ADVERTISEMENT

കോട്ടയം ∙ കാത്തിരിക്കുക, കോട്ടയത്തിന് 2021ൽ വിശേഷപ്പെട്ടൊരു ക്രിസ്മസ് സമ്മാനമാണ് റെയിൽവേ ഒരുക്കുന്നത്;  റെയിൽവേ ഇരട്ടപ്പാതയും 6 പ്ലാറ്റ്ഫോമുകളുള്ള കോട്ടയം സ്റ്റേഷനും. ഇരട്ടപ്പാതയുടേത് അടക്കം നിർമാണ പുരോഗതി പരിശോധിക്കാൻ തോമസ് ചാഴികാടൻ എംപി വിളിച്ച യോഗത്തിലാണ് ഏറ്റുമാനൂർ–ചിങ്ങവനം ഇരട്ടപ്പാത,

നാഗമ്പടം ഭാഗത്തു നിന്നു കോട്ടയം സ്റ്റേഷനിലേക്കുള്ള രണ്ടാമത്തെ പ്രവേശന കവാടം എന്നിവ ഡിസംബറിൽ പൂർത്തിയാക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പു നൽകിയത്. ഇരട്ടപ്പാതയുടെ സിവിൽ ജോലികൾ ജൂലൈയിൽ പൂർത്തിയാകും. സിഗ്നലിങ് അടക്കം നടപടി പൂർത്തിയാക്കി ഡിസംബറിൽ കമ്മിഷൻ ചെയ്യുംവിധമാണു ജോലി പുരോഗമിക്കുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

 കൂടുതൽ പ്ലാറ്റ്ഫോമുകൾ‍

രണ്ടാമത്തെ പ്രവേശന കവാടത്തിനൊപ്പം 2 പ്ലാറ്റ്ഫോം കൂടി നാഗമ്പടം ഭാഗത്തു വരും. ഇതിനൊപ്പം ഒന്നാമത്തെ പ്ലാറ്റ്ഫോമിനോട് ചേർന്ന് എറണാകുളം പാസഞ്ചർ ട്രെയിനുകൾ നിർത്തിയിടാൻ ഒരു പ്ലാറ്റ്ഫോം സജ്ജമാകും. മറ്റു ട്രെയിനുകൾ ഈ പ്ലാറ്റ്ഫോം ഉപയോഗിക്കില്ല. ഒന്നാം പ്ലാറ്റ്ഫോമിന്റെ വശത്തായി 1എ പ്ലാറ്റ്ഫോമായിട്ടാകും ഇതു വരിക. ഫലത്തിൽ 6 പ്ലാറ്റ്ഫോമുകൾ ഇതോടെ കോട്ടയത്ത് വരും.

ഇപ്പോൾ 3 പ്ലാറ്റ്ഫോമുകളാണ് കോട്ടയം സ്റ്റേഷനിൽ ഉള്ളത്. കൂടുതൽ പ്ലാറ്റ്ഫോമുകൾ വരുന്നതോടെ കോട്ടയത്ത് നിന്ന് ട്രെയിൻ സർവീസ് ആരംഭിക്കുന്നത് പരിഗണിക്കാം. വേളാങ്കണ്ണി, ബെംഗളൂരു, മുംബൈ ഭാഗത്തേക്ക് കോട്ടയത്ത് നിന്ന് എക്സ്പ്രസ് ട്രെയിനുകൾ ആരംഭിക്കാനുള്ള സാധ്യത ചർച്ചകളിലുണ്ട്.

കോട്ടയത്തിന്റെ സ്വപ്നം; രണ്ടാം പ്രവേശന കവാടം

എംസി റോഡിൽ നാഗമ്പടം പാലം ഭാഗത്തു നിന്ന് സ്റ്റേഷനിലേക്ക് പ്രവേശിക്കാനാണു രണ്ടാം പ്രവേശന കവാടം സജ്ജമാക്കുന്നത്. ഇവിടെ പുതിയ കെട്ടിടം പണിയും ടിക്കറ്റ് ബുക്കിങ് കൗണ്ടറും  ആരംഭിക്കും. പുതിയ കവാടം വരുന്നതോടെ ഏറ്റുമാനൂർ ഭാഗത്തു നിന്നുള്ള യാത്രക്കാർക്ക് വേഗത്തിൽ സ്റ്റേഷനിൽ എത്താനാവും. രണ്ടാം കവാടത്തിൽ നിന്നു പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിച്ച് നടപ്പാലം നിർമിക്കും. ഇതും ഡിസംബറിൽ പൂർത്തിയാകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 

 മേൽപാലത്തിനായി തുടർ ചർച്ച

മേൽപാലങ്ങളുടെ നിർമാണ പുരോഗതിയും സംഘം വിലയിരുത്തി. റെയിൽവേയുടെ ജോലികൾ ഡിസംബറിനു മുൻപായി പൂർത്തിയാക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പു നൽകി. സമീപന പാതകൾ നിർമിക്കേണ്ടത് റോഡ്സ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപറേഷന്റെ (ആർബിഡിസി) ചുമതലയാണ്. പാക്കിൽ, കാരിത്താസ്, മാഞ്ഞൂർ ഉൾപ്പെടെ 10 മേൽപാലങ്ങളുടെ നിർമാണ പുരോഗതി വിശദമായി വിലയിരുത്തി. പാക്കിൽ മേൽപാലം സംഘം സന്ദർശിച്ചു.

യോഗത്തിൽ റെയിൽവേ നിർമാണ വിഭാഗം ചീഫ് എൻജിനീയർ ഷാജി സക്കറിയ, ഡപ്യൂട്ടി ചീഫ് എൻജിനീയർ ചാക്കോ ജോർജ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർമാരായ ബാബു സക്കറിയ, ജോസ് അഗസ്റ്റിൻ, നഗരസഭാ കൗൺസിലർമാരായ ജോസ് പള്ളിക്കുന്നേൽ, പി.എൻ.സരസമ്മാൾ, എബി കുന്നേപ്പറമ്പൻ തുടങ്ങിയവർ പങ്കെടുത്തു.

''കോട്ടയം  സ്റ്റേഷനിൽ ഒന്നാം പ്ലാറ്റ്ഫോമിലേക്കുള്ള  പ്രവേശന കവാടത്തിലെ കെട്ടിടത്തിന്റെ നവീകരണവും  മൾട്ടി ലെവൽ പാർക്കിങ് കെട്ടിടവും പൂർത്തിയായി. രണ്ടാം പ്രവേശന കവാടം ടിക്കറ്റ് ബുക്കിങ് സൗകര്യത്തോടെയാണു വരുന്നത്.  കോട്ടയം പാർലമെന്റ് മണ്ഡലത്തിന്റെ പരിധിയിൽ 10 റെയിൽവേ മേൽപാലങ്ങളുടെ നിർമാണമാണ് നടക്കുന്നത്.  ഇതു ഡിസംബറിൽ പൂർത്തിയാക്കാമെന്ന് റെയിൽവേ ഉറപ്പു നൽകി. സ്ഥലമേറ്റെടുപ്പ് അടക്കം പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ റോഡ്സ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപറേഷൻ  ഉദ്യോഗസ്ഥരെക്കൂടി ഉൾപ്പെടുത്തി അടുത്ത ദിവസം യോഗം ചേരും. -തോമസ് ചാഴികാടൻ എംപി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com