പതിനഞ്ചുവയസ്സുകാരൻ ജീവനൊടുക്കിയ സംഭവം: കാരണം ഭീഷണിയും മർദനവും; ദമ്പതികൾ അറസ്റ്റിൽ
Mail This Article
ശാസ്താംകോട്ട ∙ സ്കൂൾ വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ പ്രതികളായ ദമ്പതികൾ പൊലീസ് പിടിയിലായി. കുന്നത്തൂർ പടിഞ്ഞാറ് തിരുവാതിര വീട്ടിൽ ഗീതുമോൾ (33), ഭർത്താവ് സുരേഷ് (38) എന്നിവരാണ് അറസ്റ്റിലായത്. കുന്നത്തൂർ പടിഞ്ഞാറ് സ്വദേശിയായ പതിനഞ്ചുവയസ്സുകാരനെ ഡിസംബർ ഒന്നിന് ഉച്ചയ്ക്കാണ് വീടിനുള്ളിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
വിദ്യാർഥിയായ മകൾക്ക് സാമൂഹിക മാധ്യമത്തിലൂടെ സന്ദേശം അയച്ചെന്ന പേരിൽ ദമ്പതികൾ കുട്ടിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയ ശേഷം മർദിച്ചിരുന്നതായി രക്ഷിതാക്കൾ പരാതി നൽകിയിരുന്നു. മുഖത്ത് നീരും ചെവിയിൽ നിന്നു രക്തസ്രാവവും ഉണ്ടായി. ഇതെത്തുടർന്നു മനോവിഷമത്തിലായ കുട്ടിയെ പിന്നീട് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുടുംബത്തിന്റെ പരാതിയെത്തുടർന്ന് ആത്മഹത്യാ പ്രേരണയും കുട്ടിയെ മർദിച്ച വിഷയത്തിൽ ജുവനൈൽ ജസ്റ്റിസ് ആക്ടും ഉൾപ്പെടുത്തി കേസെടുത്തു.
കഴിഞ്ഞ ദിവസം കൊല്ലം സെഷൻസ് കോടതി പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. തുടർന്നു മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫാക്കിയ ശേഷം ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ ചവറയിലെ ബന്ധുവീട്ടിൽ നിന്ന് ഇന്നലെ പുലർച്ചെ പൊലീസ് പിടികൂടി. രോഗിയായ പിതാവും ഭിന്നശേഷിക്കാരനായ സഹോദരനും ഉൾപ്പെടുന്ന നിർധന കുടുംബത്തിന്റെ ആകെയുള്ള ആശ്രയമായിരുന്നു കുട്ടി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തെന്നും കസ്റ്റഡിയിൽ വാങ്ങി തുടരന്വേഷണം നടത്തുമെന്നും എസ്എച്ച്ഒ കെ.ബി.മനോജ്കുമാർ പറഞ്ഞു.