ഒറ്റമുറി വീട്ടിൽ ദുരിതങ്ങളുടെ നടുവിൽ കഴിയുന്ന ജിഷമോൾക്ക് കരുതലുമായി സാന്ത്വനം
Mail This Article
കുറവിലങ്ങാട് ∙ ഒറ്റമുറി വീട്ടിൽ ദുരിതങ്ങളുടെ നടുവിൽ കഴിയുന്ന ജിഷമോൾ ജോസഫിനെ (38) ഗാന്ധിനഗറിലെ സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റ് ഏറ്റെടുത്തു. ഡയറക്ടർ ആനി ബാബുവിന്റെ നേതൃത്വത്തിൽ ജിഷമോൾക്കു പരിചരണവും ചികിത്സയും ലഭ്യമാക്കുന്നതിനു നടപടികൾ ആരംഭിച്ചു. മലയാള മനോരമ പ്രസിദ്ധീകരിച്ച വാർത്തയാണു തുണയായത്. വിവിധ സംഘടനകളും വ്യക്തികളും സഹായഹസ്തവുമായി എത്തിയിരുന്നു. കഴിഞ്ഞ ദിവസമാണു കുറവിലങ്ങാട് ആറാം വാർഡിലെ ഒറ്റമുറി വീട്ടിൽ നിന്നു വർഷങ്ങൾക്കു ശേഷം ജിഷമോൾ പുറത്തിറങ്ങിയത്.
കുടുംബാംഗങ്ങൾ, മനുഷ്യാവകാശ പ്രവർത്തകർ എന്നിവർക്കൊപ്പമാണു സാന്ത്വനത്തിലേക്കു യാത്രയായത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പരിശോധനകൾ നടത്തി ചികിത്സ ആരംഭിച്ചു. മരുന്നു കഴിക്കാൻ മടിയാണെങ്കിലും എല്ലാം ശരിയാകുമെന്ന പ്രതീക്ഷയിലാണു കുടുംബാംഗങ്ങളും നാട്ടുകാരും. മലയാള ഭാഷയിൽ ബിരുദാനന്തര ബിരുദം, ബിഎഡ് എന്നിവ നേടിയ ശേഷം 3 സ്കൂളുകളിൽ താൽക്കാലിക അധ്യാപികയായി ജോലി ചെയ്ത ജിഷമോൾ എഴുന്നേറ്റു നടക്കാൻ പോലും കഴിയാതെ കിടപ്പിലായിരുന്നു.
കുറവിലങ്ങാട് പഞ്ചായത്ത് ആറാം വാർഡിൽ വാടകവീട്ടിൽ താമസിക്കുന്ന തൈത്തറയിൽ പി.എം.ജോസഫ്–തങ്കമ്മ ദമ്പതികളുടെ മകളാണ്. 2014 ൽ തലയിൽ ഉണ്ടായ ക്ഷതം ഇവരുടെ ജീവിതത്തെ ദുരിതങ്ങളുടെ നടുവിലേക്ക് എത്തിക്കുകയായിരുന്നു. അതിനിടെ ജിഷയുടെ കുടുംബത്തിനു സ്ഥലവും വീടും ലഭ്യമാക്കുന്നതിനു ശ്രമങ്ങൾ ആരംഭിച്ചു. 3 സെന്റ് സ്ഥലം ലഭ്യമായാൽ വീട് നിർമിച്ചു നൽകാൻ തയാറായി ഒട്ടേറെ പേർ എത്തിയിട്ടുണ്ടെന്നു മനുഷ്യാവകാശ പ്രവർത്തകരായ മേമ്മുറി കാരിക്കാമുകളേൽ കെ.ജെ.പോൾ, ദേവമാതാ കോളജ് മുൻ അധ്യാപകൻ പ്രഫ.ടി.ടി.മൈക്കിൾ എന്നിവർ അറിയിച്ചു.
കുറവിലങ്ങാട്, സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ വഴിയും മറ്റു സൗകര്യങ്ങളും ഉള്ള 3 സെന്റിൽ കുറയാത്ത ഭൂമി സൗജന്യമായോ കുറഞ്ഞ വിലയിലോ മാർക്കറ്റ് വിലയിലോ സംഭാവന ചെയ്യാനോ വിൽക്കാനോ തയാറുള്ളവർ 9447807847,9446140888 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.