‘നൂലിൽ കെട്ടി ഇറക്കിയതു പോലെ തെങ്ങിന്റെ മുകളിൽ നിന്ന് ഞാൻ താഴെ എത്തി’
Mail This Article
പരുത്തുംപാറ∙ ‘‘നൂലിൽ കെട്ടി ഇറക്കിയതു പോലെ ഞാൻ താഴെ എത്തി’’– അനിൽകുമാർ പറഞ്ഞു. എവിടെ നിന്നാണ് എന്നു ചോദിക്കുമ്പോഴാണ് കളി കാര്യമാകുന്നത്. മരംവെട്ടുകാരനായ അനിൽകുമാർ തെങ്ങിന്റെ മുകളിൽ കയറി ഒരു കഷണം വെട്ടിയിട്ട ശേഷം രണ്ടാമത്തെ കഷണം മുറിക്കാൻ ആരംഭിക്കുമ്പോഴാണ് 35 അടി ഉയരത്തിൽ നിന്നു താഴേക്കു വീണത്. അരയിൽ കെട്ടിയ ബെൽറ്റ് പൊട്ടുകയായിരുന്നു. വലിയ കല്ലുകയ്യാലയും കടന്ന് താഴെയുള്ള ചെറിയ തൊണ്ടിലേക്ക് ‘സെയ്ഫ് ലാൻഡ് ’ചെയ്തു.
രണ്ടു കാലും ഭൂമിയിൽ കുത്തി നിന്നപ്പോൾ അനിൽകുമാർ ഒന്നു ചിരിച്ചു– രക്ഷപ്പെട്ടല്ലോ എന്നോർത്ത്! തോളിൽ കിടന്ന കൈക്കോടാലിയുടെ വായ്ത്തല താടിയിൽ തട്ടിയുണ്ടായ ചെറിയ മുറിവു മാത്രം. 30 വർഷം മുൻപ് ബസ് കണ്ടക്ടറായി ജോലി ചെയ്തിരുന്ന അനിൽകുമാർ സാമ്പത്തിക പ്രതിസന്ധി മൂലം അത് ഉപേക്ഷിച്ചിട്ടാണ് മരം മുറിക്കുന്ന ജോലി തുടങ്ങിയത്. പരുത്തുംപാറ കുഴിമറ്റം വാതുക്കാട്ട് വീട്ടിൽ ഭാര്യ ഗീതയും മൂന്നു മക്കളും ആരോഗ്യസ്ഥിതി മോശമായ അച്ഛനും അമ്മയുമാണ് ഉള്ളത്.