ADVERTISEMENT

കോട്ടയം ∙ കേരള കോൺഗ്രസിനെ ഒപ്പം നിർത്തി ജില്ലാ പഞ്ചായത്ത് തിരിച്ചു പിടിച്ച് എൽഡിഎഫ്. വീണ്ടും പ്രസിഡന്റ് പദവിയിലേക്ക് കേരള കോൺഗ്രസ് (എം).പ്രസിഡന്റായി നിർമല ജിമ്മിയും (55) വൈസ് പ്രസിഡന്റായി സിപിഎമ്മിലെ ടി.എസ്.ശരത്തും (29) തിരഞ്ഞെടുക്കപ്പെട്ടു. 22 അംഗ ഭരണ സമിതിയിൽ ഏഴിനെതിരെ 14 വോട്ടുകൾക്കാണു ജയം. ജനപക്ഷം അംഗം ഷോൺ ജോർജ് തിരഞ്ഞെടുപ്പിൽനിന്നു വിട്ടു നിന്നു. കോവിഡ് ക്വാറന്റീനിലായ പി.കെ.വൈശാഖ് പിപിഇ കിറ്റ് ധരിച്ചാണ് എത്തിയത്.

കുറവിലങ്ങാട് ഡിവിഷനിലെ പ്രതിനിധിയാണു നിർമല ജിമ്മി. മൂന്നാം തവണ ജില്ലാ പഞ്ചായത്തംഗമായ ഇവർ 2013–15 വർഷത്തിൽ പ്രസിഡന്റുമായിരുന്നു. രാവിലെ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ രാധാ വി.നായരെയാണ് നിർമല പരാജയപ്പെടുത്തിയത്. കേരള കോൺഗ്രസി (ജോസഫ്) ലെ ജോസ്മോൻ മുണ്ടയ്ക്കലിനെ പരാജയപ്പെടുത്തിയാണ് വെള്ളൂരിൽ നിന്നുള്ള ടി.എസ്.ശരത് വൈസ് പ്രസിഡന്റായത്. ആദ്യതവണയാണ് ജില്ലാ പഞ്ചായത്തിലെത്തുന്നത്.

നിർമല ജിമ്മി വികസന കാഴ്ചപ്പാടുകളെക്കുറിച്ച്...

? ഊന്നൽ നൽകുന്ന കാര്യങ്ങൾ
സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമമാണു പ്രധാനം. കാർഷിക – ക്ഷീരവികസന മേഖലയ്ക്കും പ്രാധാന്യം നൽകും. തൊഴിലുറപ്പ് പദ്ധതി അടക്കം യുവ ജനങ്ങൾക്കായി പ്രയോജനപ്പെടുത്തും.
? കോവിഡ് പ്രതിരോധം
ജില്ലയിൽ കോവിഡ് കേസുകൾ കൂടുന്നു. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ജില്ലാ ആശുപത്രികളുടെ സേവനം പ്രയോജനപ്പെടുത്തി കോവിഡ് നിയന്ത്രണത്തിനു പദ്ധതി തയാറാക്കും. അലോപ്പതി, ആയുർവേദ, ഹോമിയോപ്പതി വകുപ്പുകളുടെ സേവനവും പ്രയോജനപ്പെടുത്തും.

? ഭരണത്തുടർച്ച എപ്രകാരം
കഴിഞ്ഞ ഭരണ സമിതി നടപ്പാക്കിയ ‘ക്ലീൻ കോട്ടയം, ഗ്രീൻ കോട്ടയം’ പദ്ധതി കൂടുതൽ മികച്ച രീതിയിൽ തുടരും. ജില്ലയെ മാലിന്യ മുക്ത ജില്ലയാക്കി മാറ്റുന്നതിനു പദ്ധതികൾ ആവിഷ്കരിക്കും. ഞാൻ പ്രസിഡന്റായ കാലത്ത് വിദ്യാഭ്യാസ മേഖലയുടെ വികസനത്തിനായി കൊണ്ടുവന്ന ഗുരുകുലം പദ്ധതി, തെരുവുനായ പ്രശ്നത്തിനു പരിഹാരമായ എബിസി പദ്ധതി എന്നിവയ്ക്കും തുടർച്ചയുണ്ടാകും.
? പ്രസിഡന്റ് പദവിയിലെ വയ്പ് ഭരണത്തെ ബാധിക്കുമോ
മത്സരം രാഷ്ട്രീയ അടിസ്ഥാനത്തിലാണെങ്കിലും ജയിച്ച ശേഷം ഒരുമിച്ചുള്ള പ്രവർത്തനമാണ് തദ്ദേശ സ്ഥാപനങ്ങളിൽ നടക്കുന്നത്. വികസന പ്രവർത്തനത്തിൽ അതിരു കവിഞ്ഞ രാഷ്ട്രീയമില്ല. ഇതിനാൽ ഭരണമാറ്റം ബാധിക്കില്ല.

നിർമലയ്ക്ക് വിവാഹ വാർഷിക സമ്മാനം

വിവാഹ വാർഷിക ദിനത്തിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയിലേക്കു നിർമല ജിമ്മി വീണ്ടും എത്തുന്നത്. ഭർത്താവ് സി.എ.ജിമ്മിച്ചൻ ചന്ദ്രൻകുന്നേൽ, മകൻ ജിനോ, ജിനോയുടെ ഭാര്യ ക്രിസ്റ്റി, കൊച്ചുമകൻ റയൺ എന്നിവർക്ക് ഒപ്പമാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനായി നിർമല എത്തിയത്. വോട്ടെടുപ്പിനു ശേഷം സത്യപ്രതിജ്ഞ കാണാനായി ഇവർ ജില്ലാ പഞ്ചായത്ത് ഹാളിലെത്തി.

സിപിഎം ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ, സിപിഐ ജില്ലാ സെക്രട്ടറി സി.കെ.ശശിധരൻ, കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്, ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, പാലാ നഗരസഭാധ്യക്ഷൻ ആന്റോ ജോസ് പടിഞ്ഞാറെക്കര തുടങ്ങിയവർ അഭിനന്ദിച്ചു. പാലായിൽ കെ.എം.മാണിയുടെ കല്ലറയിൽ എത്തി പ്രാർഥിച്ചും പാർട്ടി ചെയർമാൻ ജോസ് കെ.മാണിയെ വീട്ടിലെത്തി കണ്ടുമാണ് നിർമല കോട്ടയത്തെത്തിയത്.

വിദ്യാർഥി രാഷ്ട്രീയത്തിലൂടെ ശരത്

എസ്എഫ്ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്നീ പദവികൾ വഹിച്ച ടി.എസ്.ശരത് പൊതുരംഗത്തെത്തിയത് വിദ്യാർഥി രാഷ്ട്രീയത്തിലൂടെ. പെരുവ തട്ടുംപുറത്തു വീട്ടിൽ ടി.എൻ.ശശിയുടെയും ഗിരിജ ശശിയുടെയും മകനാണ് ഈ ഇരുപത്തൊൻപതുകാരൻ. ജില്ലാ പഞ്ചായത്തിലെ പ്രായം കുറഞ്ഞ അംഗങ്ങളിൽ ഒരാളാണ്. ഭാര്യ: സ്വാതി എസ്.ശിവൻ കോട്ടയം ജില്ലാ കോടതി അഭിഭാഷകയാണ്. തിരഞ്ഞെടുപ്പിന്റെ തലേന്നാളാണു ശരത്തിന് ആദ്യ കുഞ്ഞു പിറന്നത്.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com