ദേശീയപാതയരികിൽ ഇങ്ങനെ ബോർഡ് കാണാം‘ ഉമ്മൻചാണ്ടി നഗർ’; പിന്നിലെ കഥ...
Mail This Article
പാമ്പാടി ∙ ഉമ്മൻചാണ്ടിയുടെ പേരിൽ പാമ്പാടിയിൽ ഒരു നഗർ– ഉമ്മൻചാണ്ടി നഗർ ! പേരിട്ട കാര്യം ഉമ്മൻചാണ്ടി അറിഞ്ഞത് പിന്നീട്.ഒരിക്കൽ തന്റെ കൈയിൽ കിട്ടിയ നിവേദനം കണ്ട് ഉമ്മൻചാണ്ടി ചിരിച്ചു. ഉമ്മൻചാണ്ടി നഗർ റോഡ് ടാർ ചെയ്യണമെന്നായിരുന്നു ആവശ്യം. തന്റെ പേരിൽ ഇങ്ങനെ ഒരു നഗറോയെന്നായിരുന്നു ഉമ്മൻചാണ്ടിയുടെ ചോദ്യം.മുൻപ് പാമ്പാടി ഹൗസിങ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രവർത്തിച്ചിരുന്നു.
സൊസൈറ്റിയുടെ നേതൃത്വത്തിൽ സ്ഥലം ഏറ്റെടുത്തു പ്ലാട്ടുകളാക്കി ജനങ്ങൾക്കു വീടു വയ്ക്കാൻ വായ്പാ സൗകര്യത്തോടെ സ്ഥലം വിൽപന നടത്തി. 25 വർഷം മുൻപ് വെള്ളൂരിലെ അണ്ണാടി വയലിനു സമീപം 4 ഏക്കർ സ്ഥലം ഏറ്റെടുത്തായിരുന്നു ഈ നീക്കം. ഹൗസിങ് സൊസൈറ്റി ഭരണം അന്നു കോൺഗ്രസ് നേതൃത്വം നൽകിയ ബോർഡിനായിരുന്നു.
അവർ ഈ സ്ഥലത്തിന് ഉമ്മൻചാണ്ടി നഗർ എന്നു പേരിട്ടതാണെന്നു സൊസൈറ്റിയുടെ അന്നത്തെ സെക്രട്ടറി ഫിലിപ്പ് വർഗീസ് പറഞ്ഞു. 22 വീടുകൾ ഇവിടെയുണ്ട്.ആധാരത്തിലും മറ്റു രേഖകളിലും എല്ലാ സ്ഥലം ഉമ്മൻചാണ്ടി നഗർ തന്നെ. ദേശീയ പാതയിൽ അണ്ണാടിവയൽ ജംക്ഷനും ഇളപ്പുങ്കൽ ജംക്ഷനും മധ്യേ യാത്ര ചെയ്യുമ്പോൾ ഇങ്ങനെ ബോർഡ് കാണാം‘ ഉമ്മൻചാണ്ടി നഗർ’.