വേലിയേറ്റം: മൺറോത്തുരുത്തിൽ ദുരിതം; കരകയറാനാകാതെ ജീവിതം
Mail This Article
മൺറോത്തുരുത്ത്∙ ശക്തമായ വേലിയേറ്റത്തിൽ വലഞ്ഞ് മൺറോത്തുരുത്ത്. വർഷങ്ങളായി ഇല്ലാതിരുന്ന വേലിയേറ്റം കഴിഞ്ഞ മാസത്തോടെ തിരിച്ചെത്തിയെന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ മാസം തെന്മല ഡാം തുറന്നതോടെ കല്ലട ആറ്റിലെ ജലനിരപ്പ് ഉയർന്നതും വേലിയേറ്റത്തിന്റെ ആക്കം കൂട്ടി. ഇന്നലെ ഉണ്ടായ വേലിയേറ്റത്തിൽ താഴ്ന്ന പ്രദേശങ്ങളിലെല്ലാം പ്രളയ സമാനമായ നിലയിലാണ്. ഒട്ടേറെ വീടുകളിൽ മുട്ടോളം ഉപ്പുവെള്ളം കയറിയതോടെ ജനങ്ങൾ ഭീതിയിലായി. വേലിയേറ്റം തുടർന്നാൽ വീടൊഴിഞ്ഞ് പോകേണ്ടിവരുന്ന സ്ഥിതിയിലാണ് ജനങ്ങൾ.
കിടപ്രം തെക്ക്, വടക്ക്, പെരുങ്ങാലം, കൺട്രാംകാണി, പട്ടംത്തുരുത്ത്, പെരുങ്ങാലം, റെയിൽവേ സ്റ്റേഷന് പടിഞ്ഞാറ് തുടങ്ങിയ ഇടങ്ങൾ വെള്ളത്തിനടിയിലാണ്. പുലർച്ചെ 4 മണിയോടെ കയറുന്ന വെള്ളം ഉച്ചയോടെ വലിയും. നടവഴികൾ എല്ലാം വെള്ളക്കെട്ടായി. റോഡുകൾ ചെളിക്കുണ്ടുകൾ ആയി നിലയിലാണ്. വെള്ളത്തിൽ ഇറങ്ങാതെ ഗ്രാമീണ റോഡുകളിൽ കൂടി സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഉപ്പ് വെള്ളം കയറിയതോടെ കൃഷിനാശവും വ്യാപകമാണ്. ചെമ്മീൻ കർഷകരെല്ലാം കൃഷി നിർത്തിവച്ചിരിക്കുകയാണ്.
തൊഴുത്തുകളിൽ വെള്ളം കയറിയതോടെ കന്നുകാലികളെ കെട്ടാനും കഴിയുന്നില്ല. രാവിലെ കായലിലും കല്ലട ആറ്റിലും ജലനിരപ്പ് ഉയർന്നുനിൽക്കുന്നതിനാൽ ജങ്കാർ യാത്രയും ബുദ്ധിമുട്ടിലാണ്. മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്നവർക്കും വേലിയേറ്റം തുടങ്ങിയതോടെ മീൻ ലഭിക്കുന്നില്ല. വേലിയേറ്റം കൂടുതൽ ശക്തമായി തിരിച്ചുവന്നതോടെ പല കുടുംബങ്ങളും തുരുത്ത് ഒഴിഞ്ഞുപോകാൻ തയാറെടുക്കുകയാണു എന്ന് മുൻ പഞ്ചായത്ത് പ്രസിഡന്റ് ബിനു കരുണാകരൻ പറഞ്ഞു. സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി സൂര്യകുമാർ ആവശ്യപ്പെട്ടു.