പത്തനാപുരം കെഎസ്ആർടിസി ഡിപ്പോ വികസനം: ഒഴിയാതെ പ്രതിസന്ധികൾ
Mail This Article
പത്തനാപുരം∙ വാഗ്ദാനങ്ങൾ എല്ലാം ജലരേഖയായപ്പോൾ പത്തനാപുരം കെഎസ്ആർടിസി ഡിപ്പോ വികസനം സ്വപ്നമായി അവശേഷിക്കുന്നു. ഡിപ്പോയിലെ ബസുകൾ പാർക്ക് ചെയ്യുന്നതു പോലും റോഡിലാണ്. ഡിപ്പോ പ്രവർത്തിക്കുന്ന ഭൂമി സംബന്ധിച്ച് പഞ്ചായത്തും കെഎസ്ആർടിസിയും തമ്മിലുള്ള തർക്കവും തുടരുന്നതും ആശങ്ക സൃഷ്ടിക്കുന്നു. സമീപത്തെ തടി ഡിപ്പോയിൽ നിന്നും ഒരേക്കർ ഭൂമി ഏറ്റെടുത്ത് കെഎസ്ആടിസി ഡിപ്പോ വികസിപ്പിക്കുമെന്നായിരുന്നു ആദ്യകാലത്തെ പ്രഖ്യാപനം.
തടി ഡിപ്പോ റിസർവ് വന ഭൂമിയായി പ്രഖ്യാപിച്ചതോടെ ആ പ്രതീക്ഷ അസ്തമിച്ചു. കെഎസ്ആർടിസിക്ക് പാട്ടത്തിന് നൽകിയ ഭൂമി തിരികെ ഏറ്റെടുത്ത് ചന്ത വികസിപ്പിക്കണമെന്നാണ് പഞ്ചായത്തിന്റെ ആഗ്രഹം. എന്നാൽ മറ്റൊരു ഭൂമി കണ്ടെത്തി കെഎസ്ആർടിസിക്ക് കൈമാറാതെ ഇതേറ്റെടുക്കാൻ കഴിയില്ലെന്നതാണ് വസ്തുത. പഞ്ചായത്തും കെഎസ്ആർടിസിയും തമ്മിൽ തർക്കം മൂർഛിച്ച് ഒരു ഘട്ടത്തിൽ ഡിപ്പോ പൂട്ടാൻ കെഎസ്ആർടിസി എംഡി നിർദേശം കൊടുക്കുന്ന അവസ്ഥ വരെയെത്തിയിരുന്നു. ഒടുവിൽ ഉന്നത തല ചർച്ചയിലാണ് പ്രശ്നം പരിഹരിച്ചത്.
ഡിപ്പോയിൽ നിന്നു പ്രവർത്തിക്കുന്ന ദീർഘദൂര ബസുകൾക്ക് മികച്ച കലക്‌ഷനുണ്ട്. കൂടുതൽ സർവീസ് തുടങ്ങാൻ അധികൃതർ തയാറാണെങ്കിലും ബസുകളുടെ അറ്റകുറ്റപ്പണിക്കും പാർക്കിങ്ങിനും സൗകര്യമില്ലാത്തതാണു പ്രതിസന്ധി. സ്ഥലം എംഎൽഎയായ കെ.ബി.ഗണേഷ്കുമാർ രണ്ട് തവണ മന്ത്രിയായിട്ടും തുടരുന്ന അനാസ്ഥയ്ക്കെതിരെ പ്രതിഷേധം ശക്തമാണ്.