ADVERTISEMENT

കാട്ടിക്കുന്നിൽ കാണേണ്ട കാഴ്ചകൾ

മത്സ്യഫെഡിന്റെ വൈക്കം ചെമ്പ് കാട്ടിക്കുന്നിലെ പാലാക്കരി അക്വാ ടൂറിസം സെന്ററിൽ വൈകുന്നേരങ്ങളിൽ പ്രത്യേക പാക്കേജുണ്ട്. വേമ്പനാട്ടു കായലിന്റെ ഓളപ്പരപ്പിലൂടെ സ്പീഡ് ബോട്ട് സവാരി, കെട്ടുവള്ള മ്യൂസിയം സന്ദർശനം, മത്സ്യക്കൃഷി സന്ദർശനം എന്നിവയ്ക്കു സൗകര്യം.  ചീനവലയോട് ചേർന്നു ഫോട്ടോയെടുക്കാം.  കുട്ടികളുടെ പാർക്കും മനോഹരം.  വൈകിട്ട് 3മുതൽ 6 വരെയാണു സമയം. 200 മുതൽ 350 വരെയാണു  ടിക്കറ്റ് നിരക്ക്.ഹ്രസ്വ ദൂര യാത്രയ്ക്കും സൗകര്യമുണ്ട്. രാവിലെ 11മുതൽ വൈകിട്ട് 5.30 വരെയാണു സമയം. ഉച്ചവരെ പാലാക്കരിയിൽ തങ്ങി ഭക്ഷണശേഷം സന്ദർശകരുടെ ഇഷ്ടാനുസരണം തൃപ്പൂണിത്തുറ ഹിൽ പാലസ് അല്ലെങ്കിൽ നീണ്ടൂർ ജെഎസ് ഫാമിലേക്ക് യാത്ര നടത്താം.

രാവിലെയും വൈകിട്ടും ലഘു ഭക്ഷണവും ചായയും ഉണ്ടാവും. 750 രൂപയാണു  ടിക്കറ്റ് നിരക്ക്. പാലാക്കരിയിൽ നിന്നു ശിക്കാരി ബോട്ടിൽ പാതിരാ മണലിലേക്ക് യാത്ര പോകാം. ഭക്ഷണവും ഉണ്ടാകും. രാവിലെ 7.30ന് ആരംഭിക്കുന്ന യാത്ര 2.30നു പാലാക്കരിയിൽ തിരികെ എത്തും. 5.30 വരെ പാലാക്കരിയിലെ കാഴ്ചകൾ കാണാം. രുചികരമായ മത്സ്യ വിഭവങ്ങൾ ഇന്നു മുതൽ ജനുവരി 5 വരെ ഒരുക്കിയിട്ടുണ്ട്. രാവിലെ 9 മുതൽ വൈകിട്ട് 8 വരെയാണു സമയം. 

തീക്കോയി മാർമല 

  മാർമല വെള്ളച്ചാട്ടം
മാർമല വെള്ളച്ചാട്ടം

ഈരാറ്റുപേട്ട തീക്കോയി മംഗളഗിരി വഴി 10 കിലോമീറ്റർ സഞ്ചരിച്ചാൽ മാർമല അരുവിയിൽ എത്താം. 100 അടിയിലേറെ ഉയരത്തിൽ നിന്നുള്ള വെള്ളച്ചാട്ടം പ്രധാന ആകർഷണം. വെള്ളച്ചാട്ടത്തിനു താഴെ വിശാലമായ തടാകം പാറക്കെട്ടുകൾ എന്നിവയുമുണ്ട്. യാത്രികർ സ്വയം സുരക്ഷ നോക്കണം. തടാകത്തിനടിയിലെ വെള്ളം തണുപ്പ് കൂടിയതായതിനാൽ അപകട സാധ്യത ഏറെയാണ്. പാറക്കൂട്ടങ്ങളിൽ വഴുക്കലുമുണ്ട്. 

വെംബ്ലി

 വെംബ്ലി ഭാഗത്തെ വെള്ളച്ചാട്ടങ്ങളിലൊന്ന്
വെംബ്ലി ഭാഗത്തെ വെള്ളച്ചാട്ടങ്ങളിലൊന്ന്

നാടിന്റെ നിശ്ശബ്ദതയിൽ മലമുകളിൽ നിന്നു കുത്തിയൊഴുകിയെത്തുന്ന വെള്ളച്ചാട്ടം കൺ കുളിർക്കുന്ന കാഴ്ചയാണ്. ഡിസംബർ വേനലിൽ വെള്ളം അൽപം വറ്റിയെങ്കിലും  മനോഹാരിതയ്ക്ക് കുറവൊന്നുമില്ല. 3 വെള്ളച്ചാട്ടങ്ങളാണ് മേഖലയിൽ ഉള്ളത്. മുണ്ടക്കയത്ത് നിന്നു 10 കിലോമീറ്റർ സഞ്ചരിച്ച് കൂട്ടിക്കൽ ചപ്പാത്ത് വഴി വെംബ്ലിയിൽ എത്താം. ഇവിടെ വഴിയരികിൽ തന്നെയാണ് ആദ്യ വെള്ളച്ചാട്ടം. പിന്നീട് പോളച്ചിറ ഭാഗം വഴി 500 മീറ്റർ സഞ്ചരിച്ചാൽ മറ്റു 2 വെള്ളച്ചാട്ടങ്ങളിലും എത്താനാകും. പ്രകൃതി സൗന്ദര്യത്തിനൊപ്പം സാഹസികതയുടെ കളിസ്ഥലമായ ഇവിടെ സഞ്ചാരികൾ സ്വയം സുരക്ഷ സ്വീകരിക്കണം. 

പെരുന്തേനരുവി 

എരുമേലി നിന്നു  മുക്കൂട്ടുതറ, ചാത്തൻതറ വഴി 10 കിലോമീറ്റർ സഞ്ചരിച്ചാൽ പമ്പാനദിയിലെ പെരുന്തേനരുവി വെള്ളച്ചാട്ടത്തിന് അരികിൽ എത്താം.  500 മീറ്റർ മുകളിലായി ചെറുകിട ജല പദ്ധതിക്കു വേണ്ടിയുള്ള അണക്കെട്ടുമുണ്ട്. കനാൽ വഴി വെള്ളം പവർ ഹൗസിലേക്ക് ഒഴുകി എത്തുന്നതു കാണാം.വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം അകലെ മാറി നിന്നു മാത്രം കാണുക. വഴുക്കലുള്ള പാറക്കെട്ടുകളിൽ തെന്നി വീണു പലപ്പോഴായി 30 ലധികം ആളുകൾ മരിച്ച പ്രദേശമാണ്.  നദിയുടെ ഒരു കര റിസർവ് വനമാണെങ്കിലും വന്യജീവികളില്ല. അണക്കെട്ടിനു മുകളിലുള്ള റോഡിലൂടെ വാഹന സഞ്ചാരമുണ്ട്. സഞ്ചാരികൾ ഭക്ഷണം കരുതണം. 

ചേതോഹരം ചേന്നാട് വേങ്ങത്താനം

 വേങ്ങത്താനം വെള്ളച്ചാട്ടം
വേങ്ങത്താനം വെള്ളച്ചാട്ടം

ഈരാറ്റുപേട്ട ചേന്നാട് മാളിക വഴി 14 കിലോമീറ്റർ സഞ്ചരിച്ചാൽ വേങ്ങത്താനത്ത് എത്താം. ഉയരത്തിൽ നിന്നുള്ള വെള്ളച്ചാട്ടം ഇവിടെയും ആകർഷണം. വഴുക്കലുള്ള പാറ അപകട സാധ്യത വർധിപ്പിക്കുന്നു. സുരക്ഷാ സംവിധാനം  ഇല്ലാത്തതിനാൽ സ്വയം സുരക്ഷ ഉറപ്പാക്കണം. 

മനോഹരം മൂന്നിലവ് കട്ടിക്കയം 

കട്ടിക്കയം വെള്ളച്ചാട്ടം
കട്ടിക്കയം വെള്ളച്ചാട്ടം

ഈരാറ്റുപേട്ടയിൽ നിന്നു മൂന്നിലവു വഴി ഇല്ലിക്കൽ കല്ലിലേക്കുള്ള റോഡിൽ നിന്ന് ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ കട്ടിക്കയം വെള്ളച്ചാട്ടത്തിൽ എത്താം. വെള്ളച്ചാട്ടവും തടാകവും ഇവിടെയും ആകർഷണം. തടാകത്തിനടിയിലെ പാറക്കെട്ടിലെ വിടവുകൾ അപകടം ക്ഷണിച്ചു വരുത്താൻ സാധ്യത. സ്വയം സുരക്ഷ ഉറപ്പാക്കണം. 

പാൽനിലാവായ് പാതാമ്പുഴ അരുവിക്കച്ചാൽ

  അരുവിക്കച്ചാൽ വെള്ളച്ചാട്ടം
അരുവിക്കച്ചാൽ വെള്ളച്ചാട്ടം

ഈരാറ്റുപേട്ടയിൽ നിന്നു പൂഞ്ഞാർ പാതാമ്പുഴ വഴി 10 കിലോമീറ്റർ സഞ്ചരിച്ചാൽ അരുവിക്കച്ചാലിലെത്താം. വാഹനം പോകുന്ന വഴിയിൽ നിന്നു കഷ്ടിച്ച് ഒരു കിലോമീറ്റർ നടന്നാൽ വെള്ളച്ചാട്ടത്തിന് അരികിലെത്താം. 100 അടിയിലേറെ ഉയരത്തിൽ നിന്നുള്ള വെള്ളച്ചാട്ടം മുഖ്യ ആകർഷണം. വെള്ളച്ചാട്ടത്തിനു താഴെ വിശലമായ തടാകവുമുണ്ട്. സുരക്ഷ ഉറപ്പാക്കൽ ഇവിടെയും പ്രധാനം. 

കമനീയം കുമരകം

         കുമരകം കായൽ തീരത്തെ നാലുപങ്ക് ബോട്ട് ടെർമിനൽ, സൂര്യാസ്തമയം കാണുന്നതിന് അനുയോജ്യമായ സ്ഥലം.
കുമരകം കായൽ തീരത്തെ നാലുപങ്ക് ബോട്ട് ടെർമിനൽ, സൂര്യാസ്തമയം കാണുന്നതിന് അനുയോജ്യമായ സ്ഥലം.

വെറുതേ കുമരകത്തു പോയാൽ പോരാ. ഈ കാഴ്ചകൾ കണ്ടേ മടങ്ങാവൂ.  വേമ്പനാട്ടു കായൽ യാത്ര:  വഞ്ചിവീട്, മോട്ടർ ബോട്ട്, ശിക്കാര വള്ളം, ചെറു വള്ളങ്ങൾ എന്നിവയുണ്ട്. കായൽ യാത്രയ്ക്കിടെ തണ്ണീർമുക്കം ബണ്ട്, പാതിരാമണൽ ദ്വീപ്, ആർ ബ്ലോക്ക് എന്നിവിടങ്ങളിൽ പോകാം. കുറഞ്ഞ ചെലവിൽ കായൽ യാത്ര നടത്താൻ ജലഗതാഗത വകുപ്പിന്റെ ബോട്ട് ആശ്രയിക്കാം. കുമരകത്ത് നിന്നു മുഹമ്മയ്ക്കും തിരികെയും കായലിനു നടുവിലൂടെ യാത്ര ചെയ്യുന്നതിന് ഒരാൾക്ക് 20 രൂപയാണു ബോട്ട് കൂലി.

 കുമരകം ബോട്ട് ജെട്ടിയിൽ നിന്നു കായൽ യാത്രയ്ക്കു പോകാനെത്തിവരുടെ തിരക്ക്
കുമരകം ബോട്ട് ജെട്ടിയിൽ നിന്നു കായൽ യാത്രയ്ക്കു പോകാനെത്തിവരുടെ തിരക്ക്

കവണാറ്റിൻകര പക്ഷി സങ്കേതം:  സ്വദേശികൾക്ക് ഒരാൾക്ക് 50 രൂപയും വിദേശിക്ക് 150 രൂപയുമാണ് നിരക്ക്. രാവിലെ 6 മുതൽ 9 വരെയും വൈകിട്ട് 4–6 വരെയാണു പക്ഷികളെ കാണാൻ സൗകര്യം.   കവണാറ്റിൻകര ആമ്പൽ വസന്തം:  കവണാറ്റിൻകരയിൽ നിന്ന് ഉത്തരവാദിത്ത ടൂറിസം മിഷൻ വക ബോട്ട് സർവീസുണ്ട്. രാവിലെ 6 മുതൽ 9 വരെയാണ് ആമ്പൽപ്പൂവ് വിടർന്നു നിൽക്കുന്നത്. വയൽക്കാഴ്ച: പച്ചപ്പണിഞ്ഞു  പോലെ നൂറുകണക്കിന് ഏക്കർ പാടശേഖരം. കായലോരത്തിനു ചേർന്നു തന്നെ പാടശേഖരങ്ങൾ ഉണ്ട്.

മലമടക്കുകളിലെ മഹാസൗന്ദര്യം അദ്ഭുതത്തിന്റെ ഇല്ലിക്കൽക്കല്ല്

ഈരാറ്റുപേട്ടയിൽ നിന്നു തീക്കോയി മേലടുക്കം വഴിയും മൂന്നിലവു  വഴിയും ഇവിടെയെത്താം. 24 കിലോമീറ്റർ ദൂരം. സമുദ്ര നിരപ്പിൽ നിന്നു  3875 അടി ഉയർന്നു നിൽക്കുന്ന കരിങ്കൽ ഗോപുരമാണ് പ്രധാന ആകർഷണം.  ഗോപുരത്തിലെത്താൻ നരകപ്പാലം. വിശാലമായ പുൽപരപ്പിൽ കാഴ്ചകൾ കണ്ട് വിശ്രമിക്കാം. തണുപ്പും മഞ്ഞും ആസ്വദിക്കാൻ ഏറെ അനുയോജ്യം. 

പുഞ്ചിരി പോലെ പൂഞ്ചിറ

ഈരാറ്റുപേട്ടയിൽ നിന്നു മേലുകാവ് വഴി 30 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ ഇലവീഴാപൂഞ്ചിറയെന്ന മനോഹര സ്ഥലത്തെത്താം. വിശാലമായ പുൽപ്പരപ്പ്, തടയണ, കുളം എന്നിവയാണു കാഴ്ചകൾ. ഇവിടേക്കുള്ള വഴി തകർച്ചയിലാണ്.  യാത്രികർ ഇക്കാര്യം ശ്രദ്ധിക്കണം.  

കാഴ്ചയുടെ അയ്യമ്പാറ

ഈരാറ്റുപേട്ടയിൽ നിന്നു തീക്കോയി വഴി തലനാട് 14 കിലോ മീറ്റർ. ‌35 ഏക്കറോളം പരന്നു കിടക്കുന്ന പാറക്കെട്ട്. ഒരുവശത്ത് അയ്യമ്പാറ പള്ളി, മറുവശത്ത് ക്ഷേത്രം, ഒരു വശം താഴ്ചയേറിയ കൊക്കകൾ. പ്രകൃതി ഭംഗി ഏറെയുള്ള സ്ഥലങ്ങൾ. ഫൊട്ടോഗ്രഫിക്ക് ഏറെ അനുയോജ്യം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com