പാമ്പാടിയിൽ ‘ലോക്ഡൗൺ’: ഇട റോഡുകൾ അടച്ചു, കർശന നിയന്ത്രണം
Mail This Article
പാമ്പാടി ∙ ലോക്ഡൗൺ പ്രതീതിയിലായി പാമ്പാടി പ്രദേശം. കോവിഡ് വ്യാപനത്തെ തുടർന്നു പഞ്ചായത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ ടൗണിൽ ഇന്നലെ തിരക്കുണ്ടായില്ല. അവശ്യ സ്ഥാപനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ മാത്രം പ്രവർത്തിച്ചു. അത്യാവശ്യ കാര്യങ്ങൾക്കു മാത്രമാണ് ജനങ്ങൾ എത്തിയത്. ഇട റോഡുകൾ പൊലീസിന്റെ നേതൃത്വത്തിൽ ബാരിക്കേഡ് വച്ചു അടച്ചിരുന്നു. ദേശീയപാതയിൽ സർവീസ് നടത്തുന്ന ബസുകളിലും യാത്രക്കാർ കുറവാണ്. പാമ്പാടിയിൽ നിന്നു സർവീസ് ആരംഭിക്കുന്ന ഏതാനും ബസുകൾ ഇന്നലെ ഓടിയില്ല.
പാമ്പാടിയിൽ ആർഐടിയിൽ ആരംഭിച്ച കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ (സിഎഫ്എൽടിസി) രോഗികൾ എത്തി തുടങ്ങി. കൂരോപ്പടയിലെ ലാർജ് ക്ലസ്റ്റർ കണ്ടെയ്ൻമെന്റ് സോണിൽ ജില്ലാ മെഡിക്കൽ ഓഫിസിൽ നിന്നുള്ള വിദഗ്ധ സംഘവും പരിശോധനയ്ക്ക് എത്തിയിരുന്നു. ടെക്നിക്കൽ അസിസ്റ്റന്റ് ശശികുമാർ, എപ്പിഡെമിയോളജിസ്റ്റ് നിതിൻ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ വിലയിരുത്തി. പാമ്പാടി പൊലീസിന്റെ നേതൃത്വത്തിൽ പാമ്പാടി, കൂരോപ്പട, മീനടം പഞ്ചായത്തുകളിൽ കർശന പരിശോധനകൾ നടത്തി.