ADVERTISEMENT

കോട്ടയം∙ ന്യൂഡൽഹിയിലെ റിപ്പബ്ലിക് ദിന പരേഡിൽ ഉയർന്ന ആ പേര് യുദ്ധവിമാനങ്ങളുടെ ഇരമ്പലുകൾക്കിടയിലും ഓവേലിൽ കുടുംബക്കാർ അഭിമാനത്തോടെ കേട്ടു. ‘ഗ്രൂപ്പ് ക്യാപ്റ്റൻ ജിജോ ജോസ് ഓവേലിൽ.’ പരേഡിൽ ഏകലവ്യ ഫോർമേഷൻ തീർത്ത യുദ്ധവിമാനങ്ങളിൽ മിഗ് 29 പറപ്പിച്ചത് ജിജോ ജോസ് ആണ്. ഓവേലി‍ൽ കുടുംബത്തിന് യുദ്ധവിമാനം പുത്തരിയല്ല. ഗ്രൂപ്പ് ക്യാപ്റ്റൻ ജിജോ ജോസിനൊപ്പം സ്ക്വാഡ്രൻ ലീഡർ സെബിൻ ആന്റണി, ഫ്ലൈറ്റ് ലെഫ്റ്റനന്റ് ജേക്കബ് ജെ. ഓവേലിൽ എന്നിവരും വ്യോമസേനയുടെ ഭാഗമാണ്. നാവിക സേനയിലും ഈ കുടുംബത്തിന്റെ സാന്നിധ്യമുണ്ട്. ലെഫ്റ്റനന്റ് കമ്മഡോർ ജേക്കബ് ടോം, ക്യാപ്റ്റൻ സജു ജോസഫ് എന്നിവർ.

ജോസുകുട്ടി മാത്യുവിന്റെയും ജിജി ജോസിന്റെയും മകനാണ് ജിജോ. ചങ്ങനാശേരി മാമ്മൂട്ടിലാണ് കുടുംബ വീട്. ഇപ്പോൾ താമസം ഗോവയിൽ. ചങ്ങനാശേരി കുറുമ്പനാടം ആന്റണി സെബാസ്റ്റ്യന്റെയും സിസിലിയുടെയും മകനാണ് സെബിൻ ആന്റണി ഇപ്പോൾ ഗുജറാത്തിലെ ജാം നഗറിൽ. പ്രളയ സമയത്ത് സെബിൻ നടത്തിയ സേവനം വാർത്തയായിരുന്നു. വിവാഹ അവധിക്കെത്തിയപ്പോഴാണ് പ്രളയത്തിൽപ്പെട്ടവരെ രക്ഷിക്കാൻ സെബിൻ മുന്നിട്ടിറങ്ങിയത്.

പുളിങ്കുന്നം എൻജിനീയറിങ് കോളജ് പ്രിൻസിപ്പൽ ഡോ.ജോസഫ് കുട്ടി ജേക്കബിന്റെയും കുസാറ്റ് അസോസിയേറ്റ് പ്രഫസറും സിൻഡിക്കേറ്റ് അംഗവുമായ ഷൈനി പോളിന്റെയും മകനാണ് ജേക്കബ് ജെ. ഓവേലിൽ. ഇപ്പോൾ പഞ്ചാബിൽ സേവനം അനുഷ്ഠിക്കുന്നു. ജേക്കബും പ്രളയസമയത്ത് സഹായ പ്രവർത്തനങ്ങൾ നടത്തിയിരുന്നു.

പാലായിൽ താമസിക്കുന്ന മാമ്മൂട് ഓവേലിൽ കെഎസ്ഇബി റിട്ട.ഡെപ്യൂട്ടി ചീഫ് എൻജിനീയർ ഡോ. തോമസ്കുട്ടി മാത്യുവിന്റെയും  പ്രഫസർ ലില്ലി ചാക്കോയുടെയും മകനാണ് ജേക്കബ് ടോം. സജു ജോസഫ് ഇപ്പോൾ മുംബെയിൽ ജോലി ചെയ്യുന്നു. പൂനെയിൽ സ്ഥിരതാമസമായ ഒ.സി.ജോസഫിന്റെയും  ആലീസ് ജോസഫിന്റെയും മകനാണ്. ചങ്ങനാശേരി കുറുമ്പനാടം ആണ് സ്വദേശം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com