ഇത്തിക്കരയിൽ ഗതാഗത പ്രശ്നം: പാലങ്ങളുടെ നിർമാണം വേഗത്തിലാക്കണമെന്ന് ആവശ്യം
Mail This Article
ചാത്തന്നൂർ ∙ ദേശീയപാത വികസനത്തിൽ ഇത്തിക്കരയിൽ അടിപ്പാതയുടെ അഭാവം മൂലം ഉണ്ടാകാനിടയുള്ള ഗതാഗത പ്രശ്നം പരിഹരിക്കാൻ കുമ്മല്ലൂർ പാലത്തിന്റെ പുനർനിർമാണം, പള്ളിയ്ക്കമണ്ണടി, ഞവരൂർ പാലങ്ങളുടെ നിർമാണം ത്വരിതഗതിയിലാക്കണമെന്ന് ആവശ്യം. ഇത്തിക്കരയിൽ അടിപ്പാത ഇല്ലാത്തതിനാൽ ആയൂർ-ഓയൂർ മേഖലയിൽ നിന്ന് ഇത്തിക്കര വഴി കൊട്ടിയം കൊല്ലം ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ വലം വയ്ക്കേണ്ടി വരുന്ന സാഹചര്യമാണ്. ഇത്തിക്കരയിൽ എത്തുന്ന വാഹനങ്ങൾ തിരുമുക്കിലോ ചാത്തന്നൂരിലോ എത്തി അടിപ്പാതയിലൂടെ മറുവശം കടന്നു കൊട്ടിയം കൊല്ലം ഭാഗത്തേക്കു പോകുന്ന അവസ്ഥയാണ് സംജാതമാകുന്നത്.
സ്വകാര്യ ബസുകൾ ഉൾപ്പെടെ വാഹനങ്ങൾ കിലോമീറ്ററുകൾ ചുറ്റിക്കറങ്ങണം. ആയൂർ മേഖലയിൽ നിന്നുള്ള വലിയ വാഹനങ്ങൾ ഇത്തിക്കരയിൽ നിന്നു കൊല്ലം ഭാഗത്തേക്കു പ്രവേശിക്കാൻ മാർഗമില്ലാത്തതിനാൽ ചാത്തന്നൂരിൽ എത്തി കറങ്ങി പോകേണ്ടി വരും. തിരുമുക്ക് അടിപ്പാതയിലൂടെ ഇടത്തരം വാഹനങ്ങൾക്കു മാത്രമേ കടന്നുപോകാൻ കഴിയൂ. കാലപ്പഴക്കം ചെന്ന കുമ്മല്ലൂർ പാലം നവീകരിച്ചാൽ ആയൂർ, ഓയൂർ ഭാഗത്തു നിന്നുള്ള വാഹനങ്ങൾക്കു കട്ടച്ചലിൽ നിന്നു തിരഞ്ഞു ചാത്തന്നൂരിൽ എത്തി കൊല്ലത്തേക്കു പോകാൻ കഴിയും. ഇത്തിക്കരയാറ്റിൽ പള്ളിയ്ക്കമണ്ണടി കടവിൽ പാലം വന്നാൽ ആയൂർ മേഖലയിൽ നിന്നുള്ള സ്വകാര്യബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്കും കൈതക്കുഴി ജംക്‌ഷനിൽ എത്തിയ ശേഷം പള്ളിയ്ക്കമണ്ണടി പാലത്തിലൂടെ ചാത്തന്നൂരിൽ എത്താൻ കഴിയും.
ഞവരൂർ കടവിൽ പാലം വരുന്നതോടെ ആയൂർ മേഖലയിൽ നിന്നുള്ള ബസുകൾക്കു ആദിച്ചനല്ലൂർ ജംക്‌ഷനിൽ എത്തി ചാത്തന്നൂർ തിരുമുക്കിൽ എത്താന്‍ കഴിയും. ഇത്തക്കരയിലെ വട്ടം ചുറ്റൽ ഒഴിവാകും. ചാത്തന്നൂർ മേഖലയിൽ കൂടുതൽ യാത്രാസൗകര്യം ഉണ്ടാകും.പള്ളിയ്ക്കമണ്ണടി പാലം നിർമാണത്തിനു 3 തവണ കരാർ വിളിക്കുകയുണ്ടായി. അടങ്കൽ തുകയെക്കാൾ ഉയർന്ന നിരക്ക് വന്നതിനാൽ മന്ത്രിസഭയുടെ അനുമതി തേടിയിരിക്കുകയാണ്. പാലം നിർമാണത്തിനു പത്തു കോടിയിലേറെ രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്.
കുമ്മല്ലൂർ, പള്ളിയ്ക്കമണ്ണടി എന്നീ പാലങ്ങളുടെ നിർമാണത്തിനായി 12 കോടി രൂപയുടെ അനുവദിച്ചിരുന്നത്. കരാർ നടപടി നീണ്ടതോടെ പുതിയ എസ്റ്റിമേറ്റ് എടുത്തു. പള്ളിയ്ക്കമണ്ണടി പാലത്തിനു പുതിയ എസ്റ്റിമേറ്റിൽ പത്തര കോടിയിലേറെ രൂപ അടങ്കൽ തുക നിശ്ചയിച്ചതോടെ കുമ്മല്ലൂർ പാലത്തിനു തുക കുറഞ്ഞു. അപേക്ഷ നൽകിയതോടെ കുമ്മല്ലൂർ പാലത്തിനു കൂടുതൽ തുക അനുവദിച്ചതായി ജി.എസ്.ജയലാൽ എംഎൽഎ പറഞ്ഞു.ഞവരൂർ കടവിൽ പാലത്തിന്റെ നിർമാണത്തിനു തുക അനുവദിക്കുകയും പാലത്തിന്റെ രൂപരേഖയും തയാറായിട്ടുണ്ട്. നിലവിലെ കുമ്മല്ലൂർ പാലത്തിന്റെ വീതിയിലാണ് ഞവരൂർ കടവിൽ പാലം നിർമിക്കുന്നത്. മൂന്നു പാലങ്ങളുടെയും നിർമാണം ചാത്തന്നൂരിന്റെ വികസനത്തിനു മുതൽകൂട്ടും ഇത്തിക്കരയിലെ യാത്ര ദുരിതത്തിനു പരിഹാരവുമാകും.