ആദ്യം പ്രസിഡന്റ്, പിന്നെ കല്യാണം...; വോട്ട് ചെയ്യാൻ എത്തിയത് കല്യാണ വേഷത്തിൽ
Mail This Article
ആർപ്പൂക്കര ∙ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അരുൺ എത്തിയത് കല്യാണ വേഷത്തിൽ. 11.30 ന് ആയിരുന്നു 9-ാം വാർഡ് അംഗം അരുൺ ഫിലിപ്പിന്റെ കല്യാണം. രാവിലെ പള്ളിയിലേക്ക് ഇറങ്ങുന്ന കല്യാണ വേഷത്തിൽ തന്നെയാണ് അരുൺ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് എത്തിയത്. വോട്ടിങ് നടപടികൾ പൂർത്തിയാക്കി കോൺഗ്രസിലെ റോസ്‌ലി ടോമിച്ചനെ പ്രസിഡന്റായി തീരുമാനിച്ച ശേഷമാണ് അരുൺ കല്യാണ വേദിയായ കുടമാളൂർ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ പള്ളിയിലേക്കു പോയത്.
ചടങ്ങ് കഴിഞ്ഞ് എല്ലാവരുടെയും അനുഗ്രഹം വാങ്ങി കാറിൽ ഭാര്യയുമൊത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനായി വീണ്ടും പഞ്ചായത്ത് ഓഫിസിലെത്തി. യുഡിഎഫിന് 10 അംഗങ്ങളും എൽഡിഎഫിന് 6 അംഗങ്ങളുമാണുള്ളത്. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയായ അരുണിന് ഒരു ടേമിൽ വൈസ് പ്രസിഡന്റ് സ്ഥാനം നൽകാമെന്ന് മുന്നണിയിൽ ധാരണയായിട്ടുണ്ട്. പരേതനായ കിഴക്കേപ്പറമ്പിൽ കെ.കെ. ഫിലിപ്പിന്റെയും എൽസമ്മയുടെയും മകനാണ്. കടനാട് അഴകത്ത് അഗസ്റ്റിന്റെയും റോസമ്മയുടെയും മകൾ അമല എലിസബത്ത് അഗസ്റ്റിനാണ് വധു.