ശുചിമുറി ബോർഡ് വിവാദത്തിനു പിന്നാലെ പാലാ നഗരസഭയിൽ ഗേറ്റ് വിവാദം
Mail This Article
പാലാ ∙ ശുചിമുറി ബോർഡ് വിവാദത്തിനു പിന്നാലെ പാലാ നഗരസഭയിൽ ഗേറ്റ് വിവാദം. സ്വാതന്ത്ര്യ സമര സേനാനി ചെറിയാൻ ജെ.കാപ്പൻ സ്മാരക നഗരസഭ സ്റ്റേഡിയത്തിന്റെ കവാടത്തിലെ ഗേറ്റ് മാറ്റി സ്ഥാപിച്ചതാണ് പുതിയ സംഭവം. തുരുമ്പ് പിടിച്ചു തകർന്നുകിടന്ന ഗേറ്റ് അധികാരമേറ്റ് ഒരാഴ്ചയ്ക്കകം മാറ്റിയതായി നഗരസഭാധ്യക്ഷൻ ആന്റോ ജോസ് പടിഞ്ഞാറേക്കര ഇന്നലെ അറിയിച്ചു. തൊട്ടുപിന്നാലെ വിമർശനവുമായി ഭരണപക്ഷ കൗൺസിലർ ബിജു പുളിക്കക്കണ്ടം രംഗത്തെത്തി.
എട്ടുകാലി മമ്മൂഞ്ഞിന്റെ നിലവാരത്തിലേക്ക് താഴ്ന്ന് വീണ്ടും അപഹാസ്യനാകരുതെന്നായിരുന്നു ബിനുവിന്റെ പ്രതികരണം. ഗേറ്റ് തുരുമ്പ് പിടിച്ചു തകരാറിലായിട്ട് നാളുകളായെന്നു നഗരസഭാധ്യക്ഷൻ ആന്റോ ജോസ് പടിഞ്ഞാറേക്കര പറഞ്ഞു. തകരാറിലായ ഗേറ്റ് മാറ്റി അടിയന്തരമായി പുതിയത് സ്ഥാപിക്കാൻ നിർദേശിച്ചു. ഇതേത്തുടർന്നാണ് ഇന്നലെ ഗേറ്റ് സ്ഥാപിച്ചത്. സ്വാതന്ത്ര്യ സമര സേനാനി ചെറിയാൻ ജെ.കാപ്പനോടുള്ള കൗൺസിലിന്റെ ആദരവാണ് ഇതിലൂടെ അറിയിച്ചത്.– ആന്റോ പറഞ്ഞു.
പുതിയ ഗേറ്റിന്റെ പിതൃത്വം ഏറ്റെടുത്ത നഗരസഭാധ്യക്ഷൻ നാട്ടിൽ നടക്കുന്നതിന്റെ എല്ലാം പിതൃത്വം ഏറ്റെടുക്കുന്ന എട്ടുകാലി മമ്മൂഞ്ഞിന്റെ നിലവാരത്തിലേക്ക് താഴരുതെന്ന് ഭരണപക്ഷാംഗം ബിനു പുളിക്കക്കണ്ടം പറഞ്ഞു. ഗേറ്റ് നിർമാണ ആവശ്യം 2019 നവംബറിൽ കൗൺസിലിൽ ഉന്നയിക്കുകയും വിഷയം പാസാക്കുകയും ചെയ്തു. 2020 ജൂണിൽ ടെൻഡർ അംഗീകരിച്ച് കരാർ നൽകി.
ഈ കാലയളവിൽ നഗരസഭാധ്യക്ഷൻ ആന്റോ ജോസ് കൗൺസിലറല്ലായിരുന്നു. നഗരസഭ ഉദ്യോഗസ്ഥർ നിർദേശിച്ചതനുസരിച്ചാണ് കരാറുകാരൻ ഗേറ്റ് നിർമിച്ചത്. വീണിടത്തു കിടന്ന് ഉരുളാതെ സ്വാതന്ത്ര്യ സമര സേനാനികളെ ബഹുമാനിക്കുകയും ഇടതു മുന്നണിയിൽ നിന്ന് ജനപക്ഷ ചെയർമാനായി പ്രവർത്തിക്കുകയും ചെയ്യണം. അല്ലാത്തപക്ഷം ഒറ്റയ്ക്കെടുക്കുന്ന തീരുമാനത്തിന് തനിച്ച് ഉത്തരവാദിത്തം എടുക്കേണ്ടി വരും– ബിനു പറഞ്ഞു.