തെക്കേക്കരയിൽ ജനപക്ഷം പിന്തുണയിൽ എൽഡിഎഫ്
Mail This Article
പൂഞ്ഞാർ ∙ തെക്കേക്കര പഞ്ചായത്തിൽ കേരള ജനപക്ഷത്തിന്റെ 2 അംഗങ്ങളുടെ പിന്തുണയോടെ എൽഡിഎഫിന് അധ്യക്ഷ സ്ഥാനം. സിപിഎമ്മിലെ ജോർജ് മാത്യു അത്യാലിൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഇരുമുന്നണികൾക്കും 5 വീതവും ജനപക്ഷത്തിനു 4 സീറ്റുകളുമാണ് ഉള്ളത്. വോട്ടെടുപ്പിൽ യുഡിഎഫും എൽഡിഎഫും ജനപക്ഷവും സ്ഥാനാർഥികളെ നിർത്തി. എൽഡിഎഫിലെ ജോർജ് മാത്യുവിനും യുഡിഎഫിലെ റോജി തോമസിനും 5 വോട്ടുകൾ വീതവും ജനപക്ഷത്തിലെ അനിൽകുമാർ മഞ്ഞപ്ലാക്കലിനു 4 വോട്ടു ലഭിച്ചു.
തുടർന്ന് ജനപക്ഷ സ്ഥാനാർഥിയെ ഒഴിവാക്കി വീണ്ടും തിരഞ്ഞെടുപ്പ് നടത്തി. ഈ ഘട്ടത്തിൽ ജനപക്ഷത്തിലെ 2 അംഗങ്ങൾ എൽഡിഎഫ് സ്ഥാനാർഥിക്കു വോട്ടു ചെയ്തു. മറ്റു 2 പേരുടേത് അസാധുവായി. എൽഡിഎഫിലെ ജോർജ് മാത്യു വിജയിക്കുകയും ചെയ്തു. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജനപക്ഷത്തിന്റെ 3 വോട്ടുകൾ അസാധുവായി. ഒരംഗത്തിന്റെ വോട്ടു കൂടി ലഭിച്ചതോടെ എൽഡിഎഫിലെ റെജി ഷാജി വൈസ് പ്രസിഡന്റായി.
ത്രിശങ്കു; നാലിടത്തും നേട്ടമുണ്ടാക്കി ഒഐഒപി
കോട്ടയം ∙ വൺ ഇന്ത്യ വൺ പെൻഷൻ (ഒഐഒപി) പിന്തുണയോടെ മത്സരിച്ചു വിജയിച്ച സ്വതന്ത്രർക്കു പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നേട്ടം. 4 പേരാണ് ഒഐഒപി പിന്തുണയിൽ പഞ്ചായത്തുകളിലേക്കു വിജയിച്ചത്. ഉഴവൂരിൽ രണ്ടും, മേലുകാവ്, കൊഴുവനാൽ എന്നിവിടങ്ങളിൽ ഓരോരുത്തരും. ഈ പഞ്ചായത്തുകളിൽ പ്രധാന മുന്നണികൾക്കു ഭൂരിപക്ഷം നേടാനാകാതെ വന്നതോടെ ഭരണത്തിൽ പങ്കാളികളാകാൻ ഇവർക്കു സാധിച്ചു.
ഉഴവൂരിൽ രണ്ട് ഒഐഒപി പ്രതിനിധികളുടെ പിന്തുണയോടെ യുഡിഎഫ് ഭരണം നേടി. ഒഐഒപിയുടെ ജോണിസ് പി.സ്റ്റീഫൻ പ്രസിഡന്റായി. മറ്റൊരു അംഗം ഷൈനി ജോസിനെ വൈസ് പ്രസിഡന്റാക്കി. കൊഴുവനാലിൽ സംഘടനയുടെ ബി.രാജേഷിനെ വൈസ് പ്രസിഡന്റാക്കി എൽഡിഎഫും ഭരണം നേടി. മേലുകാവിൽ ഒഐഒപി പിന്തുണയോടെ യുഡിഎഫ് അധികാരത്തിലെത്തി. ഇവിടെ സംഘടനയുടെ പ്രതിനിധിക്കു നിലവിൽ സ്ഥാനങ്ങളൊന്നും നൽകിയിട്ടില്ലെങ്കിലും സ്ഥിരം സമിതി അധ്യക്ഷ പദവി നൽകിയേക്കും.