തിയറ്ററുകൾ തുറക്കുന്നതിന്റെ സന്തോഷത്തിൽ സിനിമ പ്രേമികൾ, തിയറ്റർ ഉടമകൾ
Mail This Article
കോട്ടയം ∙ ജില്ലയിലെ തിയറ്ററുകളിൽ നാളെ വിജയ്യുടെ ‘മാസ്റ്റേഴ്സ്’ പ്രദർശനം ആരംഭിക്കും. തിയറ്ററുകൾ തുറക്കുന്നതിനുള്ള ഇളവുകളെക്കുറിച്ചു മുഖ്യമന്ത്രിയുടെ സൂചന ലഭിച്ചതിനു പിന്നാലെ ബുക്കിങ് ആരംഭിച്ചു. ആദ്യ ദിവസത്തെ 2 ഷോയും വിജയ് ആരാധകർക്കു വേണ്ടിയാണ് ഒരുക്കുന്നതെന്ന് ഉടമകൾ പറഞ്ഞു. ജില്ലയിൽ 24 തിയറ്ററുകളിൽ മാസ്റ്റേഴ്സ് റിലീസ് ചെയ്യുമെന്നാണ് സൂചന.തിയറ്ററുകളിൽ ഒരുക്കം പുരോഗമിക്കുകയാണ്.
നവീകരിച്ചു, ഇനി സുരക്ഷയും
തിയറ്ററുകൾക്ക് ഇളവു ലഭിക്കുമെന്ന സൂചന ലഭിച്ച സമയം മുതൽ പ്രദർശനത്തിനായി ഒരുക്കം തുടങ്ങിയിരുന്നു. ചിലയിടങ്ങളിൽ ഈ സമയം നവീകരണം നടത്തി. കൂടുതൽ സൗകര്യത്തോടെ സുരക്ഷ ഉറപ്പാക്കിയാണ് തിയറ്ററുകൾ പ്രവർത്തിക്കുകയെന്ന് ഉടമകൾ പറയുന്നു.
ജില്ലയിൽ 10 സ്ഥലങ്ങളിലായി 35 തിയറ്ററുകളാണുള്ളത്. ഇതിൽ 24 എണ്ണത്തിൽ പ്രദർശനം ഉണ്ടാകും. കോട്ടയം, തലയോലപ്പറമ്പ് എന്നിവിടങ്ങളിൽ 4, ഏറ്റുമാനൂർ, പള്ളിക്കത്തോട്, മുണ്ടക്കയം എന്നിവിടങ്ങളിൽ 3, ചങ്ങനാശേരി, പാലാ, ഈരാറ്റുപേട്ട എന്നിവിടങ്ങളിൽ 2, പൊൻകുന്നം 1 എന്നിങ്ങനെയാണ് തിയറ്ററുകൾ ഒരുങ്ങുന്നത്.
ഒരുക്കം ജനുവരി ആദ്യവാരം മുതൽ
ശുചീകരണ പ്രവർത്തനം കഴിഞ്ഞയാഴ്ച ആരംഭിച്ചു. സീറ്റുകളിൽ റിബൺ കെട്ടി തിരിക്കുന്ന ജോലികൾ ഉൾപ്പെടെയുള്ളവയാണ് ഇപ്പോൾ നടക്കുന്നത്. പ്രദർശനം ഇല്ലെങ്കിലും തകരാറുണ്ടാകാതിരിക്കാൻ ദിവസവും 2 മണിക്കൂർ വീതം പ്രൊജക്ടറും സ്പീക്കറുകളുമെല്ലാം പ്രവർത്തിപ്പിച്ചിരുന്നു.
കഴിഞ്ഞ ദിവസം മുതൽ ഇത് 10 മണിക്കൂറായി ഉയർത്തി. തെർമൽ സ്കാനിങ് സംവിധാനങ്ങൾ വരെയുള്ളവ തിയറ്ററുകളിൽ തയാറാക്കി. സെക്കൻഡ് ഷോ ഇല്ലെന്നതൊഴിച്ചാൽ ബാക്കിയെല്ലാം ചലച്ചിത്ര ആരാധകർക്ക് അനുകൂലമായി തന്നെയാണ് ഒരുങ്ങുന്നത്.