നഗരത്തിൽ ആകെ 4 ഓട്ടോകൾ മാത്രം ഉള്ളപ്പോഴെത്തിയവർ, ഈ ഓട്ടോറിക്ഷക്കാർ മോഡൽ 80
Mail This Article
കോട്ടയം ∙ വാഹനങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ ഈ ഓട്ടോറിക്ഷക്കാർ മോഡൽ 80. കെ.ഐ. രാമൻ 84 -ാം വയസ്സിൽ തിരുനക്കര പഴയ പ്രസ് ക്ലബ്ബിനു മുന്നിൽ ഓട്ടോ ഓടിക്കുന്നു. അടുത്ത സുഹൃത്ത് കടുവാക്കുളം സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ കുഞ്ഞൂഞ്ഞിന് 82 കഴിഞ്ഞു.കുടമാളൂർ കാഞ്ഞിരത്തിൽ കെ.ഐ.രാമൻ 63 വർഷവും പൂവന്തുരുത്ത് കരിത്തലയ്ക്കൽ കുഞ്ഞൂഞ്ഞ് 60 വർഷവുമായി ഓട്ടോ ഓടിച്ചാണു ജീവിക്കുന്നത്. നഗരത്തിൽ ആകെ 4 ഓട്ടോകൾ മാത്രം ഉള്ളപ്പോഴാണ് ഇരുവരും നിരത്തിലിറങ്ങുന്നത്. രാമൻ ഇപ്പോഴും ഓട്ടോയുമായി ഇറങ്ങുന്നു. കോവിഡ് വ്യാപകമായതോടെ കുഞ്ഞൂഞ്ഞ് താൽക്കാലികമായി ഓട്ടം നിർത്തി.
ഇരുവരും തിരുനക്കര കൽപക സ്റ്റാൻഡിൽ നിന്നാണ് ഓട്ടം ആരംഭിച്ചത്. പിന്നീടു വർഷങ്ങളോളം പ്രസ് ക്ലബ്ബിനു മുന്നിലെ ഓട്ടോ സ്റ്റാൻഡിലുണ്ടായിരുന്നു. കുഞ്ഞൂഞ്ഞ് പലതവണ സ്റ്റാൻഡ് മാറി ഇപ്പോൾ കടുവാക്കുളത്ത്. രാമൻ ഇപ്പോഴും പഴയ സ്റ്റാൻഡിൽ തന്നെ.ഇരുവരുടെയും ഓട്ടോ ഓട്ടം നിർത്താൻ ‘കൈ കാണിക്കുന്നത്’ നോക്കുന്നതു വീട്ടുകാരാണ്. ഇത്രയും പ്രായമായതിനാൽ ഇനിയും ഓട്ടോ ഓടിക്കേണ്ടെന്നു മക്കളും കൊച്ചുമക്കളും നിർബന്ധം പറഞ്ഞിട്ടും ആവുന്നത്ര തൊഴിൽ തുടരുമെന്നാണ് ഇവർ പറയുന്നത്.