രാസവസ്തുക്കളില്ലാത്ത മത്സ്യം ഇനി വീട്ടുപടിക്കൽ
Mail This Article
കോട്ടയം ∙ രാസവസ്തുക്കളില്ലാത്ത മത്സ്യം ഇനി വീട്ടുപടിക്കൽ. മത്സ്യഫെഡിന്റെ ജില്ലയിലെ ആദ്യത്തെ സഞ്ചരിക്കുന്ന മത്സ്യ ശാല ‘ഫിഷറ്റേറിയൻ മൊബൈൽ മാർട്ട്’ ഇന്നു പ്രവർത്തനം ആരംഭിക്കും. മത്സ്യഫെഡിൽ നിന്നു വായ്പയെടുത്ത തൊഴിലാളികളിൽ നിന്നു ഉൾപ്പെടെ നേരിട്ട് ശേഖരിക്കുന്ന മത്സ്യം ഫിഷറ്റേറിയൻ മൊബൈൽ മാർട്ടിൽ ലഭിക്കും.
പരമ്പരാഗത മത്സ്യ തൊഴിലാളികളിൽ നിന്നു ശേഖരിക്കുന്ന മത്സ്യത്തിൽ മാലിന്യം ഇല്ലെന്നതു കൂടാതെ ശാസ്ത്രീയമായ വിധത്തിൽ പിടിക്കുന്ന മത്സ്യം എന്നതും ‘ഫിഷറ്റേറിയനെ’ വ്യത്യസ്തമാക്കുന്നു. ഇന്ന് വൈകിട്ട് 3ന് മത്സ്യഫെഡ് ചെയർമാൻ പി.പി.ചിത്തരഞ്ജൻ പനമ്പാലത്ത് ഉദ്ഘാടനം ചെയ്യും. ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ജോസഫ് അധ്യക്ഷത വഹിക്കും.
മത്സ്യം വൃത്തിയാക്കി ലഭിക്കും
ടെംപോ വാനിൽ ക്രമീകരിച്ച മത്സ്യ മാർട്ടിൽ 3 ജീവനക്കാരാണ്. വലിയ മത്സ്യങ്ങൾ വൃത്തിയാക്കി നൽകുന്നതിനു ക്രമീകരണങ്ങൾ വാഹനത്തിലുണ്ട്. ദിവസേന ലഭിക്കുന്ന മീൻ ആയതിനാൽ ഐസ് ഇട്ട് തണുപ്പിക്കുന്ന സംവിധാനമാണ് വാഹനത്തിൽ. 500 – 750 കിലോഗ്രാം മത്സ്യം വാഹനത്തിൽ സൂക്ഷിക്കാം.
തീരുന്ന സാഹചര്യത്തിൽ കുമരകത്ത് എത്തി മത്സ്യം നിറച്ച് വീണ്ടും നഗരത്തിൽ എത്തി വിൽപന നടത്താനാണ് പദ്ധതിയെന്നും അധികൃതർ പറഞ്ഞു. മത്സ്യഫെഡിന്റെ മൂല്യവർധിത ഉൽപന്നങ്ങളായ അച്ചാർ, മസാല, ചെമ്മീൻ ചമ്മന്തി പൊടി, മറ്റു പാക്കറ്റ് സാധനങ്ങൾ എന്നിവയും വാഹനത്തിൽ വിൽപനയ്ക്ക് ഉണ്ടാകും.
മായമില്ലാതെ കടൽ – കായൽ മത്സ്യം
മായം ചേർക്കാത്ത മത്സ്യം ഗുണഭോക്താക്കളിൽ എത്തിക്കുകയെന്ന ലക്ഷ്യവുമായി സഞ്ചരിക്കുന്ന മത്സ്യ ശാല പ്രവർത്തനം ആരംഭിക്കുന്നത്.മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളിൽ നിന്ന് കായൽ മത്സ്യങ്ങളും കൊല്ലം, തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ തുറമുഖങ്ങളിൽ നിന്ന് കടൽ മത്സ്യങ്ങളും ദിവസേന ശേഖരിച്ചാണ് വിൽപന.
ശേഖരിക്കുന്ന മത്സ്യങ്ങൾ കുമരകത്തെ മത്സ്യഫെഡ് ബേസ് സ്റ്റേഷനിൽ എത്തിച്ച് ഇവിടെ നിന്നും ബൂത്തുകളിൽ എത്തിക്കും. 12 ബൂത്തുകൾ നിലവിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിനൊപ്പം തന്നെ മൊബൈൽ യൂണിറ്റും ഇനി പ്രവർത്തിക്കും. വൈകിട്ട് 3ന് പനമ്പാലം, 4.30ന് ഗാന്ധിനഗർ, 6ന് നാഗമ്പടം എന്നിവിടങ്ങളിൽ വാഹനം എത്തും.