ലാളിച്ചു തീരും മുൻപേ തിരകൾ തട്ടിയെടുത്തു; ഓർമയിൽ തേങ്ങലായി ആദിത്യൻ
Mail This Article
കരുനാഗപ്പള്ളി ∙ 20 വർഷം മുൻപ് പകൽ സമയം തന്റെ കയ്യിൽ നിന്നു സൂനാമി തിരകൾ തട്ടി എടുത്തു കൊണ്ടു പോയ രണ്ടര വയസ്സുകാരനെ ഓർത്ത് ആ അമ്മ സ്മൃതി മണ്ഡപത്തിലെത്തി പുഷ്പാർപ്പണം നടത്തി. ഇപ്പോൾ ക്ലാപ്പന പാടത്തിൽ കടവിലുള്ള സൂനാമി ടൗൺഷിപ്പിൽ താമസിക്കുന്ന അഴീക്കൽ കൊച്ചുപറമ്പിൽ പൂമണിയാണ് (54) ലാളിച്ചു തീരും മുൻപേ സൂനാമി തിരകൾ തട്ടിയെടുത്ത മകൻ രണ്ടര വയസുകാരൻ ആദിത്യനും, ഭർത്താവിന്റെ പിതാവ് യശോധരനും മറ്റുള്ളവർക്കും വേണ്ടി പുഷ്പാർച്ചന നടത്താൻ എത്തിയത്.
ഇന്നും നടുക്കത്തോടെയാണ് 2004 ഡിസംബർ 26 പകൽ 12.55ന് ആഞ്ഞടിച്ച രാക്ഷസ തിരമാലകളെ ഓർക്കുന്നത്. ഇപ്പോഴത്തെ അഴീക്കൽ സൂനാമി സ്മൃതി മണ്ഡപം നിൽക്കുന്നതിന് കിഴക്കു ഭാഗത്താണ് ഇവർ താമസിച്ചിരുന്നത്. അന്ന് ഉച്ചയോടെ കുഞ്ഞുമായി വീടിന് പടിഞ്ഞാറു ഭാഗത്ത് നിൽക്കുമ്പോഴാണ് കൂറ്റൻതിരകൾ വരുന്നതും സമീപത്തെ വീടുകളൊക്കെ നിലംപരിശാക്കുന്നതും കാണുന്നത്. വീട്ടിലേക്ക് ഓടുന്നതിനിടയിൽ കയ്യിലിരുന്ന കുഞ്ഞ് തിരയിൽ പെട്ട് കയ്യിൽ നിന്നു പോയി.
കുഞ്ഞിന്റെ കരച്ചിൽ ഇപ്പോഴും കാതിൽ മുഴങ്ങുന്നെന്നു പൂമണി. കുഞ്ഞിനെ തപ്പി വെള്ളത്തിലൂടെ ഒഴുകി പോകുന്നതിനിടയിൽ എവിടെയോ വച്ച് മുള്ളുമുരുക്കിന്റെ ശിഖരങ്ങൾക്കിടയിൽ തല കുടുങ്ങി നിന്നു. ഓർമ ഇല്ലാതെ കിടക്കുമ്പോൾ ആരൊക്കെയോ എത്തി രക്ഷപ്പെടുത്തുകയായിരുന്നു. ആഴ്ചകളോളം ആശുപത്രിയിൽ ചികിത്സ തേടി. മൂത്ത മകൻ അഖിലിനെയും ഭർതൃമാതാവ് തങ്കമ്മയമ്മയെയും സമീപത്തുള്ളവർ രക്ഷപ്പെടുത്തുകയായിരുന്നു. ഇപ്പോൾ ഭർത്താവ് ഉണ്ണിയും, മൂത്ത മകൻ അഖിലും, അമ്മായിയമ്മ തങ്കമ്മയമ്മയുമായി (94) ക്ലാപ്പന പാട്ടത്തിൽകടവിലുള്ള സൂനാമി ടൗൺഷിപ്പിൽ താമസിക്കുകയാണ്.