നിലമേലിൽ കാറും കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ചു: 5 പേർക്കു പരുക്ക്
Mail This Article
നിലമേൽ∙ എംസി റോഡിൽ പുതുശ്ശേരിയിൽ കാറും കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ചു 5 പേർക്കു പരുക്കേറ്റു. കാർ യാത്രക്കാരും അഞ്ചൽ സ്വദേശികളായ വടക്കഴികത്ത് വീട്ടിൽ ശിൽപ (34) വർഷ (24) അദ്‌വിക് (ആറു മാസം) കാർ ഡ്രൈവർ ഹബീബ് (32) ഓട്ടോ ഡ്രൈവർ പ്രിൻസ് (29) എന്നിവർക്കാണ് പരുക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയ്ക്കായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്നു വാടകയ്ക്കെടുത്ത കാറിൽ അഞ്ചലിലേക്കു വരുമ്പോഴാണ് തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി ബസും ഓട്ടോയുമായി കാർ കൂട്ടിയിടിച്ചത്.
ശിൽപയുടെ നില ഗുരുതരമാണ്. കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ച ഇവരെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ നിയന്ത്രണം വിട്ട് ബസിൽ ഇടിച്ചതാണെന്നു പറയുന്നു. ചടയമംഗലം പൊലീസ് സ്ഥലത്ത് എത്തി. നാട്ടുകാർ കാറിൽ കുടുങ്ങിയവരെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു. എംസി റോഡിൽ ചടയമംഗലം നെട്ടേത്തറയിലും കാറുകൾ കൂട്ടിയിടിച്ചു ആറു പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.