ADVERTISEMENT

കോട്ടയം ∙ തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവം 15നു കൊടിയേറും. 21നാണു പ്രസിദ്ധമായ തിരുനക്കര പൂരം. 24ന് ആറാട്ടോടെ ഉത്സവം സമാപിക്കും. 15നു വൈകിട്ട് 7നു തന്ത്രി കണ്ഠര് മോഹനരുടെ മുഖ്യ കാർമികത്വത്തിലാണു കൊടിയേറ്റ്. 8നു ശിവശക്തി കലാവേദിയിൽ സമ്മേളനം മന്ത്രി വി.എൻ.വാസവനും കലാപരിപാടികൾ നടൻ മനോജ് കെ. ജയനും ഉദ്ഘാടനം ചെയ്യും. ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ അധ്യക്ഷത വഹിക്കും. 9.30നു വിധു പ്രതാപിന്റെ ഗാനമേള.

രണ്ടാം ഉത്സവ ദിനമായ 16 മുതൽ പള്ളിവേട്ട ദിനമായ 23 വരെ 2നു ഉത്സവബലി ദർശനം. 19 മുതൽ 23 വരെ വൈകിട്ട് 6നു കാഴ്ചശ്രീബലി. മൂന്നു ദിവസം രാത്രി 10നു കഥകളി ഉണ്ടായിരിക്കും. 16നു കിർമീര വധം, 17നു കീചക വധം, 20നു ദക്ഷയാഗം കഥകളാണ് അവതരിപ്പിക്കുക. 19നു രാവിലെ 10.30ന് ആനയൂട്ട്. 20ന് വൈകിട്ട് 6ന് കിഴക്കൂട്ട് അനിയൻ മാരാരുടെ പ്രമാണത്തിൽ സ്പെഷൽ പഞ്ചാരി മേളം.

ഏഴാം ഉത്സവദിനമായ 21നാണു തിരുനക്കര പൂരം. രാവിലെ 9നു വിവിധ ക്ഷേത്രങ്ങളിൽ നിന്നുള്ള ചെറു പൂരങ്ങൾക്കു വരവേൽപ്. വൈകിട്ട് 4ന് 22 ഗജവീരന്മാർ ക്ഷേത്ര മൈതാനത്ത് അണിനിരക്കും. പെരുവനം കുട്ടൻ മാരാരുടെ പ്രമാണത്തിൽ 111 ൽ പരം കലാകാരന്മാരുടെ പഞ്ചാരി മേളം. തന്ത്രി കണ്ഠര് മോഹനര് ദീപം തെളിയിക്കും. 22നു 6നു ദേശവിളക്ക്. 10ന് വലിയ വിളക്ക്, സ്പെഷൽ പഞ്ചാരി മേളം. രാത്രി 9.30ന് നടി നിഖിലാ വിമലിന്റെ നൃത്തം.

23ന് 6ന് ദേശതാലപ്പൊലി, 9.30നു പിന്നണി ഗായിക ദുർഗ വിശ്വനാഥിന്റെ ഗാനമേള. 12.30നു പള്ളിവേട്ട എഴുന്നള്ളിപ്പ്. 24നു രാവിലെ 7ന് ആറാട്ട് കടവിലേക്ക് എഴുന്നള്ളിപ്പ്. 11ന് ആറാട്ട് സദ്യ. 5ന് ഇഞ്ചിക്കുടി ഇ.എം. മാരിയപ്പന്റെ നാഗസ്വരക്കച്ചേരി. 8.30ന് സമാപന സമ്മേളനം മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം പുഷ്പാഞ്ജലി സ്വാമിയാർ അച്യുത ഭാരതി സ്വാമിയാർ ദീപം തെളിയിക്കും.

10ന് ഗായത്രി വെങ്കിട്ട രാഘവന്റെ ആറാട്ട് കച്ചേരി. പുലർച്ചെ 1.30ന് ക്ഷേത്ര മൈതാനത്ത് ആറാട്ട് എതിരേൽപ്. വിവിധ ദിവസങ്ങളിൽ കഥകളി, ഭക്തിഗാനമേള, സംഗീത നിശ, കഥാപ്രസംഗം, തിരുവാതിര കളി തുടങ്ങിയവയും ഉണ്ടായിരിക്കുമെന്നു ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ടി.സി.ഗണേശ്, സെക്രട്ടറി അ‍ജയ് ടി. നായർ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഓഫിസർ പി.ആർ. മീര എന്നിവർ അറിയിച്ചു.

അണിനിരക്കുന്ന ഗജവീരന്മാർ

തിരുനക്കര ശിവൻ, പാമ്പാടി രാജൻ, ഭാരത് വിനോദ്, ഈരാറ്റുപേട്ട അയ്യപ്പൻ, വേമ്പനാട് അർ‍ജുനൻ, ചിറക്കാട്ട് അയ്യപ്പൻ, പരിമണം വിഷ്ണു, ഭാരത് വിശ്വനാഥൻ, ഉഷശ്രീ ശങ്കരൻകുട്ടി, പാലാ കുട്ടിശങ്കരൻ, പാമ്പാടി സുന്ദരൻ, ചൈത്രം അച്ചു, ആക്കവിള വിഷ്ണു നാരായണൻ, ഉണ്ണിമങ്ങാട് ഗണപതി, തോട്ടയ്ക്കാട് രാജശേഖരൻ, ഗുരുവായൂർ ഗോകുൽ, മീനാട് വിനായകൻ, പഞ്ചമത്തിൽ ദ്രോണ, കുന്നുമ്മേൽ പരശുരാമൻ, ഇത്തിത്താനം വിഷ്ണു നാരായണൻ, ചൂരൂർമഠം രാജശേഖരൻ, വാഴപ്പള്ളി മഹാദേവൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com