പൊതിച്ചോറിൽ അന്നം തേടി ഷിബുവും റമീസയും
Mail This Article
കാഞ്ഞിരപ്പള്ളി∙ കോവിഡ് കാലം ജീവിതങ്ങൾ മാറ്റി മറിക്കുകയാണ്. അങ്ങനെ ജീവിക്കാൻ വേണ്ടി തൊഴിലിലും മാറ്റം വരുത്തി കോവിൽക്കടവ് തൈപ്പറമ്പിൽ ടി.എസ്.ഷിബുവും ഭാര്യ റമീസയും. ഓട്ടോ ഡ്രൈവറായിരുന്നു ഷിബു. ഭാര്യ റമീസ വീട്ടമ്മയും. കോവിഡ് കാലത്ത് ഓട്ടം കുറഞ്ഞതോടെ കുടുംബം പോറ്റാൻ ഷിബുവും വഴി മാറി ഓടിത്തുടങ്ങി. ഷിബുവും റമീസയും പൊതിച്ചോർ ഉണ്ടാക്കി വിറ്റാണ് നിലവിൽ വരുമാനം കണ്ടെത്തുന്നത്.
സ്വന്തം ഓട്ടോറിക്ഷാ ഓടിച്ചും പെയിന്റിങ് ജോലി ചെയ്തുമാണ് ഷിബു കുടുംബം പോറ്റിയിരുന്നത്. കോവിഡ് കാലം പക്ഷേ ഷിബുവിന്റെ ഉപജീവനമാർഗം തകർത്തു. അതോടെയാണ് പുതുവഴി തേടിയത്. സിവിൽ സ്റ്റേഷൻ, ഫയർസ്റ്റേഷൻ, പൊലീസ് സ്റ്റേഷൻ, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലാണ് വിൽപന. ആവശ്യക്കാർ ഫോണിൽ വിളിച്ചു പറഞ്ഞാൽ ഉച്ചയൂണിനു പൊതിച്ചോറ് എത്തിച്ചു നൽകും. ജനമൈത്രി സമിതിയംഗമായ ഷിബു പൊലീസ് സ്റ്റേഷനിൽ 5 ഊണു നൽകി തുടങ്ങിയതാണ്. ഇപ്പോൾ അൻപതിലേറെ ഊണ് സ്ഥിരമായി നൽകി വരുന്നു.. ഫോൺ 9946429787.