മഴക്കാലത്തെ വെള്ളക്കെട്ട് തടയാൻ കുര്യൻ ജോർജിന്റെ ആശയം
Mail This Article
കൊല്ലം ∙ വെള്ളക്കെട്ട് തടയുന്നതിനായി പുതിയ ആശയവുമായി റിട്ട. കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർ. കുട്ടനാട്, തമ്പാനൂർ തുടങ്ങിയ ഇടങ്ങളിൽ മഴക്കാലത്ത് വലിയ വെള്ളക്കെട്ട് രൂപപ്പെടുന്നത് തടയുന്നതിനായാണ് അഞ്ചൽ അരീപ്ലാച്ചി തേക്കിൻകാട് ന്യൂ ഹൗസിൽ വീട്ടിൽ കുര്യൻ ജോർജ് പുതിയ ആശയം അവതരിപ്പിച്ചത്. ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച പ്രളയത്തെ സംബന്ധിച്ച സെമിനാറിൽ ആശയം അവതരിപ്പിച്ചിട്ടുണ്ട്. ഇതിന് മുൻപും വാട്ടർ ട്രെയ്ൻ, ജലശുദ്ധീകരണം, കാർ വാഷിങ് മെഷീൻ തുടങ്ങിയ വിവിധ പഠനങ്ങളും ആശയങ്ങളും ഇദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.
സമുദ്രനിരപ്പിൽ നിന്നു താഴ്ന്നു നിൽക്കുന്ന കുട്ടനാട്ടിൽ പ്രളയത്തിനും വെള്ളക്കെട്ടിനു ഇടയാക്കുന്നത് 3 നദികളിലൂടെ ഒഴുകിവരുന്ന അമിതമായ വെള്ളമാണ്. ഈ നദികളിലെ വെള്ളത്തിന് സമുദ്രനിരപ്പിന് അനുസരിച്ചു താഴേക്ക് മാത്രമേ ഒഴുകാനാകൂ (ഓപ്പൺ ചാനൽ ഫ്ലോ). എന്നാൽ വെള്ളത്തെ പൈപ്പുകളിലൂടെ ഒഴുകുന്ന രീതിയിലേക്ക് മാറ്റിയാൽ (ക്ലോസ്ഡ് കൺട്യുറ്റ് ഫ്ലോ) ഉയർത്തി ഒഴുക്കാനും കടലിലേക്ക് നേരിട്ട് ഈ വെള്ളത്തെ പൈപ്പ് വഴി എത്തിക്കാനാകുമെന്നുമാണ് കണ്ടുപിടിത്തം. ഇതിനായി നദിയുടെ വഴികളിലെ വെള്ളച്ചാട്ടങ്ങൾക്കു താഴെ നദിയുടെ രണ്ട് വശങ്ങളിലായി 5–10 മീറ്റർ വ്യാസമുള്ള വലിയ പൈപ്പുകൾ സ്ഥാപിച്ചു നദിയുടെ വെള്ളത്തിന്റെ വലിയൊരു ഭാഗം ഇതിലൂടെ കടത്തിവിടണം. പൈപ്പിലൂടെ ആയതിനാൽ വലിയ വേഗതയിൽ വെള്ളത്തിന് ഒഴുകാനും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം വ്യാപിക്കുന്നത് തടയാനും കുട്ടനാട്ടിലേക്കെത്തുമ്പോൾ ഉയർത്തി കടലിലേക്ക് ഒഴുക്കാനും കഴിയുമെന്ന് ഇദ്ദേഹം പറയുന്നു.
തിരുവനന്തപുരം തമ്പാനൂർ ഭാഗത്തെ വെള്ളക്കെട്ട് പരിഹരിക്കാനായി തൈക്കാട് ഭാഗത്ത് നിന്ന് വരുന്ന വെള്ളത്തെ തമ്പാനൂർ മുതൽ പഴവങ്ങാടി വരെയുള്ള വലിയ പൈപ്പിലൂടെ ഒഴുക്കിക്കളയുകയാണ് വേണ്ടതെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. പദ്ധതിക്കായി വിദഗ്ധരെ ഉൾപ്പെടുത്തി കൃത്യമായ പഠനം നടത്തണമെന്നും ചെലവ് കുറഞ്ഞ ഈ രീതിയിലൂടെ പ്രശ്നത്തെ പരിഹരിക്കാൻ സാധിക്കുമെന്നുമാണ് കുര്യൻ ജോർജിന്റെ കണ്ടെത്തൽ.