കന്യാസ്ത്രീകളെ ആക്രമിച്ചത് മതനിരപേക്ഷതയ്ക്കു മേൽ കരിനിഴൽ വീഴ്ത്തുന്ന സംഭവം: മാർ പെരുന്തോട്ടം
Mail This Article
ചങ്ങനാശേരി ∙ ഇന്ത്യയുടെ മതനിരപേക്ഷതയ്ക്കു മേൽ കരിനിഴൽ വീഴ്ത്തുന്നതാണ് ഉത്തർപ്രദേശിൽ കന്യാസ്ത്രീകൾക്കു നേരെയുണ്ടായ ആക്രമണമെന്നു ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം. ഇന്ത്യയിൽ സ്ഥിതിഗതികൾ അത്ര ഭദ്രമല്ല എന്നു തെളിയിക്കുന്ന സംഭവങ്ങളാണ് അരങ്ങേറുന്നത്. ഝാൻസിയിൽ ക്രൈസ്തവ സന്യാസിനികൾക്കെതിരെ നടത്തിയ ആക്രമണം ക്രൈസ്തവ പീഡനപരമ്പരയിലെ ഏറ്റവും പുതിയ സംഭവമാണ്.
മതപരിവർത്തനം എന്ന ആരോപണം ഉന്നയിച്ചാണ് ഉത്തർപ്രദേശിൽ സന്യാസിനികൾക്കെതിരെ ആക്രമണമുണ്ടായത്. ആധികാരിക രേഖകൾ കാണിച്ച് ആരോപണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കിയിട്ടും അംഗീകരിക്കാൻ തയാറായില്ല. പൊലീസും അക്രമികളെ പിന്തുണയ്ക്കുകയാണു ചെയ്തത്.
സുരക്ഷിതത്വത്തിനായി സന്യാസിനികൾ സന്യാസവസ്ത്രം മാറ്റി യാത്ര തുടരേണ്ടി വന്നു. മതത്തിന്റെ പേരിൽ സഞ്ചാരസ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെടുന്ന ഭീകരമായ അന്തരീക്ഷത്തിലേക്കാണ് ഇതു വിരൽ ചൂണ്ടുന്നതെന്നും മാർ പെരുന്തോട്ടം പറഞ്ഞു. ക്രൈസ്തവർക്കെതിരെ ആരോപണങ്ങൾ ഉണ്ടാവുകയും നിരപരാധികൾ ശിക്ഷിക്കപ്പെടുകയും ചെയ്യുമ്പോൾ കണ്ടില്ലെന്നു നടിക്കാൻ ഭരണാധികാരികൾക്കു കഴിയുമോ എന്നും മാർ പെരുന്തോട്ടം ചോദിച്ചു.