തെരുവുവിളക്കുകൾ പ്രകാശിക്കുന്നില്ല; കാപ്പിൽ കൂരിരുട്ടിൽ
Mail This Article
പരവൂർ∙ ക്രിസ്മസ്-പുതുവത്സര അവധിദിനങ്ങൾ ആഘോഷിക്കാൻ ദിവസേന ആയിരത്തിലേറെ സഞ്ചാരികളെത്തുന്ന തെക്കുംഭാഗം കാപ്പിൽ തീരം കൂരിരുട്ടിൽ. ക്രിസ്മസ് അവധിക്കാലത്തിന്റെ അവസാന ദിവസമായ ഇന്നലെ രണ്ടായിരത്തിലധികം സഞ്ചാരികളാണ് തീരത്തെത്തിയത്. തീരത്ത് തെക്കുംഭാഗം മുസ‍്‍ലിം പള്ളി മുതൽ കാപ്പിൽ പാലം വരെയുള്ള ഭാഗത്തെ മുഴുവൻ തെരുവുവിളക്കുകളും പ്രകാശിക്കാത്ത അവസ്ഥയിലാണ്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് വിനോദ സഞ്ചാരികളുടെ എണ്ണം ഇത്തവണ വർധിച്ചിട്ടും ഇടവ പഞ്ചായത്ത്, പരവൂർ നഗരസഭ, ടൂറിസം വകുപ്പ്, ജില്ല ടൂറിസം പ്രമോഷൻ കൗൺസിലുകൾ എന്നിവരുടെ ഭാഗത്ത് നിന്ന് കടൽ തീരത്ത് സഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്നതിൽ ഗുരുതര വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്.
ശനി, ഞായർ ദിവസങ്ങളിൽ കാപ്പിൽ പൊഴിമുഖം മുതൽ തെക്കുംഭാഗം പള്ളി വരെ സഞ്ചാരികളെ കൊണ്ട് നിറഞ്ഞ അവസ്ഥയിലായിരുന്നു. ഇടവ-നടയറ കായലിന്റെ ഭംഗിയും കടലിന്റെ അഴകും ഒരേ സ്ഥലത്ത് നിന്ന് ആസ്വദിക്കാനുള്ള സൗകര്യമാണ് സഞ്ചാരികളെ തീരത്തേക്ക് ആകർഷിക്കുന്നത്. ഇത്രയേറെ സഞ്ചാരികൾ എത്തിയിട്ടും തീരത്തെ തെരുവ് വിളക്കുകളുടെ തകരാർ പരിഹരിക്കാത്തതിൽ രൂക്ഷ വിമർശനമാണ് ഉയരുന്നത്. വൈകുന്നേരം 6 മണി കഴിയുന്നതോടെ കൂരിരുട്ടിലാകുന്ന തീരം സഞ്ചാരികൾക്ക് ഗുരുതര സുരക്ഷ ഭീഷണിയാണ് സൃഷ്ടിക്കുന്നത്.
തദ്ദേശ സ്ഥാപനങ്ങളുടെ അതിർത്തി സംബന്ധിച്ച് പരവൂർ നഗരസഭയും തിരുവനന്തപുരം ജില്ലയിലെ ഇടവ പഞ്ചായത്തും തമ്മിലുള്ള തർക്കമാണ് തീരത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് തടസ്സമായിരിക്കുന്നത്. ക്രിസ്മസ് അവധികാലത്തിനു മുൻപ് 8 തെരുവുവിളക്കുകൾ മാത്രമാണ് പ്രകാശിക്കാതിരുന്നത്. എന്നാൽ അവധിക്കാലം ആരംഭിച്ചു സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങിയതോടെ തീരത്തെ മുഴുവൻ തെരുവുവിളക്കുകളും പ്രകാശിക്കാത്ത അവസ്ഥയിലാണ്. വിദേശ-ആഭ്യന്തര വിനോദ സഞ്ചാരികളും കുടുംബവുമായി കടൽത്തീരം ആസ്വദിക്കാൻ എത്തുന്നവരുമാണ് ഇതോടെ ദുരിതത്തിലായത്.
സുരക്ഷ കർശനമാക്കി
പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായുള്ള തിരക്ക് പരിഗണിച്ച് തെക്കുംഭാഗം കാപ്പിൽ തീരങ്ങളിൽ പരവൂർ, അയിരൂർ പൊലീസിന്റെയും അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസിന്റെയും നേതൃത്വത്തിൽ സുരക്ഷ കർശനമാക്കി. ഈ വർഷം മാത്രം എട്ടിലേറെ മുങ്ങിമരണങ്ങൾ നടന്ന ബീച്ചിൽ വൈകിട്ട് 6.30നു ശേഷം കടലിലിറങ്ങുന്നതിന് നിരോധനമുണ്ട്. പരവൂർ പൊലീസ് രാത്രി പ്രദേശത്ത് പ്രത്യേക പരിശോധനയും ആരംഭിച്ചിട്ടുണ്ട്.