കിണർ വെള്ളത്തിന് നിറംമാറ്റം, ദുർഗന്ധം
Mail This Article
കോട്ടയം ∙ പരുത്തുംപാറയിൽ കിണറുകളിലെ വെള്ളത്തിനു കറുത്ത നിറവും ചാണക മണവും. ജല അതോറിറ്റിയുടെ പൈപ്പു പൊട്ടിയൊഴുകുന്ന വെള്ളം പശുവളർത്തൽ കേന്ദ്രങ്ങളിലും ചെറിയ ചാപ്രകളിലും കലർന്നു കിണറുകളിൽ ഉറവയായി ചേരുന്നു എന്നു നാട്ടുകാർ പറയുന്നു. നെല്ലിക്കൽ – പരുത്തുംപാറ ഷാപ്പ്കുന്ന് മേഖലയിലെ താഴ്ന്ന പ്രദേശത്തെ വീടുകളിലെ കിണറുകളിലാണു പ്രശ്നം. ഷാപ്പ്കുന്നിൽ നിന്നും 500 മീറ്റർ അകലെ വെള്ളം കെട്ടിക്കിടക്കുന്നുമുണ്ട്.
സ്വകാര്യ ലാബുകളിൽ വെള്ളം പരിശോധിച്ചപ്പോൾ വെള്ളം മലിനമാണെന്ന റിപ്പോർട്ടാണു കിട്ടിയത്. പഞ്ചായത്തിലെ ആരോഗ്യ വിഭാഗത്തിന്റെ റിപ്പോർട്ടോടെ വീണ്ടും പരിശോധന നടത്തും.പരുത്തുംപാറ ഷാപ്പ്കുന്ന് ഭാഗത്തു പമ്പിങ് ലൈനാണു പൊട്ടിയത്. അതിനാൽ പമ്പിങ് സമയത്തു മണിക്കൂറുകളോളം വെള്ളം ശക്തമായ ഒഴുക്കാണ്. വെള്ളൂപ്പറമ്പിൽ നിന്നാണു പമ്പിങ്. പനച്ചിക്കാട് പാറക്കുളത്തും നാട്ടകത്തുമുള്ള ജലസംഭരണികളിലാണ് വെള്ളം ശേഖരിക്കുന്നത്. ഇവിടെ നിന്നു പഞ്ചായത്തുകളിലെ മറ്റു പ്രദേശങ്ങളിലും വെള്ളം നൽകുന്നുണ്ട്.
പൈപ്പ് ടാപ്പുകളിൽ നിന്നുള്ള വെള്ളത്തിനു പ്രശ്നമില്ല.കിണറുകളിലെ വെള്ളം മലിനമായതോടെ ഇവിടെയുള്ളവർ ശുദ്ധജലത്തിനായി നെട്ടോട്ടമോടുകയാണ്. വെള്ളപ്പൊക്കത്തിനു ശേഷമുള്ള അനുഭവമായതിനാൽ അത്തരത്തിലുള്ള മാറ്റങ്ങൾ ഉണ്ടോയെന്നും പരിശോധിക്കും. മണ്ണ് പര്യവേക്ഷണ കേന്ദ്രവും മണർകാട് ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ടും മണ്ണും വെള്ളവും പരിശോധിക്കും.
'വെള്ളത്തിലെ അമ്ലത ഉയർന്നതാകാം കാരണം
വെള്ളപ്പൊക്കത്തിനു ശേഷം വെള്ളത്തിലെ അമ്ലത ഉയർന്നുവെന്നു സംശയമുണ്ട്. കഴിഞ്ഞ വർഷം ചില ഭാഗങ്ങളിൽ നിന്നു ഇത്തരത്തിലുള്ള പരാതികളുണ്ടായിരുന്നു. ഇപ്പോൾ പരാതിയുള്ള പ്രദേശങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാകാറില്ല. പഞ്ചായത്തിന്റെ മറ്റു പ്രദേശങ്ങളിൽ നിന്നു പരാതികൾ കിട്ടിയിട്ടുമില്ല. പരുത്തുംപാറ ഷാപ്പ്കുന്ന് ഭാഗത്ത് 5 വീട്ടുകാരിൽ നിന്നാണു പരാതി. കിണറ്റിലെ വെള്ളം പരിശോധിക്കാൻ നിർദേശിച്ചു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ വീണ്ടും മണ്ണും വെള്ളവും പരിശോധിക്കും. പൈപ്പ് പൊട്ടലും ഇതുമായി ബന്ധമില്ലെന്നാണു കരുതുന്നത്. വീട്ടുകാർക്കു ശുദ്ധജലം കിട്ടുന്നതിനു ക്രമീകരണം ചെയ്യും. -റോയ് മാത്യു ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ,പനച്ചിക്കാട് പഞ്ചായത്ത്