ടൗൺ മാൾ പദ്ധതി പ്രതിസന്ധിയിൽ
Mail This Article
പത്തനാപുരം∙ രണ്ടു തവണ ഉദ്ഘാടനം നടത്തിയിട്ടും പൂർണ തോതിൽ പ്രവർത്തിക്കാനാകാതെ ടൗൺ മാൾ. നാടിന്റെ വികസന പ്രതീക്ഷയായിരുന്ന പദ്ധതി പാഴാകുമോ എന്ന ആശങ്കയിലാണു നാട്ടുകാർ. 2020ൽ ആദ്യ ഘട്ടം പൂർത്തിയാക്കി ഉദ്ഘാടനം നടത്തിയിരുന്നു. ഒരാഴ്ച മുൻപ് ആശീർവാദ് സിനിമാസിന്റെ തീയറ്ററും ഉദ്ഘാടനം ചെയ്തിരുന്നു. തീയറ്റർ പ്രവർത്തനം തുടങ്ങിയില്ല. സ്വകാര്യ മാളുകളെ പോലും വെല്ലുന്ന രീതിയിലായിരുന്നു നിർമാണം. ഫയർ ആൻഡ് സേഫ്റ്റി അനുമതി വൈകുന്നതാണ് തടസ്സമെന്നാണു വിവരം.
28 കോടിയോളം ചെലവഴിച്ച് നിർമിക്കുന്ന മാളിനു മാസം 21 ലക്ഷം രൂപയാണ് പലിശയിനത്തിൽ തിരിച്ചടവ്. പ്രവർത്തനം തുടങ്ങുന്നത് വൈകുന്നത് മൂലം പഞ്ചായത്തിനുണ്ടാകുന്ന നഷ്ടം ഭീമമാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. പലിശയടവ് മൂലം ഓൺ ഫണ്ടിൽ നിന്നു നടത്തേണ്ട വികസന പ്രവർത്തനങ്ങൾക്കും പണം ചെലവഴിക്കാനാകുന്നില്ല. ഒട്ടേറെ ഗ്രാമീണ റോഡുകളാണ് അറ്റകുറ്റപ്പണി നടത്താനാകാതെ കിടക്കുന്നത്.
നേരത്തേ ഇവിടെ പ്രവർത്തിച്ച ഷോപ്പിങ് മാൾ പൊളിച്ചാണ് പുതിയതു നിർമിച്ചത്. പാർക്കിങ് ഉൾപ്പെടെ ഒട്ടേറെ ജോലികൾ ഇനിയും ബാക്കിയാണ്. തീയറ്റർ പ്രവർത്തനം തുടങ്ങി, ജനുവരി പകുതിയോടെ നേരത്തേ കരാർ നൽകിയ കടമുറികളുടെ പ്രവർത്തനം തുടങ്ങാനായിരുന്നു നീക്കം. ഫയർ ആൻഡ് സേഫ്റ്റി അനുമതി വൈകിയതോടെ ഇതെല്ലാം താളം തെറ്റി. രാഷ്ട്രീയ ഇടപെടൽ ഉണ്ടായില്ലെങ്കിൽ മാളിന്റെ പ്രവർത്തനം തുടങ്ങുന്നത് ഇനിയും വൈകും.