നവീകരണം നടന്നിട്ട് അര നൂറ്റാണ്ട്; തിരുവാർപ്പ് കൊട്ടാരത്തോട് തീരാത്ത അവഗണന
Mail This Article
കുമരകം ∙ ചരിത്ര സംഭവങ്ങൾക്കു സാക്ഷ്യം വഹിച്ച തിരുവാർപ്പിന്റെ മണ്ണിൽ ചരിത്ര സ്മാരകത്തിന് അവഗണന. ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പുരാതന കൊട്ടാരമാണ് അധികൃത ശ്രദ്ധയില്ലാതെ ജീർണാവസ്ഥയിലായത്. തിരുവിതാംകൂർ രാജ കുടുംബാംഗങ്ങൾ തിരുവാർപ്പിൽ ക്ഷേത്ര ദർശനത്തിന് എത്തുമ്പോൾ വിശ്രമിക്കുകയും താമസിക്കുകയും ചെയ്തിരുന്നത് ഇവിടെയാണ്.
കേരളയ പാരമ്പര്യ വാസ്തു വിദ്യയിൽ നിർമിച്ചതാണു സമുച്ചയം. ചരിത്ര പ്രാധാന്യവും പുരാവസ്തു മൂല്യവും കണക്കിലെടുത്തു കൊട്ടാരം സംരക്ഷിക്കണമെന്നാണു ജനകീയ ആവശ്യം. തിരുവിതാംകൂർ മഹാരാജാവ് ചിത്തിര തിരുനാൾ ബാലരാമവർമ പുതുക്കിപ്പണിതതാണു കൊട്ടാരം. തിരുവിതാംകൂർ ദേവസ്വം ബോർഡ് അനാസ്ഥ കാട്ടിയെന്നാണു പരാതി.
ക്ഷേത്ര മേൽശാന്തിയും കീഴ്ശാന്തിയും താമസിക്കുന്നത് ഇവിടെയാണ്. നവീകരണം നടന്നിട്ട് അര നൂറ്റാണ്ട് പിന്നിട്ടു. പടിപ്പുര മാളികകൾ നിലം പൊത്താവുന്ന സ്ഥിതിയിലാണ്. തേവാരക്കുളം മലിനമായി. കൊട്ടാരം സംരക്ഷിക്കണമെന്നു ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് നട്ടാശേരി ആവശ്യപ്പെട്ടു.