കടുത്തുരുത്തിയിൽ സമാധാനപരം; പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര
Mail This Article
കടുത്തുരുത്തി ∙ നിയോജകമണ്ഡലത്തിൽ വോട്ടെടുപ്പ് സമാധാനപരമായാണ് അവസാനിച്ചത്. രാവിലെ ഏഴ് മണിയോടെ വോട്ടെടുപ്പ് ആരംഭിച്ചതു മുതൽ പോളിങ് ബൂത്തുകൾ സജീവമായി. പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര കാണാമായിരുന്നു. വാലാച്ചിറ സാന്താക്രൂസ് എൽ.പി. സ്കൂൾ, പാലകര അങ്കണവാടി, എഴുമാന്തുരുത്ത് എൽ.പി. സ്കൂൾ, കടുത്തുരുത്തി സെന്റ് മൈക്കിൾസ് സ്കൂൾ, പാഴുത്തുരുത്ത് സെന്റ് കുര്യാക്കോസ് നഴ്സറി സ്കൂൾ, കുറുപ്പന്തറ സെന്റ് സേവ്യേഴ്സ് സ്കൂൾ, മാന്നാർ ഗവ.സ്കൂൾ , വൈക്കം നിയോജകമണ്ഡലത്തിലെ കല്ലറ ഗവ. യുപി സ്കൂൾ എന്നിവിടങ്ങളിലെ ബൂത്തുകളിലെല്ലാം ഏറെ നേരം കാത്തുനിന്നാണു പലരും വോട്ട് ചെയ്തത്.
കടുത്തുരുത്തി പഞ്ചായത്തിലെ മുട്ടുചിറ സെന്റ് ആഗ്നസ് സ്കൂളിലെ 72 – എ ബൂത്തിൽ വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടർന്ന് ഒരു മണിക്കൂർ വൈകിയാണ് പോളിങ് ആരംഭിച്ചത്. രാവിലെ 7 മുതൽ 8 വരെയാണ് പോളിങ് മുടങ്ങിയത്. ഇതോടെ വോട്ട് ചെയ്യാനെത്തിയവർ പലരും വോട്ട് ചെയ്യാതെ മടങ്ങിപ്പോയി. പിന്നീട് തകരാർ പരിഹരിച്ച് വോട്ടിങ് ആരംഭിച്ചു. വോട്ടിങ് യന്ത്രം സെറ്റ് ചെയ്തതിലെ തകരാറാണ് പ്രശ്നമായത്. മുളക്കുളം പഞ്ചായത്തിലെ കാരിക്കോട് സരസ്വതി വിദ്യാമന്ദിർ സ്കൂളിലെ ബൂത്ത് നമ്പർ 12 –എ യിൽ യന്ത്ര തകരാർ മൂലം മുക്കാൽ മണിക്കൂറോളം വൈകിയാണ് വോട്ടിങ് ആരംഭിക്കാനായത്. പിന്നീട് തകരാർ പരിഹരിച്ച് വോട്ടിങ് തുടങ്ങി.
വൈക്കം നിയോജക മണ്ഡലത്തിലെ കല്ലറ പഞ്ചായത്ത് ഗവൺമെന്റ് യു. പി. സ്കൂളിലെ 145 –ാം നമ്പർ ബൂത്തിൽ യന്ത്ര തകരാറിനെ തുടർന്ന് മുക്കാൽ മണിക്കൂർ വോട്ടിങ് തടസ്സപ്പെട്ടു. രാവിലെ 8.45 നാണ് യന്ത്രം തകരാറിലായത്. 9.45 ഓടെ മറ്റൊരു യന്ത്രം എത്തിച്ച് വോട്ടിങ് പുനരാരംഭിച്ചു. പൂഴിക്കോൽ സെന്റ് മാർത്താസ് സ്കൂളിലും യന്ത്ര തകരാറിനെ തുടർന്ന് വോട്ടിങ് തടസ്സപ്പെട്ടു. പെരുവ ഗവൺമെന്റ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിലെ ബൂത്തിൽ ഫാൻ പ്രവർത്തിക്കാതായത് ഉദ്യോഗസ്ഥരെയും പോളിങ് ഏജന്റുമാരെയും ബുദ്ധിമുട്ടിലാക്കി. ചില ബൂത്തുകളിൽ ആവശ്യമായ വെളിച്ചം ഇല്ലെന്ന് പരാതി ഉയർന്നു.