ADVERTISEMENT

കടുത്തുരുത്തി ∙ ജനാധിപത്യ ബോധം മറക്കാതെ വള്ളം തുഴ‍ഞ്ഞ് വോട്ട് ചെയ്യാൻ അവരെത്തി. നാലു വശവും വെള്ളത്താൽ ചുറ്റപ്പെട്ട വൈക്കം നിയോജകമണ്ഡലത്തിലെ കല്ലറ മുണ്ടാർ നിവാസികളാണ് മണിക്കൂറുകൾ വള്ളം തുഴഞ്ഞെത്തി മുണ്ടാർ പാറേൽ കോളനിയിലെ സാംസ്കാരിക നിലയത്തിലെ പോളിങ് ബൂത്തിൽ വോട്ട് ചെയ്ത് മടങ്ങിയത്. 2500 ഏക്കർ വരുന്ന മുണ്ടാർ ദ്വീപിൽ ഏക സഞ്ചാര മാർഗം വള്ളമാണ്. 

കരിയാറിലൂടെ മൂന്നു മണിക്കൂറോളം വള്ളത്തിൽ സഞ്ചരിച്ചാണ് പറമ്പൻ–54, പുലയ കോളനി, വെന്ത കരി തുടങ്ങിയ സ്ഥലങ്ങളിലുള്ളവർ വോട്ട് ചെയ്യാനെത്തിയത്. 1013 വോട്ടർമാർക്കായി 2 ബൂത്തുകളാണ് ഇവിടെ ഏർപ്പെടുത്തിയിരുന്നത്. മുണ്ടാർ സാംസ്കാരിക നിലയത്തിലും സമീപം ഏർപ്പെടുത്തിയ താൽക്കാലിക പോളിങ് ബൂത്തിലും രാവിലെ മുതൽ വോട്ട് ചെയ്യാൻ ആളുകൾ എത്തി. പ്രായമായവരെ പോളിങ് സ്റ്റേഷനു സമീപം വരെ വള്ളത്തിൽ എത്തിച്ച് ഇവിടെ നിന്നും കസേരയിലും മറ്റും എടുത്തു കൊണ്ടു പോയാണ് വോട്ട് ചെയ്യിച്ചത്. കരിയാറിൽ പോളയും പായലും നിറ‍‍ഞ്ഞ് തിങ്ങി കിടക്കുന്നതിനാൽ വള്ളം തുഴഞ്ഞുള്ള യാത്ര ബുദ്ധിമുട്ടാണ്.

പായലും പോളയും വകഞ്ഞുമാറ്റി ഏറെ പ്രയാസപ്പെട്ടാണ് മുണ്ടാർ നിവാസികൾ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാൻ എത്തിയത്. പോളിങ് സാമഗ്രികളുമായി പോളിങ് ഉദ്യോഗസ്ഥർ എത്തിയതും തിരികെ പോയതും വള്ളത്തിലാണ്. രാത്രി ഏഴ് മണി വരെ പോളിങ്ങിനു സമയം അനുവദിച്ചിരുന്നതിനാൽ മുണ്ടാറിൽ നിന്നുള്ള യാത്ര പോളിങ് ഉദ്യോഗസ്ഥർക്ക് ബുദ്ധിമുട്ടായി. എഴുമാന്തുരുത്ത് പാലത്തിന് സമീപം എത്തി ഇവിടെ നിന്നും ജീപ്പിലാണ് ഉദ്യോഗസ്ഥർ വൈക്കത്തേക്കു പോയത്. മുണ്ടാറിൽ നിന്നും വള്ളത്തിൽ എഴുമാന്തുരുത്ത് പാലത്തിനു സമീപം എത്തി ഇവിടെ നിന്നും ജീപ്പിലാണ് ഉദ്യോഗസ്ഥർ വൈക്കത്തേക്കു പോയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com