ഓഫിസാണു പോലും !; ചില സർക്കാർ ഓഫിസുകളിലൂടെ അവസ്ഥ ഇങ്ങനെ...
Mail This Article
പാമ്പാടി ∙ കോവിഡ് കാലത്തു സർക്കാർ ഓഫിസുകൾ വീണ്ടും സജീവമാകുകയാണ്.100 ശതമാനം ഹാജർ നിലയിൽ പ്രവർത്തനം പൂർണ തോതിലാകുമ്പോഴും മേഖലയിലെ ചില സർക്കാർ ഓഫിസുകൾ അസൗകര്യങ്ങളിൽ വീർപ്പുമുട്ടുന്നു. നാലാൾ ഒരുമിച്ചു വന്നാൽ നിന്നു തിരിയാൻ ഇടമില്ലാത്ത, മഴ പെയ്താൽ ചോർന്നൊലിക്കുന്ന വിവിധ ഓഫിസുകൾ ഇവിടെയുണ്ട്. അപ്പോഴും ഓഫിസുകൾ ഒരുകുടക്കീഴിലാക്കാൻ മിനി സിവിൽ സ്റ്റേഷൻ നിർമിക്കുന്നതിനുള്ള പദ്ധതി കടലാസിൽ തന്നെ.മേഖലയിലെ ചില സർക്കാർ ഓഫിസുകളിലൂടെ അവസ്ഥ ഇങ്ങനെ:
വില്ലേജ് ഓഫിസ്
മേഖലയിൽ ഏറ്റവും വലിയ വില്ലേജ് ആണ് പാമ്പാടി വില്ലേജ്. പഞ്ചായത്ത് ഓഫിസിനു സമീപത്തുള്ള വില്ലേജ് ഓഫിസിൽ കൂടുതൽ പേർ ഒരുമിച്ചെത്തിയാൽ നിന്നു തിരിയാൻ പോലും ഇടമില്ല. പാമ്പാടിക്കു പുറമേ, വെള്ളൂർ കരയുടെയും മീനടത്തിന്റെ കുറച്ചു ഭാഗവും ഉൾപ്പെട്ടതാണ് വില്ലേജ് പരിധി. പാമ്പാടി വിഭജിച്ചു വെള്ളൂർ കേന്ദ്രമാക്കി വില്ലേജ് വേണമെന്ന ആവശ്യവും അധികൃതർ ചെവികൊണ്ടില്ല. ഈ വില്ലേജ് ഓഫിസ് നിൽക്കുന്ന സ്ഥലത്താണു നിർദിഷ്ട മിനി സിവിൽ സ്റ്റേഷൻ പണിയാൻ ഉദ്ദേശിക്കുന്നത്. സിവിൽ സ്റ്റേഷൻ പദ്ധതിയുടെ കാര്യത്തിലുള്ള അനിശ്ചിതാവസ്ഥ വില്ലേജ് ഓഫിസിനു കെട്ടിടം പണിയുന്നതിനു തടസ്സമാകുകയാണ്.
സബ് റജിസ്ട്രാർ ഓഫിസ്
സബ് റജിസ്ട്രാർ ഓഫിസ് കണ്ടാൽ അന്തംവിട്ടുപോകും. ഭൂമി സംബന്ധമായ മുഴുവൻ രേഖകളും സൂക്ഷിക്കുന്ന ഒരു ഓഫിസിൽ അസൗകര്യങ്ങളേയുള്ളൂ. കൂടുതൽ റജിസ്ട്രേഷൻ നടക്കുന്ന ദിവസങ്ങളിൽ ഇടപാടുകാർക്കു മാറി നിൽക്കാൻ പോലും സ്ഥലമില്ല. കാലപ്പഴക്കമുള്ള കെട്ടിടത്തിന്റെ വരാന്ത മഴ പെയ്താൽ മുഴുവൻ പൂപ്പൽ പിടിക്കും.
എക്സൈസ് ഓഫിസ്
റജിസ്ട്രാർ ഓഫിസിനു സമീപം പ്രവർത്തിക്കുന്ന എക്സൈസ് ഓഫിസിന്റെ അവസ്ഥ ദയനീയമാണ്. തട്ടിൻ മുകളിൽ നരിച്ചീറുകൾ ‘കയ്യേറി’. ഓഫിസ് പരിസരം കാടുപിടിച്ചു. വനിതാ ഓഫിസർമാരുള്ള ഇവിടെ ജീവനക്കാർക്കു വിശ്രമത്തിനു പോലും സൗകര്യമില്ല. ഓഫിസ് ഇവിടെ നിന്നു മാറ്റിത്തരണമെന്ന് ആവശ്യപ്പെട്ടു പഞ്ചായത്തിലും സമീപ പഞ്ചായത്തുകളിലും വരെ എക്സൈസ് അപേക്ഷ സമർപ്പിച്ചു നോക്കി. നടപടിയുണ്ടായില്ല.
പാമ്പാടി കൃഷി ഭവൻ
പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സ് ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന പ്രവർത്തിക്കുന്ന കൃഷി ഭവന്റെ കാര്യവും വ്യത്യസ്തമല്ല. കർഷകർ വിവിധ ആവശ്യങ്ങൾക്കു ഒരുമിച്ചെത്തിയാൽ നിന്നു തിരിയാൻ ഇടമില്ല. ജീവനക്കാർ തന്നെ തിങ്ങി ഞെരുങ്ങിയാണു ജോലി ചെയ്യുന്നത്. കൃഷി ഭവനും കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫിസും ഉൾപ്പെടെ ഇവിടെ പ്രവർത്തിക്കുന്നു.കൃഷി ഭവനു മെച്ചപ്പെട്ട സൗകര്യം ഒരുക്കണമെന്ന് കർഷകരും കർഷക സംഘടനകളും ആവശ്യമുന്നയിച്ചിട്ടും നടപടികൾ അനന്തമായി നീളുന്നു. കൃഷി ഭവനിൽ മിക്കപ്പോഴും വിവിധ തൈകളും അനുബന്ധ സാധനങ്ങളും വിതരണം ചെയ്യേണ്ടി വരുന്നതിനാൽ താഴത്തെ നിലയിൽ തന്നെ സൗകര്യം നല്ല കെട്ടിടം ഉണ്ടായാൽ കർഷകർക്കു കൂടുതൽ പ്രയോജനപ്രദമാകും.