ബൈജുവിന് ജീവിക്കാൻ സുമനസ്സുകൾ കനിയണം
Mail This Article
കുണ്ടറ∙ അപൂർവ രോഗം ബാധിച്ച ഗൃഹനാഥൻ സുമനസ്സുകളുടെ സഹായം തേടുന്നു. രക്ത സംബന്ധമായ അപൂർവ രോഗാവസ്ഥയായ പിഒഎംഇ സിൻഡ്രോം (POME syndrome) ബാധിതനായ കുണ്ടറ പനയംക്കോട് അഞ്ജന ഭവനിൽ ടി. ബൈജുവാണ് (46) ചികിത്സ സഹായം തേടുന്നത്. 2 വർഷം മുൻപ് ശരീരത്തിന്റെ ബാലൻസ് തെറ്റി മറിഞ്ഞു വീഴാൻ തുടങ്ങി. രോഗം തിരിച്ചറിയാതെ ഒരു വർഷത്തോളം ചികിത്സ നടത്തി. പിന്നീട് കഴുത്തിന്റെ ഭാഗത്ത്‍ മുഴകൾ കണ്ടപ്പോൾ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഒരേ സമയം ശരീരത്തിലെ ഒന്നിലധികം അവയവങ്ങളെ ബാധിക്കുമെന്നതിനാൽ കൃത്യമായ ചികിത്സയില്ല. ഒരു വർഷത്തോളം രോഗം അറിയാതെ ചികിത്സ നടത്തിയതോടെ രോഗം കൂടി. അതോടെ കൈകാലുകളുടെ ചലനശേഷി നഷ്ടപ്പെട്ടു. പരസഹായം ഇല്ലാതെ പ്രാഥമിക കർമങ്ങൾ പോലും ചെയ്യാൻ കഴിയാത്ത അവസ്ഥ.
നിലവിൽ തിരുവനന്തപുരം ആർസിസിയിൽ കീമോ തെറപ്പി നടക്കുകയാണ്. 2 ആഴ്ച കൂടുമ്പോൾ കീമോ ചെയ്യണം. ഒരു തവണ കീമോ ചെയ്യുന്നതിന് 5000 രൂപയോളം മരുന്നിന് മാത്രം ചെലവ് വരും. ബൈജു കിടപ്പിലായതോടെ ഭാര്യ സിബിക്ക് ജോലിക്ക് പോകാൻ കഴിയാതെയായി. മൂത്തമകൾ ഡിഫാമിന് പഠിക്കുകയാണ്. സാമ്പത്തികം ഇല്ലാത്തിനാൽ ഇളയ മകൾക്ക് ബിഎഡിന് പ്രവേശനം ലഭിച്ചിട്ടും പോകാൻ കഴിഞ്ഞില്ല. മജ്ജ മാറ്റിവച്ചാൽ മാത്രമേ രോഗം ഭേദമാകൂ എന്നാണ് ചികിത്സിക്കുന്ന ഡോക്ടർമാർ അറിയിച്ചത്. 25 ലക്ഷത്തോളം രൂപ ചെലവ് വരും. വരുമാനം ഇല്ലാത്ത കുടുംബത്തിന് ഭീമമായ തുക കണ്ടെത്താൻ കഴിയില്ല. ബൈജുവിന്റെ തുടർന്ന് ജീവിക്കാൻ സുമനസ്സുകളുടെ സഹായം ആവശ്യമാണ്. കുണ്ടറ കനറാ ബാങ്കിലെ സിബിയുടെ അക്കൗണ്ടിലേക്ക് സഹായം അയയ്ക്കാം.
അക്കൗണ്ട് നമ്പർ: 450222000173
ഐഎഫ്എസ്‌സി: CNRB0014502