ഒന്നും ‘കാണാതെ’ അധികൃതർ; തെരുവു വിളക്കുകൾ കണ്ണടച്ചു, നഗരം ഇരുട്ടിൽ
Mail This Article
കൊല്ലം∙ നഗരത്തിൽ രാത്രി എത്തുന്നവർക്ക് വെളിച്ചത്തിന് വ്യാപാര സ്ഥാപനങ്ങൾ കനിയണം. തെരുവു വിളക്കുകൾ പ്രകാശിപ്പിക്കാൻ ഉത്തരവാദപ്പെട്ട കോർപറേഷൻ അധികൃതരാകട്ടെ ഇതിന് കാര്യമായ ഇടപെടൽ നടത്തുന്നില്ലെന്ന് ആക്ഷേപം. പ്രധാന പാതകളിലെ വഴിവിളക്കുകളും ജംക്‌ഷനുകളിലെ ഹൈമാസ്റ്റ് ലൈറ്റുകൾ മിഴിയടച്ചിട്ട് മാസങ്ങളായി. പ്രകാശിക്കുന്ന വഴിവിളക്കുകൾക്ക് മിന്നാമിനുങ്ങിന്റെ വെളിച്ചമാണ്.
രാത്രി വൈകി ട്രെയിൻമാർഗം എത്തുന്നവർ റെയിൽവേ സ്റ്റേഷനിൽ നിന്നും റോഡിലേക്ക് പ്രവേശിച്ചാൽ വാഹനങ്ങളുടെ വെളിച്ചമാണ് ആശ്രയം. ആശ്രാമം മൈതാനത്ത് ട്രാഫിക് പൊലീസ് സ്റ്റേഷൻ മുതൽ ജില്ലാ ആയുർവേദ ആശുപത്രി വരെ റോഡിൽ വെളിച്ചമില്ല. ചിന്നക്കട ഹെഡ് പോസ്റ്റ് ഒാഫിസിന് സമീപത്തെ ബസ് കാത്തിരിപ്പു കേന്ദ്രം ഒഴികെ ഭൂരിഭാഗം കാത്തിരിപ്പു കേന്ദ്രങ്ങളിലും ഇരുട്ടാണ് . വ്യാപാര സ്ഥാപനങ്ങളിലും മറ്റും ജോലി കഴിഞ്ഞു മടങ്ങുന്ന സ്ത്രീകൾ ഉൾപ്പടെയുള്ള യാത്രക്കാർ ബസ് കാത്തു നിൽക്കുന്നത് ഇരുട്ടു മൂടിയ കാത്തിരിപ്പു കേന്ദ്രങ്ങളിലാണ്.
ചിന്നക്കടയിൽ നിന്നും ആശ്രാമം ഭാഗത്തേക്കു പോകുന്ന ബസ് കാത്തിരിപ്പു കേന്ദ്രം, ചിന്നക്കട ക്ലോക്ക് ടവറിന് സമീപത്തെ കാത്തിരിപ്പു കേന്ദ്രം, സെന്റ് ജോസഫ് സ്കൂളിന് സമീപം, കടപ്പാക്കടയിലെ കാത്തിരിപ്പു കേന്ദ്രങ്ങൾ, എആർ ക്യാംപ് ജംക്‌ഷൻ, കോളജ് ജംക്‌ഷൻ, റെയിൽവേ സ്റ്റേഷൻ ജംക്‌ഷൻ എന്നിവിടങ്ങളിലെ കാത്തിരിപ്പു കേന്ദ്രങ്ങളും ഇരുട്ടിലായിട്ട് മാസങ്ങളായി. കാത്തിരിപ്പു കേന്ദ്രങ്ങൾ രാത്രി സാമൂഹിക വിരുദ്ധർ താവളമാക്കിയതിനാൽ യാത്രക്കാർ റോഡിലേക്ക് ഇറങ്ങി കൂട്ടം കൂടി നിൽക്കേണ്ട അവസ്ഥയാണ് . നാട്ടുകാരും യാത്രക്കാരും കോർപറേഷൻ അധികൃതരെ യഥാസമയം അറിയിച്ചിട്ടും പരിഹാര നടപടികൾ ഒന്നും ഉണ്ടായില്ല.