പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു, പ്രതിഷേധം
Mail This Article
പുനലൂർ ∙ജപ്പാൻ പദ്ധതിയിൽ നിന്നു ജില്ലയിലെ വിവിധ പഞ്ചായത്ത് പ്രദേശങ്ങളിലേക്ക് ശുദ്ധജലം എത്തിക്കുന്ന കൂറ്റൻ പൈപ്പിൽ ഉണ്ടായ ചോർച്ചയെ തുടർന്ന് ആയിരക്കണക്കിന് ലീറ്റർ ശുദ്ധജലം പാഴാകുന്നു. പുനലൂർ –അടുക്കള മൂല –വെഞ്ചേമ്പ് റോഡിൽ മാത്ര ഭാഗത്താണ് പതിവായി പൈപ്പിൽ ചോർച്ച ഉണ്ടാകുന്നത്. നേരത്തെ ഈ ഭാഗത്തുനിന്ന് അര കിലോമീറ്റർ അകലെയും പതിവായി പൈപ്പ് ചോർച്ചയുണ്ടായിരുന്നു. 13 വർഷം മുൻപാണ് പദ്ധതി നിർമാണം പൂർത്തിയാക്കി ജലവിതരണം ആരംഭിച്ചത്. ഈ പാതയിൽ പല ഭാഗങ്ങളിലും ചെറുതും വലുതുമായ ചോർച്ച പലപ്പോഴും ഉണ്ടായിട്ടുണ്ട്. കൊല്ലം കോർപറേഷനും പുനലൂർ, പരവൂർ നഗരസഭകളും അടക്കം പതിനഞ്ചോളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രദേശത്താണ് പദ്ധതിയിൽ നിന്നു ശുദ്ധജലം എത്തിക്കുന്നത്. പുനലൂർ തൊളിക്കോട്ട് കല്ലടയാറ്റിൽ നിന്നു പമ്പ് ഹൗസ് വഴി ശേഖരിക്കുന്ന വെള്ളം ഒന്നര കിലോമീറ്റർ അകലെ പനംകുറ്റിമലയിലെ ശുദ്ധീകരണ ശാലയിൽ എത്തിച്ച ശേഷം ഇവിടെ നിന്നാണ് 14 ടാങ്കുകളിലേക്കും എത്തിക്കുന്നത്.