കൊല്ലം ജില്ലയിൽ ഇന്ന് (02-01-2025); അറിയാൻ, ഓർക്കാൻ
Mail This Article
ട്യൂട്ടർ നിയമനം
പത്തനാപുരം∙ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന മികവ് എന്ന പേരിലുള്ള പ്രത്യേക പദ്ധതി പ്രകാരം പത്താംക്ലാസിൽ പഠിക്കുന്ന എസ്‌സി എസ്ടി കുട്ടികൾക്ക് പ്രത്യേകം ട്യൂഷൻ നൽകുന്നതിന് ട്യൂട്ടർമാരെ നിയമിക്കുന്നു. അഭിമുഖം നാളെ 11ന്.
റീഹാബിലിറ്റേഷൻ ടെക്നീഷ്യനെ നിയമനം
കൊല്ലം∙ പുനലൂർ താലൂക്ക് ആശുപത്രിയിൽ താൽക്കാലിക അടിസ്ഥാനത്തിൽ റീഹാബിലിറ്റേഷൻ ടെക്നീഷ്യനെ നിയമിക്കും. യോഗ്യത: പ്ലസ്ടു, റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച പ്രോസ്‌തെക്റ്റിക്‌സിലും ഓർത്തോഡിക്സിലും ബിരുദം അല്ലെങ്കിൽ അതേ വിഷയത്തിലെ ഡിപ്ലോമയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച സർട്ടിഫിക്കറ്റും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും. 40 വയസ്സാണ് പ്രായപരിധി. അപേക്ഷയും ബയോഡേറ്റയും പ്രായവും യോഗ്യതകളും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും ആശുപത്രി അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസിൽ എട്ട് വൈകീട്ട് മൂന്നിനകം ലഭിക്കണം. thqhospitalpunalur@gmail.com ലും അപേക്ഷ സമർപ്പിക്കാം. ഫോൺ: 0475 2228702.
സൗജന്യ മെഡിക്കൽ ക്യാംപ്
കൊല്ലം∙ ഫിഷറീസ് വകുപ്പിന്റെ തീരോന്നതി പദ്ധതിയുടെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ ജില്ലയിലെ മത്സ്യത്തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ ക്യാംപ് സംഘടിപ്പിക്കും. 4ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ ചെറിയഴീക്കൽ ഗവ. എച്ച്എസ് ആൻഡ് വിഎച്ച്എസ്എസിൽ നടക്കുന്ന ക്യാംപിൽ ജനറൽ മെഡിസിൻ, ഇഎൻടി, ത്വക് രോഗം, നേത്രരോഗം, അസ്ഥിരോഗം, ഗൈനക്കോളജി, ആയുർവേദം എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനവും മരുന്നുകളും സൗജന്യമായി ലഭിക്കും. കണ്ണട ആവശ്യമായ രോഗികൾക്ക് ഡോക്ടർമാർ ശുപാർശ ചെയ്യുന്നതനുസരിച്ച് സൗജന്യ നിരക്കിൽ നൽകും. ബ്ലഡ് ഷുഗർ, ബ്ലഡ് പ്രഷർ, ഇസിജി ടെസ്റ്റുകൾ സൗജന്യമായിരിക്കും.
അപേക്ഷ ക്ഷണിച്ചു
കൊല്ലം∙ കെൽട്രോണിന്റെ പൈതൺ, ഡിസിഎ, പിജിഡിസിഎ, ലോജിസ്റ്റിക്‌സ്, കംപ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ്, ഡേറ്റ എൻട്രി,ഫയർ ആൻഡ് സേഫ്റ്റി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾക്ക് ഹെഡ് ഓഫ് സെന്റർ, കെൽട്രോൺ നോളജ് സെന്റർ, ടൗൺ അതിർത്തി, കൊല്ലം വിലാസത്തിലും 8547631061, 0474 2731061 നമ്പറുകളിലും ബന്ധപ്പെടാം.
കൊല്ലം∙ മാവേലിക്കര കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ കംപ്യൂട്ടർ പ്രോഗ്രാമറുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബിഎസ്‌സി കംപ്യൂട്ടർ സയൻസ്/ ഡിഗ്രിയും ഐഎച്ച്ആർഡി, ഡിടിഇ എന്നിവയിൽ നിന്ന് പിജിഡിസിഎ/ തതുല്യം. അസ്സൽ സർട്ടിഫിക്കറ്റുമായി ആറിനു രാവിലെ 11 ന് അഭിമുഖത്തിനായി കോളജിൽ എത്തണം. ഫോൺ: 0479 2304494.
അഞ്ചൽ ∙ പഞ്ചായത്തിൽ വുമൻ ഫെസിലിറ്റേറ്റർ ഒഴിവുണ്ട്. വനിത ഉദ്യോഗാർഥികൾ അപേക്ഷ 6നു മുൻപു നൽകണമെന്നു പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
കൊല്ലം∙ ഐഎച്ച്ആർഡി നിയന്ത്രണത്തിലുള്ള കരുനാഗപ്പള്ളി മോഡൽ പോളിടെക്നിക് കോളജിൽ 6 മാസം ദൈർഘ്യമുള്ള ഡിസിഎ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടുവാണു കുറഞ്ഞ യോഗ്യത. എസ്‌സി/എസ്ടി/ഒഇസി വിഭാഗങ്ങളിലെ കുട്ടികൾക്കു സ്റ്റൈപൻഡോടെ സൗജന്യ പഠനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 15. വിവരങ്ങൾക്ക്: 0476: 2623597, 9447488348.
ഖലാസിമാരുടെ ഒഴിവ്
കൊല്ലം∙ ജില്ലയിലെ അർധസർക്കാർ സ്ഥാപനത്തിൽ താൽക്കാലികാടിസ്ഥാനത്തിൽ നാല് ഖലാസിമാരുടെ ഒഴിവുണ്ട്. പ്രായപരിധി: 2024 ജനുവരി ഒന്നിന് 19-41 വയസ്സ്. നിയമാനുസൃത വയസ്സിളവു ലഭിക്കും. ഭിന്നശേഷിക്കാർക്കും അപേക്ഷിക്കാം. സ്ത്രീകൾ അപേക്ഷിക്കേണ്ടതില്ല. യോഗ്യത: എട്ടാം ക്ലാസ് പാസായിരിക്കണം. എസ്എസ്എൽസി പാസായവർക്ക് മുൻഗണന. ഖലാസി/റിഗ്ഗർ/ പോയിന്റ്മാൻ എന്നിവയിൽ ആറ് വർഷത്തെ പ്രവൃത്തി പരിചയവും ഹെവി എൻജിനീയറിങ് വ്യവസായങ്ങളുടെ നിർമാണ സൈറ്റിലെ മുൻ പരിചയവും വേണം. ഉദ്യോഗാർഥികൾ അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചിൽ 20നകം അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പേര് റജിസ്റ്റർ ചെയ്യണം.
കോഴ്സുകൾക്ക് അപേക്ഷിക്കാം
കൊല്ലം∙ ഐഎച്ച്ആർഡിയുടെ വിവിധ കോഴ്സുകൾക്ക് അപേക്ഷിക്കാനുള്ള തീയതി ജനുവരി 15 വരെ നീട്ടി. പിജിഡിസിഎ, പി.ജി ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക്സ് ആൻഡ് സെക്യൂരിറ്റി, ഡേറ്റ എൻട്രി ടെക്‌നിക്‌സ് ആൻഡ് ഓഫിസ് ഓട്ടമേഷൻ, ഡിസിഎ, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് എന്നിവയാണ് കോഴ്സുകൾ. വിവരങ്ങൾക്ക്. www.ihrd.ac.in.
കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
കൊല്ലം∙ അസാപ് കേരളയും തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയും സംയുക്തമായി നടത്തുന്ന ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാൻസ്ഡ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറിനകം അപേക്ഷിക്കണം. യോഗ്യത: പ്ലസ്ടു. ഫോൺ: 9495999688.
അംഗത്വ വിതരണ ക്യാംപെയ്ൻ
കൊല്ലം ∙ കേരള കർഷക സംഘം 4, 5 തീയതികളിൽ ഭവന സന്ദർശനം നടത്തി അംഗത്വ വിതരണ ക്യാംപെയ്ൻ സംഘടിപ്പിക്കുമെന്നു ജില്ലാ പ്രസിഡന്റ് ബിജു കെ.മാത്യു, സെക്രട്ടറി സി.ബാൾഡുവിൻ എന്നിവർ അറിയിച്ചു.
സൗജന്യ പരിശീലനം; അടുത്ത ബാച്ച്
ശാസ്താംകോട്ട ∙ റബർ ബോർഡിന്റെ അടൂർ റീജൻ ഓഫിസിന്റെ മണക്കാലയിലുള്ള ടാപ്പിങ് പരിശീലന കേന്ദ്രത്തിൽ ടാപ്പിങ്, കറ സംസ്കരണം എന്നീ വിഷയങ്ങളിൽ സൗജന്യ പരിശീലനത്തിനുള്ള അടുത്ത ബാച്ച് 6നു തുടങ്ങും. 18നും 70നും ഇടയിൽ പ്രായമുള്ള മലയാളം എഴുതാനും വായിക്കാനും അറിയാവുന്ന വ്യക്തികൾക്കാണ് അവസരം. ഫോൺ – 9778480662
ശാസ്ത്ര – സാങ്കേതിക, പ്രദർശന – മത്സര മേള
ചാത്തന്നൂർ ∙ എംഇഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് മാനേജ്മെന്റ് വാർഷികാഘോഷങ്ങളുടെ ഭാഗമായി 9നു ചാത്തന്നൂർ ക്യാംപസിൽ ശാസ്ത്ര – സാങ്കേതിക, പ്രദർശന – മത്സര മേള സംഘടിപ്പിക്കും. ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗം വിദ്യാർഥികൾക്കു മേളയിൽ പങ്കെടുക്കാം. താൽപര്യമുള്ളവർ 7നു മുൻപ് പേര് റജിസ്റ്റർ ചെയ്യണം. 9447560336.
ശങ്കേഴ്സിൽ ന്യൂറോ ക്യാംപ്
കൊല്ലം ∙ ന്യൂറോ സംബന്ധമായ രോഗങ്ങളുടെ പരിശോധനകൾക്കും സ്ഥിരീകരണത്തിനുമായി കൊല്ലം ശങ്കേഴ്സ് ആശുപത്രിയിൽ 6 മുതൽ 11 വരെ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 വരെ മെഗാ മെഡിക്കൽ ക്യാംപ് സംഘടിപ്പിക്കും. കൺസൾട്ടേഷൻ, ഇസിജി എന്നിവ സൗജന്യമാണ്. കൂടാതെ, ഇഇജി, എൻസിഎസ്, ഡോപ്ലർ, സിടി സ്കാൻ എന്നിവയ്ക്കു നിരക്കിൽ ഇളവ് ലഭ്യമാണ്. ഡോ.കെ.എൻ.ശ്യാമപ്രസാദ്, ഡോ.ജയകുമാരൻ, ഡോ.രുരു ശാന്ത എന്നിവർ നേതൃത്വം നൽകും. 0474 2756000.
കരുതലും കൈത്താങ്ങും താലൂക്കുതല അദാലത്ത് 6ന്
പത്തനാപുരം∙ കരുതലും കൈത്താങ്ങും എന്ന പേരിൽ താലൂക്കുതല അദാലത്ത് 6ന് നടക്കും. നടുക്കുന്ന് സാഫല്യം ഓഡിറ്റോറിയത്തിൽ നടക്കുന്ന അദാലത്തിൽ മന്ത്രിമാരായ കെ.ബി.ഗണേഷ്കുമാർ, ജെ.ചിഞ്ചു റാണി, കെ.എൻ.ബാലഗോപാൽ, കലക്ടർ എൻ.ദേവിദാസ്, ആർഡിഒ ജി.സുരേഷ് ബാബു, എന്നിവർ പങ്കെടുക്കും. കുര്യോട്ടുമല ആദിവാസി കോളനി പട്ടയം വിതരണം ചെയ്യും. പുതിയ അപേക്ഷകളും പരാതികളും സ്വീകരിക്കുമെന്നു തഹസിൽദാർ അറിയിച്ചു.