ഡോ.സിന്ധുമോൾ ജേക്കബിന്റെ ഫോട്ടോഷൂട്ട്; ചിരി പോരട്ടെ– വിഡിയോ
Mail This Article
പിറവം ∙ ആരോപണ പ്രത്യാരോപണങ്ങൾക്കിടെ പിറവത്തെ കേരള കോൺഗ്രസ് (എം) സ്ഥാനാർഥി ഡോ.സിന്ധുമോൾ ജേക്കബിന്റെ ഫോട്ടോഷൂട്ട് കോട്ടയത്ത് കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫിസിലെ താൽക്കാലിക സ്റ്റുഡിയോയിൽ നടന്നു. ആദ്യമായാണു സിന്ധു കേരള കോൺഗ്രസ് ഓഫിസിലെത്തിയത്.
ഘടകകക്ഷിയായ കേരള കോൺഗ്രസിനു (എം) നൽകിയ പിറവം സീറ്റിൽ അവരുടെ സ്ഥാനാർഥിയായി സിപിഎം അംഗമായ സിന്ധുമോളെ ബുധനാഴ്ച വൈകിട്ടാണ് പ്രഖ്യാപിച്ചത്. പിന്നാലെ സിപിഎമ്മിൽനിന്നു പുറത്താക്കിയതായി അറിയിച്ചുള്ള പോസ്റ്റർ ഉഴവൂരിലും പരിസരത്തും പ്രത്യക്ഷപ്പെട്ടു. പാർട്ടിയോട് ആലോചിക്കാതെ സ്ഥാനാർഥി ആയതിനാണ് നടപടിയെന്ന് സിപിഎം ലോക്കൽ സെക്രട്ടറി കെ. സജീവ് പറഞ്ഞു. എന്നാൽ സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് പിറവത്ത് കേരള കോൺഗ്രസ് (എം) സ്ഥാനാർഥിയായത് എന്നാണ് സിന്ധുമോൾ ജേക്കബ് പറയുന്നത്.
അതേസമയം, സിന്ധുമോളെ പാർട്ടിയിൽ നിന്നു പുറത്താക്കിയിട്ടില്ലെന്നു ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ പറഞ്ഞു. പുറത്താക്കാൻ ലോക്കൽ കമ്മിറ്റിക്ക് അധികാരമില്ല. പാലാ ഏരിയ കമ്മിറ്റിയുടെ ശുപാർശയിൽ ജില്ലാ കമ്മിറ്റിയാണ് നടപടി എടുക്കേണ്ടതെന്നും ആ നടപടി ക്രമം പാലിച്ചില്ലെന്നും വാസവൻ ചൂണ്ടിക്കാട്ടി. എന്നാൽ, ലോക്കൽ കമ്മിറ്റിയുടെ തീരുമാനം വൈകുന്നേരത്തോടെ പാലാ ഏരിയ കമ്മിറ്റി ശരിവച്ച് ജില്ലാ കമ്മിറ്റിക്കു കൈമാറി.
14 വർഷമായി ബ്രാഞ്ച് കമ്മിറ്റിയംഗമായ സിന്ധുമോൾ, ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലേക്കായി 4 തവണ മത്സരിച്ചു ജയിച്ചു; നാലും സ്വതന്ത്ര ചിഹ്നത്തിലായിരുന്നു.