നാഗമ്പടം ഇൻഡോർ സ്റ്റേഡിയം കോവിഡ് ആശുപത്രിയാക്കും
Mail This Article
കോട്ടയം ∙ കോവിഡ് വ്യാപനം നേരിടുന്നതിനു നാഗമ്പടം ഇൻഡോർ സ്റ്റേഡിയം കോവിഡ് ആശുപത്രിയാക്കും. നഗരസഭ പരിധിയിൽ പ്രത്യേകം ഒരുക്കുന്ന ആദ്യ ജനകീയ ആരോഗ്യ പരിപാലന കേന്ദ്രം (കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ – സിഎഫ്എൽടിസി) ആണിത്. നഗരസഭയും ആരോഗ്യ വകുപ്പും ഒരുക്കം തുടങ്ങി. നഗരപരിധിയിലെ വിവിധ ഓഡിറ്റോറിയങ്ങളും താൽക്കാലിക ആശുപത്രികളാക്കാൻ പട്ടിക തയാറാക്കി.
23നു മുൻപ് ആശുപത്രികൾ തയാറാക്കണമെന്നാണു നിർദേശം. നഗരസഭയുടെ പരിധിയിൽ 2.600 പേരെയെങ്കിലും കിടത്തി ചികിത്സിക്കുന്നതിന് അധിക സൗകര്യം ഒരുക്കണമെന്നാണു കോവിഡ് പ്രതിരോധ സെല്ലിന്റെ അറിയിപ്പ്. നഗരസഭയുടെയും ജില്ലാ ആരോഗ്യ വകുപ്പിന്റെയും ഉദ്യോഗസ്ഥർ സ്റ്റേഡിയം സന്ദർശിച്ചു. റിപ്പോർട്ട് തയാറാക്കി. ജില്ലാ ദുരന്ത നിവാരണ കമ്മിറ്റിയും സഹകരിക്കും. സമൂഹ വ്യാപനം ഉണ്ടായാൽ നിലവിലുള്ള ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിക്കാത്തവിധത്തിൽ പ്രാദേശിക ആരോഗ്യ കേന്ദ്രങ്ങൾ വേണമെന്നാണു തീരുമാനം.
സൗകര്യങ്ങൾ
∙ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം വാർഡുകൾ. കട്ടിൽ, കിടക്ക തുടങ്ങിയവ നഗരസഭ ഒരുക്കും. അന്വേഷണ കൗണ്ടർ, ഡോക്ടേഴ്സ് കൺസൽട്ടിങ് റൂം, ഒബ്സർവേഷൻ റൂം, നഴ്സിങ് റൂം, ഫാർമസി, സ്റ്റോർ എന്നിവയുണ്ടാവും. 24 മണിക്കൂറും ആംബുലൻസ് സജ്ജമാക്കും.