ADVERTISEMENT

മോനിപ്പള്ളി ∙ നാട്ടുവഴികളിൽ ബസുകൾ ഓടിച്ചും അനേകം പേർക്കു തൊഴിൽ അവസരം ഒരുക്കിയും നാടിന്റെ ചാച്ചനായി മാറിയ ക്രിസ്തുരാജ് ബസ് ഉടമ കൂന്തമറ്റത്തിൽ കെ.ജെ.ഏബ്രഹാം (88) ഇനി ഓർമ. ബസ് ഓടിച്ചു ചരിത്രം എഴുതിയ വ്യക്തിയായിരുന്നു ഏബ്രഹാം. 4 മാസം മുൻപു വരെ ബസുകളുടെ സർവീസ് കാര്യത്തിലും വരുമാന കാര്യത്തിലും കൃത്യമായി ഇടപെട്ടിരുന്നു. സ്വകാര്യ ബസ് വ്യവസായത്തിൽ നിന്നു പലരും പിൻമാറിയെങ്കിലും മേഖലയിലെ ബസ് ഉടമകൾ കാരണവർ സ്ഥാനത്തു കാണുന്ന ചാച്ചൻ വർഷങ്ങളായി ഇതിൽ സജീവമായിരുന്നു.

വാഹനങ്ങളോട് അദ്ദേഹത്തിനുള്ള ഇഷ്ടം ചെറുപ്പത്തിലേ കൂടെക്കൂടിയതാണ്. സ്കൂൾ പഠനകാലത്തു കണ്ട കൂനൻ കാറും പഴയ കരിഗ്യാസ് വണ്ടിയും അദ്ദേഹത്തിന്റെ വർത്തമാനങ്ങളിൽ കടന്നു വന്നിരുന്നു. പത്താം ക്ലാസ് പഠനത്തിനു ശേഷം മലഞ്ചരക്ക് കച്ചവടവും വെളിച്ചെണ്ണ വ്യാപാരവും നടത്തി. കൂന്തമറ്റം തറവാട്ടിൽ ആദ്യമെത്തിയ വാഹനം 2 ലോറികളായിരുന്നു. 1974ൽ ബസ് സർവീസ് ആരംഭിച്ചു. കുറവിലങ്ങാടിന് അപ്പുറം മോനിപ്പള്ളി, ഉഴവൂർ,

കൂത്താട്ടുകുളം ഭാഗത്ത് ആദ്യമായി സർവീസ് നടത്തിയത് ഏബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള ക്രിസ്തുരാജ് ബസ് ആയിരുന്നു. കോട്ടയം, പാലാ, തൊടുപുഴ, കൂത്താട്ടുകുളം റൂട്ടുകളിലൊക്കെ ബസ് ഓടി. 20 ബസുകൾ വരെയുണ്ടായിരുന്ന കാലം. പെട്രോൾ പമ്പ്, ടൂറിസ്റ്റ് ബസ് സർവീസ് തുടങ്ങിയവയും പിൽക്കാലത്ത് ആരംഭിച്ചു. ഇപ്പോൾ 9 ക്രിസ്തുരാജ് ബസുകൾ ഉണ്ട്. ലോക്ഡൗൺ വന്നതിനു ശേഷമാണ് ബസ് സർവീസ് നഷ്ടത്തിലായത്. 4 മാസം മുൻപു ചാച്ചൻ രോഗബാധിതനായി. ബസുകളുടെ സർവീസ് നിലച്ചതിൽ വിഷമം ഉണ്ടായിരുന്നുവെന്നു കുടുംബാംഗങ്ങൾ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com