കിട്ടാത്തതിനാൽ വള്ളങ്ങളിൽ പാത്രങ്ങളും ടാങ്കുകളും നിറച്ച് അക്കരെ പോയാണ് കുടിവെള്ളം ശേഖരിക്കുന്നത്. കിണറും കുഴൽകിണറുമുണ്ടെങ്കിലും അതിൽ ഓരുവെള്ളമായതിനാൽ തുരുത്തു നിവാസികളുടെ കുടിവെള്ളക്ഷാമത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. 8 തുരുത്തുകൾ ചേർന്നതാണ് മീനത്തുചേരി. ഇതിൽ പുത്തൻതുരുത്ത്, ചീക്കൻതുരുത്ത്, അള്ളപ്പൻതുരുത്ത്, കണക്കൻ തുരുത്തുകളിലെ അഞ്ഞൂറോളം കുടുംബങ്ങളിൽ കുടിവെള്ളം നേരിട്ടെത്തിക്കാനാകില്ല.
വീടുകളിൽ നിന്ന് അവർ കടവിലെത്തി, കടത്തുവള്ളത്തിൽ നിന്ന് വെള്ളം നിറച്ച മറ്റൊരു വള്ളത്തിനടുത്തെത്തി വെള്ളം വാങ്ങുകയാണ് ഇവർ ചെയ്യുന്നത്. എന്നാൽ സെന്റ് ജോർജ്, സെന്റ് തോമസ്, ഫാത്തിമ, പഞ്ചായത്ത് തുരുത്തുകളിൽ ഒരു വശത്ത് വള്ളങ്ങളിൽ നേരിട്ട് വെള്ളം എത്തിച്ചു നൽകാനാകും. ഇവിടങ്ങളിൽ മാത്രമാണ് പ്രത്യേക വള്ളങ്ങളിൽ വെള്ളം ഇതുവരെ എത്തിക്കാനായത്. പൈപ്പ് ലൈൻ പൊട്ടിയിട്ടില്ലായിരുന്നെങ്കിൽ കുടിവെള്ളത്തിന് ബുദ്ധിമുട്ട് ഉണ്ടാവാത്ത മേഖലയാണ് പുത്തൻതുരുത്തിലെ സന്ധ്യയും കുടുംബവും താമസിക്കുന്ന ഭാഗം.
ഒരു കുടുംബത്തിന് 10 ലീറ്റർ
ആയിരത്തിയഞ്ഞൂറോളം കുടുംബങ്ങളുള്ള മീനത്തുചേരി ഡിവിഷനിൽ പ്രദേശവാസികളുടെ ദാഹം അകറ്റാൻ മാത്രം കുറഞ്ഞത് ഒരു ലക്ഷം ലീറ്റർ വെള്ളം വേണം. എന്നാൽ കോർപറേഷൻ അനുവദിച്ചിരിക്കുന്നത് വെറും 15,000 ലീറ്റർ വെള്ളം മാത്രമാണെന്ന് ഡിവിഷൻ കൗൺസിലർ ദീപു ഗംഗാധരൻ പറഞ്ഞു. അതായത് ഒരു കുടുംബത്തിന് ഏകദേശം 10 ലീറ്റർ. ഇതുകൊണ്ട് വേണം കുടിക്കാനും പാചകം ചെയ്യാനും പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാനും. തുരുത്തുകളിലധികവും സിന്ധുവിനെപ്പോലെയുള്ള മത്സ്യത്തൊഴിലാളികളാണ്. ഒട്ടേറെ പാത്രങ്ങളും കന്നാസുകളും ടാങ്കുകളും വയ്ക്കേണ്ടതിനാൽ വള്ളത്തിനും വള്ളക്കാർക്കാർക്കുമായി നല്ല തുകയാകും. ഒരാഴ്ചയിലധികമായി ഏകദേശം പതിനായിരം രൂപയാണ് നാട്ടുകാർ ഇതിനായി ചെലവഴിച്ചത്. കോർപറേഷനിൽ നിന്ന് ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും മറുപടിയൊന്നും ലഭിച്ചില്ലെന്നും പരാതിയുണ്ട്.
വെള്ളം ശേഖരിക്കാനും കടത്തുവെള്ളം
അഞ്ഞൂറോളം കുടുംബങ്ങളുള്ള തുരുത്തുകൾക്കായി ആകെ 4 കടത്തുവള്ളങ്ങളാണുണ്ടായിരുന്നത്. എന്നാൽ കുടിവെള്ളം മുടങ്ങിയതോടെ 4 വള്ളങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് ആളെ കയറ്റുന്നത്. കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാൻ വൈകിയാൽ വെള്ളത്തിനായി ആകെയുള്ള 2 യാത്രാ വള്ളങ്ങൾ കൂടി ഇവർക്ക് വെള്ളം ശേഖരിക്കാൻ മാത്രമായി ഉപയോഗിക്കേണ്ടി വരും. ചവറയിലെ പ്രവൃത്തികൾ എത്രയും പെട്ടെന്നു പൂർത്തീകരിച്ചു കുടിവെള്ള വിതരണം പൂർവ സ്ഥിതിയിലാക്കാൻ നടപടി അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
കുടിവെള്ളം ശേഖരിച്ചു മടങ്ങിയ സ്ത്രീ വള്ളം മറിഞ്ഞ് മരിച്ചു
കൊല്ലം ∙ മകനോടൊപ്പം കുടിവെള്ളം ശേഖരിച്ചു മടങ്ങി വരികയായിരുന്ന സ്ത്രീ വള്ളം മറിഞ്ഞ് അഷ്ടമുടിക്കായലിൽ വീണു മരിച്ചു. നീണ്ടകര സ്വദേശി മീനത്തുചേരി പുത്തൻ തുരുത്തിൽ (വക്കീൽ തുരുത്ത്) താമസിക്കുന്ന മണക്കാട് പുതുവൽ സന്ധ്യ (41) ആണ് മരിച്ചത്. ഇന്നലെ രാവിലെ 8ന് മകൻ എബിയോടൊപ്പം ചെറുവള്ളത്തിൽ മത്സ്യബന്ധനത്തിനായി വല വിരിച്ച ശേഷം പാലമൂട്ട് കടവിൽ വന്നു വെള്ളം ശേഖരിച്ചു മടങ്ങുമ്പോഴാണ് സംഭവം. ഇരുവരും സഞ്ചരിച്ചിരുന്ന ചെറുവള്ളം സമീപത്ത് നിർത്തിയിട്ടിരുന്ന മത്സ്യബന്ധന ബോട്ടിൽ തട്ടി മറിയുകയായിരുന്നു. മകൻ എബിക്കു ചെറുവള്ളത്തിൽ പിടികിട്ടിയതിനാൽ രക്ഷപ്പെടാൻ സാധിച്ചു. സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും സന്ധ്യ മരിച്ചു.
ശാസ്താംകോട്ടയിൽ നിന്നു കൊല്ലത്തേക്ക് വെള്ളം എത്തിക്കുന്ന ശുദ്ധജല പൈപ്‌ലൈൻ കഴിഞ്ഞ ആഴ്ച ചവറ പാലത്തിനു സമീപം തകർന്നതിനെ തുടർന്നു കോർപറേഷൻ മേഖലയിലാകെ കുടിവെള്ള ക്ഷാമം രൂക്ഷമാവുകയും സിന്ധു താമസിക്കുന്ന പുത്തൻ തുരുത്തിലടക്കം ഗുരുതരമായ കുടിവെള്ള പ്രശ്നം അനുഭവപ്പെടുകയും ചെയ്തിരുന്നു. പല മേഖലകളിലേക്കും ടാങ്കറിൽ വെള്ളം എത്തിക്കുന്നുണ്ടെങ്കിലും തുരുത്തിലേക്ക് വെള്ളം എത്തിക്കാൻ സാധിക്കാതായതോടെ പാലമൂട്ട് കടവിൽ ചെന്ന് വെള്ളം ശേഖരിച്ചു മടങ്ങുമ്പോഴാണ് അപകടം. സന്ധ്യയും കുടുംബവും മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ജോലികളാണു ചെയ്തിരുന്നത്. ഭർത്താവ്: സെബാസ്റ്റ്യൻ. മകൾ: സ്റ്റെനി. സംസ്കാരം ഇന്നു രാവിലെ 11ന് മുക്കാട് തിരുകുടുംബം പള്ളിയിൽ.