ADVERTISEMENT

ചങ്ങനാശേരി ∙ ശതോത്തര രജത ജൂബിലി നിറവിൽ ജനറൽ ആശുപത്രി. ചങ്ങനാശേരിക്കു പുറമേ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ നിന്നുള്ള ആളുകൾ വരെ ആശ്രയിക്കുന്ന ജനറൽ ആശുപത്രി ജീവനക്കാർ ഇന്നലെ സ്ഥാപനത്തിന്റെ ശതോത്തര രജത ജൂബിലി തിളക്കത്തിനിടയിലും കോവിഡ് രോഗികളെ രക്ഷിക്കുന്ന പ്രവർത്തനങ്ങളിലായിരുന്നു.

ചരിത്രം ഇങ്ങനെ

ചങ്ങനാശേരിയിൽ ആശുപത്രി ഇല്ലാതിരുന്നതിനാൽ ജനങ്ങൾ ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നതായി തിരുവിതാംകൂർ ഗവൺമെന്റിലേക്കു പല തവണ അപേക്ഷിച്ചതിന്റെ തുടർച്ചയായി ജനങ്ങൾ ചെലവ് ചെയ്ത് നിർമാണം നടത്തിയാൽ ഒരു അപ്പോത്തിക്കരിയെ ഇവിടേക്കു നിയമിക്കാമെന്നും മരുന്നുകൾ സർക്കാരിൽ നിന്നു കൊടുക്കാമെന്നു സമ്മതിച്ച് ദിവാൻ ശങ്കരസുബ്ബയ്യർ അനുമതി നൽകിയതോടെയാണ് ചങ്ങനാശേരിയിൽ ആശുപത്രി രൂപപ്പെടുന്നത്. 

കത്തിടപാടുകൾക്കു നേതൃത്വം നൽകിയ ഫാ.സിറിയക് കണ്ടങ്കരിയുടെ നേതൃത്വത്തിൽ ഉടൻ തന്നെ വിവിധ വിഭാഗങ്ങളിലുള്ള ആളുകളുടെ യോഗം വിളിച്ചു ചേർക്കുകയും നിർമാണത്തിനായി 500 രൂപ കണ്ടെത്തുകയും ചെയ്തു. യോഗത്തിൽ പങ്കെടുത്ത പരപ്പനങ്ങാട് രാജരാജവർമ തമ്പുരാൻ 100 രൂപയാണ് നിർമാണത്തിനായി അന്ന് നൽകിയത്. സെന്റ് മേരീസ് മെത്രാപ്പൊലീത്തൻ പള്ളി ആശുപത്രിക്കായി 12 സെന്റ് സ്ഥലം നൽകിയെന്നും ബാക്കി ജനങ്ങളിൽ നിന്നു ഏറ്റെടുക്കുകയായിരുന്നു എന്നുമാണ് ചരിത്രം.

തിളക്കമാർന്ന 125 വർഷങ്ങൾ

1895 മേയ് 8ന് ആശുപത്രി ഉദ്ഘാടനം ചെയ്തു. ഫാ. റെക്കോർഡ്സിന്റെ അധ്യക്ഷതയിലായിരുന്നു സമ്മേളനം. ആശുപത്രിക്കായി പള്ളി നൽകിയ താൽക്കാലിക കെട്ടിടത്തിന്റെ താക്കോൽ ഫാ.സിറിയക് കണ്ടങ്കരി , മജിസ്ട്രേട്ടിനെ ഏൽപിച്ചു. ഡോ.തോമസ് കോര ആയിരുന്നു ആദ്യ അപ്പോത്തിക്കരി. ജില്ലാ ഡിസ്പൻസറി എന്നായിരുന്നു ആദ്യ പേര്.തുടർന്നു വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോയ ആശുപത്രി നിലവിൽ ജില്ലയിലെ തന്നെ ഏറ്റവും മികച്ച ജനറൽ ആശുപത്രികളുടെ പട്ടികയിൽ ഉൾപ്പെടുന്നു.

ജനറൽ മെഡിസിൻ, ഒഫ്താൽമോളജി, ഇഎൻടി, ജനറൽ സർജറി, ഓർത്തോ, അനസ്തീസിയ, ഡെർമറ്റോളജി, ഗൈനക്കോളജി, സൈക്യാട്രി, പീഡിയാട്രിക് ഉൾപ്പെടെ പ്രധാന ഡിപ്പാർട്മെന്റുകൾ എല്ലാം ആശുപത്രിയിൽ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടസമുച്ചയങ്ങൾ നിർമിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്. മൾട്ടി സ്പെഷ്യൽറ്റി വിഭാഗങ്ങളും ഫൊറൻസിക് സർജന്റെ സേവനവും ആധുനിക ചികിത്സാ സൗകര്യങ്ങളും അത്യാധുനിക പേ വാർഡും ആശുപത്രിയിൽ എത്തിക്കണമെന്ന് ആവശ്യമുണ്ട്.

ആഘോഷം ഇല്ല

കഴിഞ്ഞ വർഷം ശതോത്തര രജത ജൂബിലി വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നതിനുള്ള ആലോചനകളുമായി മുൻപോട്ടു പോയപ്പോഴാണ് കോവിഡ് പ്രതിസന്ധി ഉടലെടുത്തത്. ഇതോടെ ആഘോഷം ഒഴിവാക്കി. രജത ജൂബിലി സമാപന ദിനമായ ഇന്നലെ വിരമിച്ച ജീവനക്കാരെ പങ്കെടുപ്പിച്ചു യോഗം നടത്താൻ ആലോചിച്ചെങ്കിലും ലോക്ഡൗൺ ആയതിനാൽ ആ ചടങ്ങും ഉപേക്ഷിച്ചു. ആശുപത്രിയുടെ ചരിത്രം ഉൾപ്പെടുത്തി ശതോത്തര രജത ജൂബിലി സ്മരണിക പുറത്തിറക്കാൻ സ്റ്റാഫ് കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com