ADVERTISEMENT

കൊല്ലം ∙ അഷ്ടമുടി കായലിന്റെയും അനുബന്ധ പ്രദേശങ്ങളിലെയും വിനോദസഞ്ചാര വികസനത്തിനായി 59.71 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര ടൂറിസം വകുപ്പിന്റെ അനുമതി. ബയോഡൈവേഴ്സിറ്റി ആൻഡ് ഇക്കോ-റിക്രിയേഷൻ ക്ലബ്ബിന് സംസ്ഥാനങ്ങളുടെ മൂലധന നിക്ഷേപത്തിനുള്ള പ്രത്യേക ധനസഹായത്തിൽ ഉൾപ്പെടുത്തി 59.71 കോടി രൂപ അനുവദിച്ചുവെന്ന് ടൂറിസം മന്ത്രി സുരേഷ് ഗോപി, എൻ.കെ.പ്രേമചന്ദ്രൻ എംപിയെ അറിയിച്ചു.

പദ്ധതിയുടെ നിർവഹണ ചുമതല പൂർണമായും സംസ്ഥാന സർക്കാരിനാണ്. കേന്ദ്ര സർക്കാർ നൽകിയിട്ടുള്ള നിബന്ധനകൾ പ്രകാരം പദ്ധതി നടപ്പാക്കാനാണ് നിർദേശിച്ചിട്ടുള്ളത്. പദ്ധതിക്ക് ആവശ്യമായ ഭൂമി സംസ്ഥാന സർക്കാർ കണ്ടെത്തി നൽകണം. സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ പദ്ധതി പ്രകാരമുള്ള ഒരു തുകയും ചെലവഴിക്കാൻ പാടില്ല.  പദ്ധതിക്കാവശ്യമായ പരിസ്ഥിതി,  മലിനീകരണ നിയന്ത്രണം, ആർക്കിയോളജിക്കൽ സർവേ  ഉൾപ്പെടെ വിവിധ ഏജൻസികളിൽ നിന്നുളള  അനുമതിയും  സംസ്ഥാന സർക്കാർ നേടണം. 

2 വർഷത്തിനുളളിൽ പദ്ധതി പൂർത്തീകരിക്കാനാണ് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിട്ടുള്ളത്.  2026 മാർച്ച് 31 വരെ മാത്രമേ പദ്ധതിക്കാവശ്യമായ തുക കേന്ദ്ര സർക്കാർ അനുവദിക്കുകയുള്ളു. പദ്ധതിയുടെ സമയബന്ധിതമായ നടത്തിപ്പിനായും  നിരീക്ഷണത്തിനായും സംസ്ഥാന സർക്കാർ പ്രത്യേക സംവിധാനം ഏർപ്പെടുത്തണം.

പദ്ധതിയുടെ ശരിയായ നടത്തിപ്പിനായി എസ്എഎസ്‌സിഐ (സ്പെഷൽ അസിസ്റ്റന്റ്സ് ടു സ്റ്റേറ്റ്സ് ഫോർ ക്യാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ്) പ്രത്യേക നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുമെന്നും കേന്ദ്ര സർക്കാർ ഉത്തരവിലുണ്ട്. പദ്ധതിയുടെ സമയബന്ധിതമായി നടത്തിപ്പിലേക്കായി സംവിധാനം ഒരുക്കുന്നതിനും ഭൂമി കണ്ടെത്തുന്നതിനും സംസ്ഥാന സർക്കാർ സത്വര നടപടി സ്വീകരിക്കണമെന്നും എൻ.കെ.പ്രേമചന്ദ്രൻ എംപി ആവശ്യപ്പെട്ടു.

പദ്ധതി ഇങ്ങനെ
∙ കൊല്ലം മറീന – 6.01 കോടി രൂപ
∙ പുനർജനി കോംപ്ലക്സ് – 5.19 കോടി രൂപ
∙ ഫ്ലോട്ടിങ് റസ്റ്ററന്റ് – 5.40 കോടി രൂപ
∙ ബയോഡൈവേഴ്സിറ്റി ഹെറിറ്റേജ് ട്രയൽ – 7.08 കോടി രൂപ
∙ അഡ്വഞ്ചർ പാർക്ക് – 9.60 കോടി രൂപ
∙ ചിൽഡ്രൻസ് പാർക്ക് – 11.31 കോടി രൂപ
∙ അഷ്ടമുടി ലേക്ക് വോക് വേ – 6.01 കോടി രൂപ
∙ ജിഎസ്ടി – 9.11 കോടി രൂപ

English Summary:

Ashtamudi Lake tourism receives a major boost with ₹59.71 crore funding. The project will enhance the lake's eco-tourism potential and surrounding areas for sustainable development.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com