കോട്ടയത്തിന്റെ ഓർമകളിൽ മാർ ക്രിസോസ്റ്റത്തിന്റെ സ്മാഷ് !
Mail This Article
കോട്ടയം ∙ മാർ ക്രിസോസ്റ്റം മേൽപട്ടം നൽകി ആശീർവദിച്ച, സഭയിലെ ഒരേ ഒരാൾ എന്ന ഭാഗ്യം തനിക്കു ലഭിച്ച കാര്യം കോട്ടയം– കൊച്ചി ഭദ്രാസന ബിഷപ് ഏബ്രഹാം മാർ പൗലോസ് ഓർമിച്ചു. ‘പൈതൃകം മക്കളിലൂടെയാണല്ലോ; എനിക്കു മക്കളില്ല. നിന്നെ മാത്രമേ ഞാൻ മേൽപട്ടം തന്നു വാഴിച്ചിട്ടുള്ളു. എനിക്ക് എന്തു പകരും തരും’ എന്ന് എന്നോടു ചോദിക്കും. ഞാൻ കൈമുത്തി കൂപ്പുകൈകളോടെ നിശ്ശബ്ദനാകും. പാവങ്ങൾക്കു വേണ്ടി പ്രവർത്തിക്കുക. അതാണ് ഏറ്റവും വലിയ ദക്ഷിണ. എന്നും തിരുമേനി ഉപദേശിക്കും– ഏബ്രഹാം മാർ പൗലോസ് പറയുന്നു. ‘കൊച്ചച്ചന്റെ ലിഫ്റ്റിങ്ങും ക്രിസോസ്റ്റം തിരുമേനിയുടെ സ്മാഷും’ അന്നു സെമിനാരിയുടെ കോർട്ടിൽ പ്രസിദ്ധമായിരുന്നെന്നു മാർത്തോമ്മാ സഭാ ആസ്ഥാനത്തെ വികാരി ജനറൽ ആയിരുന്ന റവ. എൻ.എം. ചെറിയാൻ ഓർമിക്കുന്നു.
വോളിബോൾ പ്രിയനായിരുന്നു മാർ ക്രിസോസ്റ്റം. നല്ല ഉയരവും ആരോഗ്യവുമുള്ള ശരീരമായതിനാൽ കോർട്ടിലെ അഴകും കരുത്തുമായിരുന്നു. സഭയുടെ കീഴിൽ കോട്ടയത്തിനു കിട്ടിയ ആദ്യ ബിഷപ്; യുവാക്കളുടെ കൂട്ടുകാരനായി മാറിയ വൈദികൻ. ഇങ്ങനെ വിശേഷണങ്ങൾ ഏറെ. അന്നേ തമാശകൾ പറയും. മാർത്തോമ്മാ സെമിനാരിയുടെ പ്രിൻസിപ്പലായിരുന്ന കാലത്ത് സ്പോർട്സിനെ ഏറെ പ്രോത്സാഹിപ്പിച്ചു. സെമിനാരിയിൽ പഠിക്കുന്ന കുട്ടികളുമൊത്ത് എന്നും വൈകിട്ട് പന്തു കളിക്കും. വോളിബോളിനെപ്പറ്റി പറഞ്ഞു കൊടുക്കും. അങ്ങനെ അവരുടെ കോച്ചുമായി.– റവ. എൻ.എം. ചെറിയാൻ പറഞ്ഞു.
സഭയ്ക്കു വേണ്ടി വലിയ കെട്ടിടങ്ങൾ നിർമിക്കുന്നതല്ല, പാവപ്പെട്ടവരെ സാമ്പത്തികമായും മറ്റും സഹായിക്കുന്നതാണ് യഥാർഥ ദൈവികജോലിയെന്ന് അദ്ദേഹം എല്ലാവരെയും പഠിപ്പിച്ചു. നിർധനരായവർക്ക് വീടു വച്ചു നൽകിയതൊക്കെ അദ്ദേഹത്തിന്റെ കാലത്തെ നല്ല ഓർമകളാണെന്നും റവ.എൻ.എം. ചെറിയാൻ പറയുന്നു. പള്ളി വികാരിയായിരിക്കെ കായികമത്സരങ്ങളിൽ സജീവമായിരിക്കുകയും ചെയ്ത തിരുമേനിയെ മാർത്തോമ്മാ സെമിനാരിയിൽ നിന്നു വിരമിച്ച അധ്യാപകൻ ഇ.സി. സക്കറിയയും ഓർമിക്കുന്നു. 1952–53–ലാണ് മാങ്ങാനം സെന്റ് പീറ്റേഴ്സ് പള്ളിയിൽ വലിയ മെത്രാപ്പൊലീത്ത സേവനം അനുഷ്ഠിച്ചത്.
ഒരു വർഷം കഴിഞ്ഞപ്പോഴേക്കും അദ്ദേഹം എപ്പിസ്കോപ്പയായി സ്ഥാനാരോഹണം ചെയ്യപ്പെട്ടു. പള്ളിയുടെ വകയായി നടത്തിയിരുന്ന കായികമത്സരങ്ങളിൽ അന്ന് തിരുമേനിയും ചേരുമായിരുന്നു. ചാക്കിൽ കയറി നിന്ന് എതിരാളികളെ ഇടിച്ചു കളത്തിനു പുറത്താക്കുന്ന കളിയാണ് ചാക്കിലിടി മത്സരം. അതിൽ എപ്പോഴും തിരുമേനിക്കായിരുന്നു സമ്മാനം. സംവിധായകൻ ബ്ലെസി തയാറാക്കിയ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ടാണ് മാർ ക്രിസോസ്റ്റം അവസാനമായി മാങ്ങാനം സെന്റ് പീറ്റേഴ്സ് പള്ളിയിൽ എത്തിയതെന്ന് ഇടവകാംഗം സി.ജെ. കുര്യൻ ഓർമിക്കുന്നു. അന്ന് ഒരു ദിവസത്തെ എല്ലാ ചടങ്ങുകൾക്കും മാർ ക്രിസോസ്റ്റം കാർമികത്വം വഹിച്ചു.