തടസ്സം നീങ്ങി; ആകാശ നടപ്പാത പണി ഉടൻ പുനരാരംഭിക്കും
Mail This Article
കോട്ടയം∙ ആകാശ നടപ്പാതയുടെ നിർമാണം വേഗത്തിൽ പൂർത്തിയാക്കാൻ നടപടി ഉടൻ ആരംഭിക്കും.നിർമാണത്തിന്റെ തടസ്സങ്ങൾ ചർച്ച ചെയ്യാൻ മന്ത്രി എ.കെ. ശശീന്ദ്രന്റെ അധ്യക്ഷതയിൽ സംസ്ഥാന തലത്തിൽ യോഗം ചേർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു തുടർ നിർമാണ നടപടികൾ ഉടൻ ആരംഭിക്കുന്നതെന്നു കലക്ടർ പി.കെ.സുധീർബാബു പറഞ്ഞു. കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
കോട്ടയം നഗരസഭയുടെയും സിഎസ്ഐ ട്രസ്റ്റ് അസോസിയേഷന്റെയും ഉടമസ്ഥതയിലുള്ള ഭൂമി വിട്ടു കിട്ടുന്നതിനുള്ള നടപടികൾ പൂർത്തിയായാലുടൻ പണി ആരംഭിക്കും. നടപ്പാതയുടെ ഭാഗമായുള്ള ഗോവണിയും ലിഫ്റ്റും നിർമിക്കുന്നതിനായാണിത്. ഭൂമി വിട്ടു നൽകുന്നതിനു നഗരസഭ പ്രമേയം പാസാക്കി സർക്കാരിനു സമർപ്പിച്ചിട്ടുണ്ട്. സിഎസ്ഐ ട്രസ്റ്റ് അസോസിയേഷന്റെ സമ്മതപത്രം ലഭ്യമാക്കുന്നതിനും അടുത്ത ഘട്ടത്തിലേക്ക് വൈഎംസിഎയുടെ ഉടമസ്ഥതയിലുളള ഭൂമി വിട്ടുകിട്ടുന്നതിനുമുള്ള നീക്കം നടത്തിവരികയാണ്.
നടപ്പാത നിർമാണത്തിന് 5.18 കോടി രൂപയുടെ പദ്ധതിക്കാണ് സംസ്ഥാന സർക്കാരിന്റെ അംഗീകാരം ലഭിച്ചിരുന്നത്. കിറ്റ്കോയുടെ നേതൃത്വത്തിൽ ആരംഭിച്ച നിർമാണത്തിന്റെ ഭാഗമായി മെറ്റൽ തൂണുകൾ സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയായി. ജലവിതരണ പൈപ്പ് ലൈനുകൾ, വൈദ്യുത പോസ്റ്റുകൾ, ലൈനുകൾ എന്നിവ മാറ്റി സ്ഥാപിച്ചു.
നഗരസഭാ ചെയർപഴ്സൻ പി.ആർ.സോന, എഡിഎം അലക്സ് ജോസഫ്, നഗരസഭാ സെക്രട്ടറി ഇ.ടി സുരേഷ് കുമാർ, സിഎസ്ഐ ബേക്കർ കോംപൗണ്ട് മാനേജർ റവ. ഫാ. രാജു ജേക്കബ്, വൈഎംസിഎ ജനറൽ സെക്രട്ടറി ഷാജു ഇ. വർഗീസ് എന്നിവർ പങ്കെടുത്തു.