മെഡിക്കൽ കോളജ് സൂപ്പർ, സ്പെഷൽ; നെഗറ്റീവ് പ്രഷർ ഐസിയു ഉൾപ്പടെ വിവിധ പദ്ധതികളിങ്ങനെ...
Mail This Article
കോട്ടയം∙ മെഡിക്കൽ കോളജ് സൂപ്പർ സ്പെഷ്യൽറ്റി നിലവാരത്തിലേക്ക്. 42.69 കോടി ചെലവിട്ടു പൂർത്തിയാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും 137.45 കോടിയുടെ ശസ്ത്രക്രിയാ സമുച്ചയത്തിന്റെയും മെഡിക്കൽ ആൻഡ് സർജിക്കൽ സ്‌റ്റോറിന്റെയും നിർമാണോദ്ഘാടനവും ഇന്നു 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി നിർവഹിക്കും.മന്ത്രി കെ.കെ.ശൈലജ അധ്യക്ഷത വഹിക്കും. എംപിമാരായ ജോസ് കെ.മാണി, തോമസ് ചാഴികാടൻ, കെ.സുരേഷ് കുറുപ്പ് എംഎൽഎ എന്നിവർ പങ്കെടുക്കും.
ഇന്നു സമർപ്പിക്കുന്നത്
നെഗറ്റീവ് പ്രഷർ ഐസിയു-ചിലവ്,01 കോടി
പുതിയ അത്യാഹിത വിഭാഗത്തിന്റെ മുകളിലാണു കൂടുതൽ സൗകര്യങ്ങളോടു കൂടിയ നെഗറ്റീവ് പ്രഷർ ഐസിയു. ഇവിടെ അന്തരീക്ഷ മർദത്തേക്കാൾ മർദം കുറവായിരിക്കും. 12 കിടക്കകളുണ്ട്. രോഗിയിൽ നിന്നു മറ്റുള്ള രോഗികളിലേക്ക് അണുബാധ ഉണ്ടാകാതിരിക്കാൻ പ്രത്യേക വേർതിരിവ് ഉണ്ടാകും. ഇത്തരം സംവിധാനം കോവിഡ്, നിപ, ടിബി തുടങ്ങിയ സാംക്രമിക രോഗങ്ങൾ ബാധിച്ച് അത്യാസന്ന നിലയിലുള്ള രോഗികളുടെ പരിചരണത്തിനു കൂടുതൽ ഉപകാരപ്പെടും.
വാർഡുകളും ഐസിയുവും - ചിലവ്,16.65 കോടി
പുതിയ അത്യാഹിത വിഭാഗം പ്രവർത്തിക്കുന്ന ബ്ലോക്കിലെ മുകളിലത്തെ നിലയിലാണു വാർഡുകളും ഐസിയുവും. 6 വാർഡുകളും 100 കിടക്കകളുമുണ്ട്. 13 ഐസലേഷൻ കിടക്കകളും ഉണ്ടാകും. സെൻട്രൽ ഓക്സിജൻ, സക്ഷൻ മോണിറ്ററുകൾ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
റസിഡന്റ് ക്വാർട്ടേഴ്സ്- ചിലവ്, 12.10 കോടി
പിജി വിദ്യാർഥികൾക്കുള്ള റസിഡന്റ് ക്വാർട്ടേഴ്സാണു സജ്ജമാക്കിയിരിക്കുന്നത്. 100 അപ്പാർട്മെന്റുകൾ ഉണ്ട്.
ലേഡീസ് ഹോസ്റ്റൽ-ചിലവ്, 12.24 കോടി
എംബിബിഎസ് വിദ്യാർഥിനികൾക്കു വേണ്ടിയാണ് ലേഡീസ് ഹോസ്റ്റൽ. 450 കിടക്കകൾ ഉണ്ട്.
ശുചിമുറി സമുച്ചയംചിലവ്, -75 കോടി
ആശുപത്രിയിൽ ചികിത്സയ്ക്കെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പ്രയോജനം ചെയ്യും.
ഇന്നു തുടക്കമിടുന്നത്
∙ശസ്ത്രക്രിയ സമുച്ചയം (134.45 കോടി), മെഡിക്കൽ ആൻഡ് സർജിക്കൽ സ്റ്റോർ (3 കോടി). 8 നിലകളിലായി 400 കിടക്കകളും 14 ശസ്ത്രക്രിയ മുറികളും അടങ്ങുന്നതാണ് ഇത്. 54 ഐസിയു കിടക്കകൾ, സിടി സ്കാൻ, എംആർഐ,അൾട്രാസൗണ്ട് സ്കാൻ എന്നിവയടങ്ങുന്ന റേഡിയോളജി സ്യൂട്ടും ഇതിന്റെ ഭാഗമാണ്.