റെയിൽവേ പുറമ്പോക്കിൽ മാലിന്യ കൂമ്പാരം; രോഗ ഭീതിയിൽ പ്രദേശവാസികൾ
Mail This Article
കുണ്ടറ∙ റെയിൽവേ പുറമ്പോക്കിലെ മാലിന്യ കൂമ്പാരം പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു. മുക്കട റെയിൽവേ സമാന്തര റോഡിൽ റെയിൽവേ ക്വാർട്ടേഴ്സിന് സമീപത്താണ് സാമൂഹിക വിരുദ്ധർ മാലിന്യം കൂട്ടിയിട്ടിരിക്കുന്നത്. ഹോട്ടൽ മാലിന്യം മുതൽ അറവ് മാലിന്യം വരെ ചാക്കിൽ കെട്ടി തള്ളിയ നിലയിലാണ്. മാലിന്യം അഴുകി പ്രദേശമാകെ രൂക്ഷഗന്ധമാണ്. മൂക്ക് പൊത്താതെ ഇതുവഴി കടന്നു പോകാൻ കഴിയില്ല. ദുർഗന്ധം കൂടുമ്പോൾ മാലിന്യം തള്ളുന്നവർ കൂനയ്ക്ക് തീയിടും. അതോടെ പുക പ്രദേശമാകെ വ്യാപിക്കും. പ്ലാസ്റ്റിക് കത്തുന്ന ഗന്ധവും അസഹനീയമാകും.മാലിന്യം ഭക്ഷിക്കാൻ എത്തുന്ന തെരുവ് നായ്ക്കളും പ്രദേശവാസികൾക്ക് ഭീഷണിയാണ്. മഴ ആകുന്നതോടെ മാലിന്യ കൂമ്പാരത്തിൽനിന്ന് നിന്ന് ഒഴുക്കുന്ന വെള്ളത്തിൽ നിന്ന് സാംക്രമിക രോഗങ്ങൾ പടരാൻ സാധ്യത ഏറെയാണ്.
പ്രദേശത്ത് കൊതുക് ശല്യവും രൂക്ഷമാണ്. വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ ഒട്ടേറെ തവണ പൊലീസിൽ പരാതി നൽകിയിട്ടും ഇവിടെ മാലിന്യം തള്ളുന്നവരെ പിടികൂടാനായില്ല. ഇവിടെ സിസിടിവി സ്ഥാപിക്കാൻ പഞ്ചായത്ത് ശ്രമിച്ചെങ്കിലും റെയിൽവേയുടെ അനുമതി ലഭിച്ചില്ല. മാലിന്യം തള്ളുന്നതിന് എതിരെ അടിയന്തര നടപടി സ്വീകരിക്കുന്നതിനും സിസിടിവി സ്ഥാപിക്കുന്നതിനും റെയിൽവേയുടെ ഉന്നത അധികാരികൾക്ക് ഉൾപ്പെടെ പരാതി നൽകുമെന്നും വാർഡ് അംഗം സുധാദേവി പറഞ്ഞു.