ഭക്ഷ്യവിഷബാധയേറ്റ് 20 പേർ ചികിത്സ തേടി
Mail This Article
ശാസ്താംകോട്ട ∙ പാക്കറ്റുകളിൽ എത്തിച്ച ബിരിയാണി കഴിച്ച ഇരുപതോളം പേർ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടി. ഗുരുതരാവസ്ഥയിലായ യുവാവിനെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പെരുവേലിക്കരയിലെ ക്ഷീരസഹകരണ സംഘം വാർഷികത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വിതരണം ചെയ്ത ചിക്കൻ ബിരിയാണിയിൽ നിന്നാണ് പ്രദേശവാസികൾക്ക് ഭക്ഷ്യവിഷബാധയേറ്റത്. ശാസ്താംകോട്ട പഞ്ചായത്ത് നിവാസികളായ 14 പേരും കുന്നത്തൂർ പഞ്ചായത്ത് നിവാസികളായ 2 പേരും ഉൾപ്പെടെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലും വിവിധ സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടി.
വയറിളക്കവും ഛർദിയും ആരംഭിച്ചതോടെയാണ് ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചത്. തേവലക്കരയിലുള്ള കേറ്ററിങ് യൂണിറ്റിൽ ഭക്ഷ്യസുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥർ പരിശോധന നടത്തി. എന്നാൽ സാംപിളുകൾ ലഭിച്ചില്ല. പുഴുങ്ങിയ മുട്ട സഹിതം രാവിലെ തയാറാക്കി പാക്കറ്റുകളിലാക്കി എത്തിച്ച ബിരിയാണി കഴിക്കാൻ വൈകിയതാണ് വിഷബാധയ്ക്കു കാരണമെന്നാണ് അധികൃതരുടെ നിഗമനം. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ അധികൃതർക്ക് വിശദമായ റിപ്പോർട്ട് നൽകും.