‘ഈ വരവിന്റെ പ്രത്യേകത ഞങ്ങൾക്കറിയാം’; ആശംസകളിൽ മുങ്ങി ഉമ്മൻ ചാണ്ടിയുടെ യാത്ര
Mail This Article
ഇന്നലെ അപ്പയ്ക്കൊപ്പം ഞങ്ങളും വീണ്ടും പുതുപ്പള്ളിക്കു വന്നു. പുതുപ്പള്ളി–തിരുവനന്തപുരം റൂട്ടിൽ സ്ഥിരം വരുന്നതാണ്. എങ്കിലും ഈ യാത്രയുടെ പ്രത്യേകത ഞങ്ങൾക്കറിയാം. 2004 ഓഗസ്റ്റ് 30നാണ് ഇതുപോലെ ഒരുമിച്ചു വന്നത്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ തലേന്നായിരുന്നു ആ യാത്ര. രാത്രി 8ന് തിരുവനന്തപുരത്തു നിന്നു പുറപ്പെട്ടു. അപ്പയുടെ അമ്മയെ കണ്ട് അനുഗ്രഹം വാങ്ങി. പാമ്പാടി, പുതുപ്പള്ളി പള്ളികളിൽ പ്രാർഥിച്ച് അന്നു തന്നെ മടങ്ങി.
ഞങ്ങൾ അപ്പയുമായി സംസാരിക്കുന്നതു കൂടുതലും യാത്രയിലാണ്. തിരക്കില്ലാതെ കുടുംബാംഗങ്ങളോടു സംസാരിക്കാൻ യാത്രയിലാണു സമയം കിട്ടുക. പോകുന്ന വഴിയിലുള്ള കാര്യങ്ങളെല്ലാം ഞങ്ങൾക്കു പറഞ്ഞു തരുന്നതും യാത്രയിലാണ്.ഇത്തവണ ആ പതിവു തെറ്റി. നിരന്തരമായി ഫോൺ കോളുകൾ വരുന്നു. സംവിധായകർ ബാലചന്ദ്ര മേനോൻ, ഹരിഹരൻ തുടങ്ങി പരിചയക്കാർ പലരും വിളിക്കുന്നു.
ഇന്നലത്തെ യാത്രയിൽ അപ്പ കൂടുതൽ സന്തോഷവനായിരുന്നു. കുടുംബത്തോടൊപ്പം പുതുപ്പള്ളിക്കു വരുന്നതിന്റെയാണ് ആ സന്തോഷം. ഞാനും അമ്മ മറിയാമ്മയും സഹോദരി മറിയയും കൊച്ചുമകൻ എഫിനോവയും പഴ്സനൽ സ്റ്റാഫുമാണു വരുന്നത്. വിദേശത്തുള്ള അച്ചുവിനു വരാൻ കഴിഞ്ഞില്ല.