നാടിന്റെ തേങ്ങലായി അക്സ റെജി യാത്രയായി; ദുരൂഹത ആരോപിച്ച് പിതാവും ബന്ധുക്കളും
Mail This Article
പത്തനാപുരം ∙ തൊടുപുഴ അരുവിക്കുത്ത് വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ടു മരിച്ച നിലയിൽ കണ്ടെത്തിയ പറങ്കിമാംമുകൾ മഞ്ഞക്കാല പള്ളിത്തെക്കേതിൽ അക്സ റെജിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് പിതാവും ബന്ധുക്കളും രംഗത്ത്. ഒഴുക്കില്ലാത്ത ഭാഗത്താണ് അക്സയുടെ മൃതദേഹം കിടന്നിരുന്നത്. ഇവിടേക്ക് മൃതദേഹം എങ്ങനെ ഒഴുകിയെത്തിയെന്നതാണ് ബന്ധുക്കളുടെ പ്രധാന സംശയം.
ചെറിയ തോട്ടിൽ പോലും ഇറങ്ങാൻ പേടിയുള്ള അക്സ റെജി ഇത്രയും കുത്തൊഴുക്കുള്ള വെള്ളത്തിൽ ഇറങ്ങിയെന്നത് വിശ്വസിക്കാൻ കഴിയില്ല. കൂട്ടുകാരും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. വിഷയത്തിൽ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്ന് അക്സയുടെ പിതാവ് റെജി പറഞ്ഞു. പഠനത്തിൽ മാത്രമല്ല, കോളജിലെ മറ്റു പരിപാടികളിലും മറ്റും കുട്ടികളെ മുന്നിൽ നിന്നു നയിച്ചിരുന്നതും അക്സയാണ്. സുഹൃത്തുക്കൾക്കടിയിലും, നാട്ടിലും സ്വീകാര്യയായിരുന്നു. സത്യം അറിയും വരെ നിയമ പോരാട്ടം തുടരുമെന്നും റെജി പറഞ്ഞു.
വിട പറയാനാകാതെ..
പത്തനാപുരം ∙ നാടിന്റെ തേങ്ങലായി അക്സ റെജി യാത്രയായി. തൊടുപുഴ അരുവിക്കുത്ത് വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട് മരിച്ച നിലയിൽ കണ്ടെത്തിയ അക്സ നാട്ടിൽ എല്ലാവരുടെയും പ്രിയങ്കരിയായിരുന്നു. ചെറുപ്പം മുതലേ പഠിക്കാനും പള്ളിയിലെ കലാ പരിപാടികളിലും സജീവമായിരുന്ന അക്സ വലിയൊരു സുഹൃദ് വലയത്തിലാണ് ജീവിച്ചത്. പ്രിയപ്പെട്ടവർക്ക് അക്സയുടെ വിട പറയൽ വിശ്വസിക്കാനാകുന്നില്ല. രാവിലെ 8ന് വീട്ടിലെത്തിച്ച മൃതദേഹം ശുശ്രൂഷകൾക്ക് ശേഷം 12ന് മഞ്ഞക്കാല ടിപിഎം സെമിത്തേരിയിൽ സംസ്കരിച്ചു. ആദരാഞ്ജലി അർപ്പിക്കുന്നതിനായി നൂറു കണക്കിനാളുകളാണ് വീട്ടിലെത്തിയത്.